രാജ്കപൂര്‍ വിടവാങ്ങിയിട്ട് 20 വര്‍ഷം

WDWD
ഇന്ത്യന്‍ സിനിമയിലെ ചരിത്ര പുരുഷന്‍ രാജ് കപൂര്‍ അന്തരിച്ചിട്ട് 2008 ജൂണ്‍ 2 ന് 20 വര്‍ഷം തികയുന്നു. പ്രായമേറേ ആകുന്നതിനു മുമ്പ് അറുപത്തിമൂന്നാം വയസ്സിലായിരുന്നു 1988 ജൂണ്‍ 2 ന് അപ്രതീക്ഷിതമായി രാജ് കപൂറിന്‍റെ അന്ത്യമുണ്ടാവുന്നത്.

ഇന്ത്യന്‍ സിനിമാ രംഗത്തിന് വമ്പിച്ച സംഭാവനകള്‍ നല്‍കിയ കുടുംബമാണ് രാജ്കപൂറിന്‍റേത്. അച്ഛന്‍ പൃഥ്വീരാജ് കപൂര്‍ മുന്‍ തലമുറയിലെ കരുത്തുറ്റ നടനായിരുന്നു. രാജ് കപൂര്‍, സഹോദരന്‍‌മാരായ ഷമ്മി കപൂര്‍, ശശി കപൂര്‍ എന്നിവര്‍ പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ സിനിമാ രംഗം അടക്കി വാണു.

രാജ് കപൂറിന്‍റെ മക്കളായ രണ്‍‌ധീര്‍ കപൂറും ഋഷി കപൂറും നടന്‍‌മാരായിരുന്നു. രണ്‍‌ധീറിന്‍റെ മക്കള്‍ കരിഷ്മയും കരീനയും ഇപ്പോഴിതാ ഋഷികപൂറിന്‍റെ മകന്‍ രണ്‍ബീര്‍ കപൂറും വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്നു.

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ രാജ് കപൂര്‍ 1935 മുതല്‍ 85 വരെ ഹിന്ദി സിനിമാ രംഗത്തെ അതികായനായിരുന്നു. പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായിരുന്ന പെഷവാറില്‍ 1924 ഡിസംബര്‍ പതിനാലിനായിരുന്നു രാജ് കപൂറിന്‍റെ ജനനം.


PROPRO
പാകിസ്ഥാനില്‍ ഉള്‍പ്പെടുന്ന പഞ്ചാബ് പ്രവിശ്യയിലെ ല്യാല്‍‌പൂര്‍ എന്നറിയപ്പെട്ടിരുന്ന ഫൈസലാബാദില്‍ നിന്നാണ് കപൂര്‍ കുടുംബത്തിന്‍റെ വരവ്. രണ്‍ബീര്‍ രാജ്കപൂര്‍ എന്നായിരുന്നു അദ്ദേഹത്തിന് പേരിട്ടത്.

നാടക സിനിമാ നടന്‍ പൃഥ്വീരാജ് കപൂറും രമാ സര്‍നി ദേവി നീ മെഹ്‌റയുമായിരുന്നു മാതാപിതാക്കള്‍. ഊര്‍മ്മിള സിയാല്‍ ഏകസഹോദരിയാണ്. 1946 ല്‍ ഇരുപത്തിരണ്ടാം വയസ്സില്‍ രാജ് കപൂര്‍ ജബല്‍‌പൂരിലെ യാഥാസ്ഥിതിക കുടുംബത്തില്‍ പെട്ട കൃഷ്ണ മല്‍‌ഹോത്രയെ വിവാഹം ചെയ്തു.

നടി നര്‍ഗ്ഗീസുമായും തെന്നിന്ത്യന്‍ നടി പത്മിനിയുമായും രാജ്കപൂറിന് പ്രണയ ബന്ധം ഉണ്ടായിരുന്നു എന്ന് സംസാരമുണ്ട്.

രാജ് കപൂറിന്‍റെ സിനിമകള്‍ ആഗോള വിജയങ്ങളായിരുന്നു. ഒരുകാലത്ത് സോവിയറ്റ് യൂണിയനിലെ ഏറ്റവും അറിയപ്പെടുന്ന ഇന്ത്യക്കാരന്‍ നെഹ്‌റു കഴിഞ്ഞാല്‍ രാജ്കപൂറായിരുന്നു. ആഫ്രിക്കയിലും ചീനയിലും ഗള്‍ഫ് നാടുകളിലും രാജ് കപൂറിന് ആരാധകരുണ്ടായിരുന്നു.

സിനിമാ ചരിത്രകാരന്‍‌മാര്‍ അദ്ദേഹത്തെ ഇന്ത്യയിലെ ചാര്‍ളി ചാപ്ലിന്‍ എന്ന് വിശേഷിപ്പിക്കുന്നു. സാധാരണക്കാരനായി വേഷമിട്ടുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാര്‍ക്കിടയില്‍ രാജ് കപൂര്‍ സ്ഥാനം നേടി.


PROPRO
കിദാര്‍ ശര്‍മ്മയുടെ ക്ലാപ് ബോയ് ആയി പതിനൊന്നാം വയസ്സില്‍ - 1935 ല്‍ - ഇങ്ക്വിലാബ് എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം സിനിമാ രംഗത്തെത്തിയത്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ശേഷം 1947 ലാണ് നീല്‍ കമല്‍ എന്ന ചിത്രത്തില്‍ മധുബാലയുടെ നായകനാ‍യി രാജ് കപൂര്‍ നായക വേഷത്തിലെത്തിയത്.

1948 ല്‍ ഇരുപത്തിനാലാം വയസ്സില്‍ അദ്ദേഹം ആര്‍.കെ.ഫിലിംസ് എന്ന പേരില്‍ സ്വന്തം സ്റ്റുഡിയോ മുംബൈയില്‍ ആരംഭിച്ചു. അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനുമായിരുന്നു. ആഗ് ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യത്തെ സിനിമ. നര്‍ഗ്ഗീസായിരുന്നു അതിലെ നായിക.

അന്താസ്സില്‍ അദ്ദേഹം വീണ്ടും നര്‍ഗ്ഗീസിന്‍റെ നായകനായി. ബര്‍സാത്, ആവാര, ശ്രീ 420, ചോരി ചോരി, ജിസ് ദേശ് മേം ഗംഗാ ബെഹ്‌തീ ഹൈ തുടങ്ങിയ സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു.

ഹിന്ദിയിലെ ആദ്യത്തെ വര്‍ണ്ണ ചിത്രമായ സര്‍ഗ്ഗം 1964 ലാണ് അദ്ദേഹം നിര്‍മ്മിച്ച് അഭിനയിച്ചത്. 1970 ല്‍ അദ്ദേഹം നിര്‍മ്മിച്ച മേരാ നാം ജോക്കര്‍ ആറ് കൊല്ലത്തെ തപസ്യയുടെ ഫലമായിരുന്നു. പത്മിനിയായിരുന്നു നായിക. തെന്നിന്ത്യന്‍ നായികയായ വൈജയന്തിമാലയും രാജ് കപൂറിന്‍റെ നായികമാരില്‍ ഒരാളായിരുന്നു.


PROPRO
1971 ല്‍ മൂത്ത മകന്‍ രണ്‍‌ധീര്‍ കപൂറിനൊപ്പം അദ്ദേഹം അഭിനയിച്ച കല്‍ ആജ് ഔര്‍ കല്‍ എന്ന ചിത്രത്തില്‍ അച്ഛന്‍ പൃഥ്വീരാജ് കപൂറും മരുമകള്‍ ബബിതയും അഭിനയിച്ചിരുന്നു.

1973 ലാണ് രണ്ടാമത്തെ മകന്‍ ഋഷികപൂറിനെ അദ്ദേഹം സിനിമയിലേക്ക് കയറ്റിവിടുന്നത്. ഡിമ്പിള്‍ കപാഡിയയുടെ നായകനായി ഋഷി അഭിനയിച്ച ബോബി അക്കാലത്തെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.

സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി എഴുപതുകളിലും എമ്പതുകളിലും അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളാണ് സത്യം ശിവം സുന്ദരം (സീനത്ത് അമന്), പ്രേം രോഗ് (പത്മിനി കോലാപൂരി), രാം തേരി ഗംഗാ മൈലീ (മന്ദാകിനി) എന്നിവ.

രാജ് കപൂറിന്‍റെ അവസാന ചിത്രം 1982 ല്‍ ഇറങ്ങിയ വക്കീല്‍ ബാബുവായിരുന്നു. 1984 ല്‍ ബ്രിട്ടീഷ് ടെലിവിഷനു വേണ്ടി നിര്‍മ്മിച്ച ‘കിം’ ലും അദ്ദേഹം ഒരു തമാശ കഥാപാത്രത്തെ അവതരിപ്പിച്ചു.

ഇന്തോ പാകിസ്ഥാനി പ്രണയകഥയായ ഹെന്നയുടെ ജോലിയിലിരിക്കവെ ആസ്മാ ബാധിതനായ അദ്ദേഹം 1988 ല്‍ അന്തരിച്ചു. ഈ പടം മകന്‍ രണ്‍ധീര്‍ കപൂര്‍ പൂര്‍ത്തിയാക്കുകയും വന്‍ വിജയം കൈവരിക്കുകയും ചെയ്തു.

സംഗീത സംവിധായകരായ ശങ്കര്‍-ജയകിഷന്‍ രാജ് കപൂറിന്‍റെ ഇരുപതോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ജയകിഷന്‍റെ മരണത്തെ തുടര്‍ന്ന് ബോബിയിലാണ് അദ്ദേഹം ലക്ഷ്മീകാന്ത്-പ്യാരേലാലിനെ പരീക്ഷിച്ചത്. രാജ് കപൂറിനു വേണ്ടി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത് ഗായകന്‍ മുകേഷായിരുന്നു. മന്നാഡേയും കുറച്ചു പാട്ടുകള്‍ പാടിയിട്ടുണ്ട്.