ജഗതി, ഇന്നസന്‍റ്, സലിംകുമാര്‍ തുടങ്ങിയ താരങ്ങള്‍ മികച്ച ടൈമിങ്ങോടെ മലയാളസിനിമയില്‍ ഹാസ്യം കൈകാര്യം ചെയ്യുന്നവരാണ്. എന്നാല്‍, ഇവര്‍ക്ക് പിന്തുണയേകി സിനിമയില്‍ ഹാസ്യം കൈക്കാര്യം ചെയ്യുന്ന നടികള്‍ വളരെ കുറവാണ്. ഈ വിരളമായ കൂട്ടത്തിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ബിന്ദു പണിക്കര്‍.
ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങി മലയാള സിനിമയ്‌ക്ക് മികച്ച ഹാസ്യ തിളക്കം നല്‍കുന്നതില്‍ വരെ അവര്‍ വളര്‍ന്നതിന് പിന്നില്‍ കഠിനമായ അദ്ധ്വാനവും സിനിമയോടുള്ള ആത്മാര്‍ത്ഥയുമുണ്ട്. ഗൌരവപ്രധാന വേഷങ്ങളും ബിന്ദുവിന്‍റെ കൈയ്യില്‍ സുരക്ഷിതം.
സൂത്രധാരനിലെ ചങ്കൂറ്റമുള്ള കഥാപാത്രം ബിന്ദുവിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്. ജോക്കറിലെ അടുക്കളക്കാരിയുടെ വേഷവും ബിന്ദു ഗംഭീരമാക്കി. എന്നാല്‍ ഇപ്പോള്‍ ഹാസ്യവേഷങ്ങളാണ് അവര്‍ കൂടുതല്‍ ചെയ്യുന്നത്.
സ്വാഭാവികമായ അഭിനയം ബിന്ദുപണിക്കറില്‍ നമുക്ക് ദര്‍ശിക്കാം. ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ സ്ഥാനത്തും അസ്ഥാനത്തുമുള്ള ബിന്ദു പണിക്കറുടെ കഥാപാത്രത്തിന്‍റെ ഇംഗ്ലീഷ് പറച്ചില്‍ ആസ്വാദകര്‍ ഒരുപാട് ആസ്വദിച്ചിരുന്നു. ഒരു കുശുമ്പിയായ നാട്ടിന്‍പുറത്തുകാരിയുടെ മുഖഭാവം ഇവരുടെ കഥാപാത്രങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. അതേസമയം ബിന്ദു ജീവിതത്തില്‍ ഒരു സാധുവാണെന്നതാണ് സത്യം.
ദാമോദര പണിക്കരുടേയും നീനയുടേയും മകളായി 1972 ഏപ്രില്‍ 2 നാണ് ബിന്ദു ജനിച്ചത്. എറണാകുളം വിദ്യാ നികേതനിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഭര്‍ത്താവ് ബിജു വി നായര്‍ അന്തരിച്ചു.
നാറാണത്ത് തമ്പുരാന്‍ ,വാത്സല്യം, അരയന്നങ്ങളുടെ വീട് , വിസ്മയം , ദി കിംഗ്, കാബൂളിവാല, കമലദളം (ആദ്യ പടം) എന്നിവയാണ് ബിന്ദു പണിക്കര്‍ അഭിനയിച്ച പ്രധാന സിനിമകള്‍ . എം.ടി.യുടെ നാലുകെട്ടിന്‍റെ ടി വി ആവിഷ്കാരത്തിലും ബിന്ദു വിന് നല്ലൊരു റോള്‍ കിട്ടിയിരുന്നു. നായക കഥാപാത്രമായ അപ്പുണ്ണിയുടെ അമ്മയായിട്ടാണ് അവര്‍ അഭിനയിച്ചത്.