തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നടി നയൻതാര സിനിമാലോകത്ത് അറിയപ്പെടുന്നത്. വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുമ്പോഴും സ്വകാര്യതയ്ക്ക് വില നൽകി അഭിമുഖങ്ങളിൽ നിന്നും പ്രോമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു നയൻതാര. ഇപ്പോൾ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനസ്സ് തുറന്നിരിക്കുകയാണ് താരം. വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് താരം മനസ്സ് തുറന്നത്.
ഞാൻ പ്രധാന കഥാപാത്രമാകുന്ന സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളിൽ, ഭർത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രകഥാപാത്രമാക്കിയുള്ള കഥകളുമായി സംവിധായകർ വരും. അത് ആവശ്യമാണോയെന്നാണ് ഞാൻ ചോദിക്കാറുള്ളത്'- നയൻതാര പറയുന്നു.
എന്തുകൊണ്ടാണ് എല്ലായപ്പോഴും പുരുഷന്മാർക്കും മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്നമെന്തെന്നാൽ സ്ത്രീകൾ ഇപ്പോഴും കമാൻഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് പറയാൻ അവർക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെൻഡർ കാര്യമില്ല. നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഞാൻ പറയുന്നത് കേൾക്കണം'- പുരുഷാധിപത്യത്തെക്കുറിള്ള ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ.
ഞാൻ ചിന്തിക്കുന്നത് എന്താണെന്നും ലോകം അറിയാൻ എനിക്ക് താൽപര്യമില്ല. ഞാൻ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ എനിക്ക് നിൽക്കാനകില്ല, പിന്നെ പല തവണയും മാധ്യമങ്ങൾ ഞാൻ പറഞ്ഞതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്, വളച്ചൊടിച്ചിട്ടുണ്ട്. അതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്. എന്റെ ജോലി അഭിനയമാണ്.. ബാക്കി സിനിമ സംസാരിക്കട്ടെ;'- താരം വ്യക്തമാക്കി.