ചാഞ്ഞും ചെരിഞ്ഞും, മൃദുഭാഷണത്തില്‍ പ്രേമവും ക്രൌര്യവും ഒരുപോലെ നിറച്ചും മലയാളിയുടെ മനസില്‍ കുടിയേറിയ അഭിനയചക്രവര്‍ത്തി പിറന്നാള്‍ നിറവില്‍. മലയാളികള്‍ ലാലേട്ടന്‍ എന്നു വിളിച്ച് നെഞ്ചോട് ചേര്‍ക്കുന്ന ഈ പ്രതിഭാസം വെള്ളിത്തിരയില്‍ വിസ്മയമായിട്ട് വര്‍ഷം മുപ്പത്തഞ്ച് പിന്നിടുന്നു. ഇന്നും ഒളിമങ്ങാതെ നിരന്തരം ഹിറ്റുകളുടെ പ്രളയം സൃഷ്ടിക്കുന്നു മോഹന്‍ലാല്‍ വിശ്വനാഥന്‍ നായരെന്ന 54കാരന്‍. അതെ മലയാളിയുടെ അഭിനയവിസ്മയത്തിന് ആരാധകരുടെ മനസില്‍ ഇപ്പോഴും പ്രായം കുറവാണ്.
1960 മേയ് 21-ന് പത്തനംതിട്ടയിലെ ഇലന്തൂരില്‍ ജനനം. തിരുവനന്തപുരത്തെ മുടവന്‍മുകളിലെ തറവാട്ട് വീട്ടില്‍ കുട്ടിക്കാലം. 1978-ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഹിറ്റ് ചിത്രം പുറത്തിറങ്ങുമ്പോള്‍ ലാലിന് വയസ് 20. അന്നുതൊട്ട് ഇന്നോളം തിരിഞ്ഞുനോക്കിയിട്ടില്ല മോഹന്‍ലാല്‍. സൌന്ദര്യവും ആകാരവടിവും കനത്ത ശബ്ദവും മാനദണ്ഡമാക്കി അഭിനേതാവിനെ നിര്‍വചിച്ചിരുന്ന അഭിനയലോകത്ത് അതിനെയെല്ലാം മറികടന്നാണ് ലാല്‍ എന്ന നടന്‍ ഉയര്‍ന്നുവരുന്നത്. ആകാരഭംഗിയില്ലാത്ത നടനെന്ന് വിധിയെഴുതിയ മാധ്യമങ്ങളെക്കൊണ്ട് അഭിനയകലയുടെ തമ്പുരാന്‍ എന്ന് എഴുതിച്ചതും നടനവൈഭവത്തിന്റെ ഈ ‘ലാലിസം’ തന്നെ.
ഹിന്ദി, തമിഴ് അടക്കം വിവിധ ഭാഷകളിലും സാന്നിധ്യമറിയിച്ചു. പെരുമാറ്റത്തിലും ഭാവത്തിലുമെല്ലാം ഒരു ആത്മീയതലം കൂടിയുണ്ട് മലയാളിയുടെ മഹാനടന്. വിജയത്തിലും പരാജയത്തിലും ലാല്‍ എന്ന നടന് അമിതാഹ്ലാദങ്ങളില്ല. ആരാധകരുടെ ആശംസകള്‍ക്കും ആഘോഷങ്ങള്‍ക്കും നടുവിലും പിറന്നാള്‍ ദിനത്തിലും ലാലിന് ആഘോഷങ്ങള്‍ നന്നേ കുറവ്. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ലാലിന്റെ പിറന്നാള്‍ വൈറലാണ്. പുതിയ ചിത്രമായ പെരുച്ചാഴിയുടെ അണിയറക്കാര്‍ ട്രെയ്‌ലര്‍ ഇറക്കിയാണ് പിറന്നാള്‍ ആഘോഷിച്ചത്. അപ്പോഴും സ്വതസിദ്ധമായ ചിരിയോടെ ഒന്നു തലചെരിക്കുക മാത്രമാണ് ലാല്‍, ഇനിയും ആരാധകര്‍ക്കൊപ്പമെന്ന വാക്കോടെ.