ഈ സിനിമ ചെയ്യാമെന്നേറ്റെങ്കിലും രോഗം കടുത്തപ്പോള്‍ താന്‍ പിന്‍മാറിയിരുന്നതായി മംമ്ത ഓര്‍ക്കുന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് ദിലീപ് വീണ്ടും ഈ ചിത്രത്തിലേക്ക് മംമ്തയെ ക്ഷണിക്കുകയായിരുന്നു. മംമ്ത അസുഖം ഭേദമായി മടങ്ങിവരുന്നതുവരെ കാത്തിരിക്കാന്‍ 2 കണ്‍ട്രീസിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങിയപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മംമ്ത തയ്യാറാകുകയായിരുന്നു.
2 കണ്‍ട്രീസില്‍ അഭിനയിക്കുമ്പോള്‍ ദിലീപ് തന്‍റെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി മംമത പറയുന്നു. “പാസഞ്ചര്‍ സിനിമ ചെയ്യുമ്പോള്‍ തന്നെ ദിലീപേട്ടനുമായി വല്ലാത്തൊരു ആത്മബന്ധം എനിക്കുണ്ടായിരുന്നു. മൈ ബോസ് ചെയ്‌തു കഴിഞ്ഞപ്പോള്‍ അതിന് വല്ലാത്ത ഒരു ശക്‌തി വന്നു. ശരിക്കും പറഞ്ഞാല്‍ ഒരു ഏട്ടന്‍ - അനിയത്തി ബന്ധം. 2 കണ്‍ട്രീസിന്റെ ലൊക്കേഷനില്‍ എന്റെ എല്ലാക്കാര്യങ്ങളുടെയും മേല്‍നോട്ടം വഹിച്ചിരുന്നത് ദിലീപേട്ടനായിരുന്നു. സമയത്തിന് മരുന്ന് കഴിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനും എല്ലാം ദിലീപേട്ടന്‍ മുന്‍കൈ എടുത്തു. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ചില സമയത്ത് വേദനകൊണ്ട് ഞാന്‍ കാരവാനില്‍ ഇരിക്കുമ്പോള്‍ ദിലീപേട്ടന്‍ എന്റെയടുത്ത് എത്തി ഒരുപാട് തമാശകള്‍ പറയും. അതോടെ വേദന മറന്ന് ഷൂട്ടിങ്ങില്‍ ഞാന്‍ വീണ്ടും സജീവമാകും” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ മംമ്ത പറയുന്നു.