മോദി ബജറ്റ് പൊളിക്കുമോ എന്ന് ജയ്‌റ്റ്‌ലിക്ക് ഭയമുണ്ടായിരുന്നു?

വൈ എസ് അനില്‍

ബുധന്‍, 11 ജനുവരി 2017 (17:30 IST)
ഓരോ ബജറ്റും ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ പോലെയാണ്. എന്തൊക്കെയാണ് ബജറ്റില്‍ കാത്തുവച്ചിരിക്കുന്നതെന്ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മാത്രമാകും അറിവാകുക. അതുവരെ ധനമന്ത്രിയുടെ കൈയില്‍ ബജറ്റിന്‍റെ മണിച്ചിത്രപ്പൂട്ട് ഭദ്രമായിരിക്കും. 
 
എന്നാല്‍, നോട്ട് അസാധുവാക്കിയതിന്‍റെ അമ്പതാം ദിനം പൂര്‍ത്തിയായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ഞെട്ടിയത് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്നെയായിരിക്കും.
 
താന്‍ കാത്തുസൂക്ഷിച്ചുവച്ചിരിക്കുന്ന സസ്പെന്‍സ് മോദി പൊട്ടിക്കുകയാണോ എന്ന് ഒരു നിമിഷം ജയ്‌റ്റ്‌ലി ആശങ്കപ്പെട്ടിട്ടുണ്ടാവും. കാരണം, ബജറ്റില്‍ അവതരിപ്പിക്കേണ്ട പദ്ധതികളില്‍ പലതുമാണ് മോദി അന്ന് ജനങ്ങള്‍ക്ക് മുമ്പ് തുറന്നടിച്ചത്. 
 
ഇതെങ്ങോട്ടാണ് പോകുന്നതെന്ന ജയ്‌റ്റ്‌ലിയുടെ ആശങ്കയ്ക്ക് പക്ഷേ അധികം ആയുസുണ്ടായില്ല. വിരലില്‍ എണ്ണാവുന്ന ചില പദ്ധതികള്‍ പറഞ്ഞ ശേഷം മോദി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
 
എന്തായാലും മോദി നടത്തിയ പ്രസംഗം ബജറ്റ് പ്രക്രിയയുടെ നിഗൂഢതകളില്‍ ചിലതെങ്കിലും ഇല്ലാതാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് മുമ്പ് മോദി ഇനിയും ഇത്തരം പ്രസംഗങ്ങള്‍ നടത്തുമോ എന്ന പേടി ജയ്‌റ്റ്‌ലിക്ക് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
എന്തായാലും ബജറ്റില്‍ പറയേണ്ട കാര്യങ്ങളെല്ലാം ജനങ്ങളെ നേരത്തേ അറിയിച്ച് കൈയടിവാങ്ങുന്ന രീതി മോദി പെട്ടെന്നൊന്നും ഉപേക്ഷിക്കുന്ന മട്ടില്ല.

വെബ്ദുനിയ വായിക്കുക