ഫ്രീയായി കിട്ടും... എന്നാല്‍ ലാവിഷായി ഉപയോഗിച്ചാല്‍ കിട്ടുന്നത് എട്ടിന്റെ പണിയാകുമെന്നു മാത്രം !

സജിത്ത്

തിങ്കള്‍, 20 നവം‌ബര്‍ 2017 (14:27 IST)
ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയെന്നത് എളുപ്പമുള്ള പണിയല്ല. ഏതൊരാളുടേയും വിജയത്തിന്റെ പിന്നില്‍ ആത്മസമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകളുണ്ടായിരിക്കും. കൃത്യമായ ആസൂത്രണവും അവയെല്ലാം പാലിച്ചുകൊണ്ടുള്ള പ്രവൃത്തികളുമായിരിക്കും ഏതൊരാളേയും വിജയത്തിലേക്ക് നയിക്കുക. ജീവിത വിജയം നേടാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം.
 
സമയത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള കഴിവാണ് ജീവിതത്തിലെ ഏതൊരു വിജയത്തിന്റേയും അടിസ്ഥാനം. ഫലപ്രദമായ രീതിയില്‍ സമയം ക്രമീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവരാണ് ജീവിതത്തില്‍ വിജയം കൈവരിച്ചവരില്‍ ഭൂരിഭാഗവും. 24 മണിക്കൂറും ജോലി ചെയ്യണണമെന്നോ വിശ്രമമില്ലാതെ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കണമെന്നോ അല്ല സമയ പരിപാലനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 
 
വിനോദത്തിനും വിശ്രമത്തിനുമെല്ലാം സമയം മാറ്റി വച്ച് പ്രധാന ലക്ഷ്യത്തിനായി നമ്മള്‍ നീക്കിവെച്ച സമയം കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ കാര്യങ്ങള്‍ക്കുമായി മാറ്റിവച്ച സമയം ക്രമീകരിക്കുന്ന വേളയില്‍ നമ്മുടെ ലക്ഷ്യത്തിന് മുന്‍ തൂക്കം നല്‍കുന്നതിനും അതിനായി കൂടുതല്‍ സമയം മാറ്റി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 
 
ഓരോ ദിവസവും കൃത്യമായി പ്ലാന്‍ ചെയ്യുക:
 
ആസൂത്രണത്തില്‍ തോല്‍ക്കുക എന്നുവച്ചാല്‍ തോല്‍ക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്യുക എന്നൊരു അര്‍ത്ഥവുമുണ്ട്. തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരായി ആരുംതന്നെയുണ്ടാകില്ല. അതുകൊണ്ടു തന്നെ വിജയം കൈവരിക്കണമെങ്കില്‍ ഓരോ ദിവസവും ഓരോ മണിക്കൂറും എന്തിന് ഓരോ നിമിഷവും വളരെ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും അത് നടപ്പിലാക്കുന്നതിനും ശ്രദ്ധിക്കുക.
 
നല്ല ചിന്തകളോടെ മാത്രം ദിവസം ആരംഭിക്കുക: 
 
ഓരോ പ്രഭാതവും ശുഭ ചിന്തകളോടും ഉയര്‍ന്ന പ്രതീക്ഷയോടും കൂടിയായിരിക്കണം ആരംഭിക്കേണ്ടത്. രാവിലെ ഉറക്കമുണര്‍ന്നശേഷം പത്തു മിനിറ്റ് നേരമെങ്കിലും ഇരുന്ന് റിലാക്‌സ് ചെയ്യുക. ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തേക്ക് വിടുക. അതിനുശേഷം ആ ദിവസം ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഓര്‍ത്തെടുക്കുകയും വേണം. 
 
മുന്‍ഗണന നിശ്ചയിക്കാന്‍ ശ്രദ്ധിക്കണം‍:
 
ഒരു ദിവസം ചെയ്യുന്നതിനുള്ള കാര്യങ്ങള്‍ പരിഗണിക്കുന്ന സമയത്തുതന്നെ വളരെ അത്യാവശ്യം, അത്യാവശ്യം, അത്രതന്നെ പ്രധാന്യമില്ലാത്തത് എന്ന രീതിയില്‍ തരം തിരിച്ചുവെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 
 
മള്‍ട്ടി ടാസ്‌ക്:
 
ഒന്നിലധികം ജോലികള്‍ ഒരേ സമയം സമന്വയിപ്പിച്ച് ചെയ്യുന്നതിലൂടെ ജോലികള്‍ എളുപ്പമാക്കുന്നതിനും മടുപ്പ് ഒഴിവാക്കുന്നതിനും സഹായിക്കും. ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ സമയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയും. എന്നിരുന്നാലും ഒന്നിലേറെ ജോലികള്‍ ഒരേസമയത്ത് ചെയ്യുന്നതിലൂടെ ജോലിയുടെ ഉത്തരവാദിത്വവും ഗുണമേന്മയും പോകരുതെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. 
 
വിശ്രമം അത്യാവശ്യമാണ്:
 
രാവിലെ എഴുന്നേറ്റതുമുതല്‍ ഉറങ്ങുന്നതുവരെ ജോലി ചെയ്യുകയെന്നത് ഏതൊരാള്‍ക്കും മുഷിപ്പുണ്ടാക്കുന്ന കാര്യമാണ്. അത്തരത്തില്‍ ചെയ്യുന്നത് ജോലിയോടും നമ്മുടെ ലക്ഷ്യത്തോടും തന്നെ മടുപ്പ് തോന്നാന്‍  കാരണമാകും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ വിശ്രമം അത്യാവശ്യമാണ്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുടുംബത്തോടൊരുമിച്ച് സമയം ചെലവഴിക്കുക. യാത്ര പോവുക, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, വിശ്രമിക്കുക എന്നിവയെല്ലാം നല്ലതാണ്.
 
മതിയായ ഉറക്കം വളരെ അത്യാവശ്യം:
 
രാത്രി സമയത്ത് ഒരുപാടുനേരം ജോലി ചെയ്ത ശേഷം വളരെ വൈകിയാണ് പലരും ഉറങ്ങാറ്. മാത്രമല്ല രാവിലെ നേരത്തെ തന്നെ ഉണരുകയും ചെയ്യും. മതിയായ ഉറക്കം ജോലികള്‍ കൃത്യമായി ചെയ്യുന്നതിനും ആരോഗ്യത്തിനും  സഹായകമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍