കലാഭവന്‍ മണി ഈ ലോകത്തുനിന്ന് വിടപറഞ്ഞുപോയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ആ മരണത്തിനുപിന്നിലെ ദുരൂഹതകള്‍ ഒഴിഞ്ഞിട്ടില്ല. ആ കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി ബി ഐക്ക് വിടുകയും ചെയ്തു. അന്വേഷണം ഒരു വഴിയിലൂടെ മുന്നേറുമ്പോള്‍ വിവാദങ്ങളും മുറുകി. പലരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. പരസ്പരം ചെളിവാരിയെറിഞ്ഞു. കലാഭവന്‍ മണിയുടെ ബന്ധങ്ങളെപ്പറ്റിയൊക്കെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നു. അദ്ദേഹത്തെ കാണാന്‍ നടി എത്താറുണ്ടായിരുന്നു എന്നൊക്കെ റൂമറുകള്‍ പരന്നു. നടി അഞ്ജു അരവിന്ദിന്‍റെ പേരും അക്കൂട്ടത്തില്‍ ഉയര്‍ന്നുകേട്ടു.
ഇക്കാര്യത്തില്‍ വളരെ വ്യക്തമായ വിശദീകരണം നല്‍കുകയാണ് അഞ്ജു അരവിന്ദ്. “കലാഭവന്‍ മണിയെപ്പോലെ ഇത്രയധികം സൌഹൃദങ്ങളുള്ള ഒരാളെ കാണാന്‍ ചിലപ്പോള്‍ അവിടെ ആരെങ്കിലും ചെന്നിരിക്കാം, അത് ഞാനല്ല. അദ്ദേഹവുമായി അടുത്തിടെ കുറച്ച് ഷോകളില്‍ ഞാനും പങ്കെടുത്തിരുന്നു. എല്ലാവരെയും സഹായിക്കുന്ന മനസാണ് മണിച്ചേട്ടന്‍റേത്. അദ്ദേഹം എന്നെയും സഹായിച്ചിട്ടുണ്ട്” - പുതിയ ലക്കം വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അഞ്ജു അരവിന്ദ് പറയുന്നു.
“ഒരിക്കല്‍ ഓസ്ട്രേലിയയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മണിച്ചേട്ടനോട് എന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാന്‍ സങ്കടം പറഞ്ഞു. പിന്നീട് വന്ന ഷോകളില്‍ അദ്ദേഹം എനിക്ക് അവസരവും തന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ അത് അന്നെനിക്ക് വലിയ ഉപകാരമായിരുന്നു. മണിച്ചേട്ടന്‍ അവസാനം ചെയ്ത ഷോയിലും ഞാന്‍ ഉണ്ടായിരുന്നു. എനിക്ക് ഇതുസംബന്ധിച്ച് മറയ്ക്കാന്‍ ഒന്നുമില്ല. അതുകൊണ്ട് ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിയുമില്ല” - അഞ്ജു പറയുന്നു.