മലയാളചിത്രമായ ചിന്താമണി കൊലക്കേസിന്‍റെ തമിഴ് റീമേക്കില്‍ അഭിനയിക്കാനുള്ള ക്ഷണം തള്ളിക്കളഞ്ഞതില്‍ തനിക്ക് കുറ്റബോധമൊന്നുമില്ലെന്ന് പ്രശസ്ത നടി ഭാവന. തമിഴില്‍ ആ കഥാപാത്രം വേണ്ടത്ര രീതിയില്‍ സ്വീകരിക്കപ്പെടില്ലെന്ന് തനിക്കറിയാമായിരുന്നെന്നും അതിനാലാണ് ആ റോള്‍ വേണ്ടെന്നു വച്ചതെന്നും ഭാവന പറയുന്നു.
ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന മനസു തുറന്നത്. ചിന്താമണി കൊലക്കേസ് എന്ന ഷാജി കൈലാസ് ചിത്രത്തില്‍ ചിന്താമണി എന്ന കഥാപാത്രത്തെ ഭാവനയാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിന്‍റെ തമിഴ് പതിപ്പായ “എല്ലാം അവന്‍ സെയ്യല്‍” എന്ന സിനിമയില്‍ മലയാള നടിയായ ഭാമയായിരുന്നു ചിന്താമണിയായത്.
“മലയാളത്തില്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍, തമിഴില്‍ രാമേശ്വരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ എനിക്ക് കുറ്റബോധമുണ്ട്”
ചിന്താമണിയെ തമിഴില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതില്‍ കുറ്റബോധമില്ലെങ്കിലും മറ്റു ചില കാര്യത്തില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് ഭാവന പറയുന്നു. “മലയാളത്തില്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍, തമിഴില്‍ രാമേശ്വരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ എനിക്ക് കുറ്റബോധമുണ്ട്. ആ ചിത്രങ്ങള്‍ ഒഴിവാക്കമായിരുന്നു. ചോക്ലേറ്റ് എന്ന മലയാള ചിത്രത്തിലേക്കും എം കുമരന്‍ സണ്‍ ഓഫ് മഹാലക്‍ഷ്മി എന്ന തമിഴ് ചിത്രത്തിലേക്കും വന്ന ഓഫറുകള്‍ വേണ്ടെന്നു വച്ചതും എനിക്ക് കുറ്റബോധമുണ്ടാക്കിയ സംഗതികളാണ്.” - ഭാവന പറയുന്നു.
ഭാവന ഈയിടെയായി ഗ്ലാമര്‍ റോളുകളില്‍ കൂടുതലായി അഭിനയിക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മലയാളത്തിലെ മെഗാഹിറ്റായ ട്വന്‍റി 20യില്‍ ഒരു ഗാനരംഗത്തില്‍ ഗ്ലാമര്‍ വേഷത്തിലായിരുന്നു ഭാവന അഭിനയിച്ചത്. എന്നാല്‍ ഈ വിമര്‍ശനങ്ങളെ ഭാവന തള്ളിക്കളയുന്നു.
“ട്വന്‍റി20യിലെ ‘ഓ... പ്രിയാ’ എന്ന ഗാനരംഗത്തില്‍ ഞാന്‍ ഗ്ലാമറസായി അഭിനയിച്ചു എന്നാണ് ആരോപണം. ആ ഗാനം വിദേശത്തു ചിത്രീകരിച്ചതാണ്. അതില്‍ ഞാന്‍ എങ്ങനെ അയല്‍വീട്ടിലെ പെണ്‍കുട്ടിയുടെ വേഷത്തില്‍ അഭിനയിക്കും?. എന്തായാലും വിമര്‍ശനങ്ങളേക്കാള്‍ ഏറെ അഭിനന്ദനങ്ങളാണ് ആ ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ മലയാളത്തില്‍ മാത്രം സിനിമ ചെയ്യുന്ന നടിയല്ല. തമിഴിലൊക്കെ മലയാളി താരങ്ങളെ ദൈവതുല്യരായാണ് പരിഗണിക്കുന്നത്. ഞാന്‍ തമിഴില്‍ തൃപ്തയാണ്. അവിടെ ഗ്ലാമര്‍ ചെയ്യണമെന്ന് എന്നെ ആരും നിര്‍ബന്ധിക്കാറില്ല. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളോട് പരമാവധി നീതിപുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്” - ഭാവന പറയുന്നു.