‘ഒപ്പം’ കോപ്പിയടിയാണെന്ന് ആരാണ് പറഞ്ഞത്? ഈ മോഹന്‍ലാല്‍ ചിത്രം തന്‍റേതുമാത്രമാണെന്ന് പ്രിയദര്‍ശന്‍ !

വ്യാഴം, 30 ജൂണ്‍ 2016 (14:26 IST)
മോഹന്‍ലാലിന്‍റെ പുതിയ ചിത്രം ‘ഒപ്പം’ ഷൂട്ടിംഗ് പൂര്‍ത്തിയായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ക്രൈം ത്രില്ലറാണ്. മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. 
 
ഫോര്‍ ഫ്രെയിംസിലാണ് സിനിമയുടെ എഡിറ്റിംഗ് ജോലികള്‍ നടക്കുന്നത്. ഓണം റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒപ്പം ഒരു കോപ്പിയടിയോ റീമേക്കോ അല്ലെന്ന് പ്രിയദര്‍ശന്‍ തന്നെ വ്യക്തമാക്കുന്നു.
 
ചില ഹോളിവുഡ് സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രിയദര്‍ശന്‍ ഒപ്പം ഒരുക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് പ്രിയന്‍ പറയുന്നത്. 
 
ഒപ്പം തന്‍റെ ഒറിജിനല്‍ സൃഷ്ടിയാണെന്നും ആര്‍ക്കും അതിന്‍റെ കഥയില്‍ അവകാശവാദം ഉന്നയിക്കാനാവില്ലെന്നും പ്രിയന്‍ പറയുന്നു. ഗോവിന്ദ് വിജയന്‍ എന്ന എഴുത്തുകാരനില്‍ നിന്ന് കേട്ട ഒരു ഒറ്റവരിക്കഥയില്‍ നിന്നാണ് താന്‍ ഒപ്പം എന്ന സിനിമ ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രിയന്‍ വെളിപ്പെടുത്തി. 
 
അന്ധനായ ജയരാമന്‍ എന്ന ലിഫ്റ്റ് ഓപ്പറേറ്ററായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. അയാളുടെ മുമ്പില്‍ ഒരു കൊലപാതകം നടക്കുന്നു. ആ കൊലപാതകി ആരാണെന്ന് ജയരാമന്‍ കണ്ടെത്തിയില്ലെങ്കില്‍ ആ കൊല ചെയ്തത് ജയരാമനാണെന്ന് എല്ലാവരും സംശയിക്കും. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്തേണ്ട ബാധ്യത ജയരാമന്‍റേതുകൂടിയായിത്തീരുന്നു. എന്നാല്‍ ജയരാമന്‍ അന്വേഷിക്കുന്ന വ്യക്തി അയാള്‍ക്കൊപ്പം തന്നെയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം!
 
വിമലാരാമനും അനുശ്രീയുമാണ് ചിത്രത്തിലെ നായികമാര്‍. സമുദ്രക്കനിയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക