ശ്രീനിവാസനായി അഭിനയിക്കാന്‍ തയ്യാര്‍: സന്തോഷ് പണ്ഡിറ്റ്
വ്യാഴം, 19 ജനുവരി 2012 (12:48 IST)
PRO
“ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് നായകനാകുന്നു” - വാര്‍ത്ത എങ്ങനെയുണ്ട്? നടക്കാത്ത കാര്യമെന്ന് കരുതുന്നുണ്ടാകും അല്ലേ? എന്നാല്‍ ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ സൂചനകള്‍ ലഭിച്ചുതുടങ്ങിയിരിക്കുന്നു. വേണ്ടിവന്നാല്‍ ശ്രീനിവാസനെ കളിയാക്കിക്കൊണ്ട് താന്‍ സിനിമയെടുക്കുമെന്നും സന്തോഷ് പണ്ഡിറ്റിനെ നായകനാക്കുമെന്നുമുള്ള ആന്‍റണി പെരുമ്പാവൂരിന്‍റെ വെല്ലുവിളിയോടെയാണ് പുതിയ സംഭവവികാസങ്ങള്‍.
‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തതാണ് ആന്‍റണിയെ ചൊടിപ്പിച്ചത്. തന്‍റെ പ്രതിഷേധം ആന്‍റണി ‘സരോജ്കുമാറി’ന്‍റെ ക്യാമറാമാനായ എസ് കുമാറിനെ അറിയിച്ചു. ‘ശ്രീനിവാസനെതിരെയുള്ള സിനിമ സന്തോഷ് പണ്ഡിറ്റിനെ വച്ച് ചിത്രീകരിക്കും’ എന്ന് ആന്‍റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നാണ് എസ് കുമാര്‍ പറയുന്നത്.
ഈ വാര്‍ത്തയറിഞ്ഞ സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ് ആഹ്ലാദത്തിലാണ്. ശ്രീനിവാസനായി അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നാണ് പണ്ഡിറ്റ് പറഞ്ഞിരിക്കുന്നത്. അങ്ങനെ ഒരു ഓഫര്‍ ലഭിച്ചാല്‍ എത്ര ഡേറ്റുവേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്ന് പണ്ഡിറ്റ് അറിയിച്ചതോടെ ഇനി ആന്‍റണി പെരുമ്പാവൂരിന്‍റെ അടുത്ത നീക്കങ്ങളിലേക്കാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
സന്തോഷ് പണ്ഡിറ്റിനെ വച്ച് ശ്രീനിവാസനെ കളിയാക്കിക്കൊണ്ടുള്ള സിനിമ ചെയ്യാന്‍ ആന്‍റണി പെരുമ്പാവൂര്‍ തയ്യാറാകുമോ? എങ്കില്‍ ആര് തിരക്കഥയെഴുതും? ആര് സംവിധാനം ചെയ്യും? മോഹന്‍ലാല്‍ ഈ സംരംഭത്തിന് പച്ചക്കൊടി കാട്ടുമോ? ഒട്ടേറെ ചോദ്യങ്ങളുമായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.