എം‌എ ബേബിയുടെ പണിയെന്താണ്? - തിലകന്‍

ഞായര്‍, 16 മെയ് 2010 (17:35 IST)
PRO
PRO
ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെടാതെ, ആളുകള്‍ മരിച്ചാല്‍ ആചാരവെടി വയ്ക്കാന്‍ കോപ്പുകൂട്ടുന്നത് മാത്രമാണ് സാംസ്കാരികമന്ത്രി എം‌എ ബേബിയുടെ പണിയെന്നും അതല്ലാതെ ബേബിക്ക് മറ്റ് പണിയെന്തെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും നടന്‍ തിലകന്‍. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിലകന്‍. കമ്യൂണിസ്റ്റുകാരനായ തനിക്ക് കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ നിന്ന് യാതൊരു തരത്തിലുമുള്ള സഹായവും ലഭിക്കാത്തതിന്റെ നൈരാശ്യം തിലകന്റെ വാക്കുകളില്‍ തളം‌കെട്ടിനിന്നിരുന്നു.

“രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്റെ അവസ്ഥയാണ്‌ കലാരംഗത്ത്‌ താന്‍ നേരിടുന്നത്. എനിക്ക് ആരാധകരുണ്ട്, സ്ഥാനമുണ്ട്. എന്നാല്‍ എനിക്കൊന്നും ചെയ്യാന്‍ ആകുന്നുമില്ല. അച്യുതാനന്ദന്റെ അതേ അവസ്ഥ തന്നെ. തൊഴില്‍ നിഷേധമുണ്ടായപ്പോള്‍ മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആരോടാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. താങ്കള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഇടപെടണമെന്ന് ഞാന്‍ പറയുകയുണ്ടായി. എന്നാല്‍ ഒരു തുടര്‍നടപടിയും ഉണ്ടായില്ല.‌”

“സാംസ്കാരിക മന്ത്രി എംഎ. ബേബിയുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. പിണറായി വിജയനെ അറിയിച്ച്‌ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്‌ത്‌ സര്‍ക്കാരിന്‌ ചെയ്യാനാവുന്നതെല്ലാം ചെയ്യാമെന്നായിരുന്നു മറുപടി. എന്നിട്ടെന്തായി? ഒരു ചെറുവിരല്‍പോലും അനക്കിയില്ല. അതേ മന്ത്രിയാണ് ഒരു സൂപ്പര്‍ താരത്തിന്റെ പടം പെട്ടിയിലായപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി ചാടിവീണത്. ആളുകള്‍ മരിക്കുമ്പോള്‍ ആചാരവെടി വയ്ക്കുന്നതു മാത്രമാണോ സാംസ്‌കാരിക മന്ത്രിയുടെ പണി? എനിക്ക് കക്ഷിയുടെ പണി അറിയാത്തതിനാല്‍ ചോദിക്കുകയാണ്.”

“കോടികള്‍ വാങ്ങുന്നവര്‍ക്ക്‌ വീണ്ടും വീണ്ടും കോടികള്‍ വാങ്ങാന്‍ സഹായിക്കുകയാണ്‌ നമ്മുടെ സര്‍ക്കാരിന്റെ നയം. അവിഭക്‌ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരനായിരുന്ന ഞാന്‍ 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആശയക്കുഴപ്പത്തിലായ സഖാക്കളില്‍ ഒരാളാണ്‌. രണ്ടു വള്ളത്തില്‍ ചവിട്ടുന്ന സ്വഭാവമില്ല.”

“അമ്മ എന്ന സംഘടന യഥാര്‍ഥ അമ്മയല്ല, രണ്ടാനമ്മയും മാഫിയയുമൊക്കെയാണ്‌. അവരുമായി ഒത്തുതീര്‍പ്പോ അനുരഞ്ജനമോ ഇല്ല. സോറി എന്ന രണ്ട്‌ വാക്ക്‌ പറഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ്‌ അവര്‍ പറയുന്നത്. എന്തിനാണ് ഞാന്‍ സോറി പറയേണ്ടത്? തെറ്റു ചെയ്യാത്തതിനാല്‍ ക്ഷമ ചോദിക്കാനാവില്ല. സഹോദരസംഘടനയായ ഫെഫ്ക തിലകനൊപ്പം ജോലി ചെയ്യരുതെന്ന്‌ പറഞ്ഞ്‌ അയച്ച കത്തു നിലനില്‍ക്കെ, തിലകന്‌ വിലക്കില്ലല്ലോ എന്ന പ്രസ്‌താവനയിലൂടെ പീലാത്തോസ്‌ ആകുകയാണ്‌ അമ്മയുടെ പ്രസിഡന്റ്‌. എന്തൊരു പ്രസ്താവന!”

“പത്മശ്രീയും ദേശീയ അവാര്‍ഡുകളുമെല്ലാം നല്‍കി ആദരിച്ച വ്യക്‌തിയുടെ തൊഴില്‍സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയുള്ള കേസ്‌ കോടതി തുറന്നാലുടന്‍ പരിഗണനയ്ക്ക്‌ വരും. അതിനിടയില്‍, നാടകകളരിയുമായി പുതുതലമുറയെ അഭിനയ, സംവിധാന, രംഗകല തുടങ്ങിയ മേഖലകളിലേക്ക്‌ ആകര്‍ഷിക്കാനുള്ള പദ്ധതിക്ക്‌ 17ന്‌ അമ്പലപ്പുഴയില്‍ രൂപം നല്‍‌കാനും പദ്ധതിയുണ്ട്.” - തിലകന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക