ഈ വര്‍ഷം അടിച്ചുപൊളിച്ചത് പൃഥ്വിരാജ്, അഭിനയത്തില്‍ സൂപ്പര്‍സ്റ്റാറുകളെയും മറികടന്നു!

ബുധന്‍, 18 ഡിസം‌ബര്‍ 2013 (17:18 IST)
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ‘അയാളും ഞാനും തമ്മില്‍’ എന്ന പൃഥ്വിരാജ് ചിത്രം പുറത്തുവന്നത്. ലാല്‍ ജോസ്
PRO
സംവിധാനം ചെയ്ത ആ ചിത്രം പൃഥ്വിരാജിന്‍റെ പക്വതയാര്‍ന്ന അഭിനയമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ പുതിയ ഉയരങ്ങളിലേക്ക് പൃഥ്വിയെ എത്തിച്ച സിനിമയായിരുന്നു അത്.


ആ സിനിമ മുതല്‍ ഒരു വലിയ മാറ്റം പൃഥ്വിയില്‍ പ്രകടമായി. കാമ്പുള്ള സിനിമകളിലേ ഇനി മുതല്‍ അഭിനയിക്കുകയുള്ളൂ എന്ന തീരുമാനമുണ്ടായത് അങ്ങനെയാണ്. വെറുതെ പറന്നുനടന്ന് ഇടിക്കുന്ന നായകന്‍റെ കഥ പറയുന്ന ചിത്രങ്ങളോടുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടു എന്നും പൃഥ്വി വ്യക്തമാക്കി.

2013 പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വര്‍ഷമാണ്. അഭിനയക്കരുത്തിന്‍റെ കാര്യത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും വെല്ലുവിളി ഉയര്‍ത്താന്‍ പര്യാപ്തനായിരിക്കുന്നു മലയാളത്തിന്‍റെ ഈ അഭിമാനതാരം.

അടുത്ത പേജില്‍ - കലാമൂല്യവുമുണ്ട്, വന്‍ ഹിറ്റും!

PRO
കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ ആണ് പൃഥ്വിരാജിന്‍റേതായി ഈ വര്‍ഷം ആദ്യം എത്തിയ ചിത്രം. ഫെബ്രുവരി 15നാണ് ഈ സിനിമ റിലീസായത്. മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്‍റെ ജീവിതത്തെ ആധാരമാക്കിയെടുത്ത ഈ സിനിമയില്‍ ഡാനിയലായി പൃഥ്വി മിന്നിത്തിളങ്ങി. ആ കഥാപാത്രത്തിന്‍റെ വിവിധ കാലങ്ങളിലൂടെ പൃഥ്വി എന്ന നടന്‍റെ സഞ്ചാരം വിസ്മയാവഹമായിരുന്നു. അതിനുള്ള അംഗീകാരം കൂടിയായിരുന്നു മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം. ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമയിലെ പ്രകടനം കൂടി വിലയിരുത്തിയായിരുന്നു ആ അവാര്‍ഡ്.

സെല്ലുലോയ്ഡ് തിയേറ്ററുകളിലും നേട്ടമായി. മൂന്നുകോടി അറുപത് ലക്ഷം രൂപയായിരുന്നു ആ ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ്. തിയേറ്ററുകളില്‍ നിന്നുമാത്രം എട്ടരക്കോടി രൂപ ചിത്രം കളക്ട് ചെയ്തു.

അടുത്ത പേജില്‍ - ഈ വേഷം ചെയ്യാന്‍ പൃഥ്വിക്കേ ധൈര്യമുള്ളൂ!

PRO
മേയ് മൂന്നാം തീയതിയാണ് ‘മുംബൈ പൊലീസ്’ റിലീസായത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഈ സിനിമ സഞ്ജയ് - ബോബി ടീമിന്‍റെ തിരക്കഥയായിരുന്നു. മലയാള സിനിമ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു പ്രമേയത്തിന്‍റെ ബ്രില്യന്‍റായ ആവിഷ്കാരമായിരുന്നു മുംബൈ പൊലീസ്. ആന്‍റണി മോസസ് എന്ന സ്വവര്‍ഗാനുരാഗിയായ പൊലീസ് ഉദ്യോഗസ്ഥന്‍ പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

ഒരേസമയം നായകനും വില്ലനുമായിരുന്നു മുംബൈ പോലീസില്‍ പൃഥ്വിരാജ്. ആന്‍റണി മോസസ് എന്ന കര്‍ക്കശക്കാരനായ പൊലീസ് ഓഫീസറായും കണ്ടുപിടിക്കപ്പെടുമ്പോള്‍ നിസഹായനായിപ്പോകുന്ന സ്വവര്‍ഗാനുരാഗിയായും അപമാനവും പകയും മൂലം എന്ത് ക്രൂരകൃത്യം ചെയ്യാനും കൈവിറയ്ക്കാത്ത കൊടിയ വില്ലനായും കുറ്റബോധത്താല്‍ നീറുന്ന ആത്മാര്‍ത്ഥ സുഹൃത്തായുമൊക്കെ പൃഥ്വി തകര്‍ത്തഭിനയിച്ച ഈ സിനിമ വലിയ ഹിറ്റായി മാറുകയും ചെയ്തു.

അടുത്ത പേജില്‍ - ഹിന്ദിയിലും സ്റ്റാര്‍!

PRO
ആദിത്യ ചോപ്ര നിര്‍മ്മിച്ച് അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്ത ‘ഔറംഗസേബ്’ എന്ന ഹിന്ദിച്ചിത്രം മേയ് 17നാണ് റിലീസായത്. അര്‍ജുന്‍ കപൂര്‍ ആയിരുന്നു നായകനെങ്കിലും സിനിമയില്‍ തിളങ്ങിയത് പൃഥ്വിരാജായിരുന്നു. സിനിമ പൂര്‍ണമായും പൃഥ്വിരാജ് അവതരിപ്പിച്ച ആര്യ ഫോഗത് എന്ന എ സി പിയുടെ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

20 കോടി രൂപയായിരുന്നു ഈ സിനിമയുടെ മുതല്‍മുടക്ക്. തിയേറ്ററുകളില്‍ നിന്ന് മാത്രം ഔറംഗസേബ് 23 കോടി രൂപ കളക്ഷന്‍ നേടി. ഈ സിനിമയോടെ ബോളിവുഡിലും മികച്ച നടന്‍ എന്ന പേരുണ്ടാക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞു.

അടുത്ത പേജില്‍ - അഭിനയവൈവിധ്യത്തിന്‍റെ ‘ഓര്‍മ്മകള്‍’

PRO
‘മെമ്മറീസ്’ എന്ന സിനിമ സംവിധാനം ചെയ്തത് ജീത്തു ജോസഫായിരുന്നു. മുംബൈ പോലീസിനും ഔറംഗസേബിനും ശേഷമെത്തിയ ഈ ചിത്രത്തിലും പൃഥ്വിരാജിന് പൊലീസ് വേഷമായിരുന്നു. ഓഗസ്റ്റ് ഒമ്പതിന് റിലീസായ ചിത്രത്തില്‍ സാം അലക്സ് എന്ന മദ്യത്തിനടിമയായ പൊലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് അഭിനയിച്ചത്.

ഏറെ നിരൂപകപ്രശംസ നേടിയ ഈ സിനിമ മെഗാഹിറ്റായി മാറുകയും ചെയ്തു. മേഘ്ന രാജും മിയയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.