രണ്ടാം യുപിഎ സര്‍ക്കാരിന്റെ രണ്ടാം പൊതു ബജറ്റ് ഇന്ന് അവതരിപ്പിക്കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനു ശേഷം രാവിലെ 11 മണിയോടെ ആയിരിക്കും ധനമന്ത്രി പ്രണാബ് മുഖര്‍ജി ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുക.
കഴിഞ്ഞ 16 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള ധനക്കമ്മിയും വിലക്കയറ്റവും സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളായിരിക്കെ പൊതു ബജറ്റില്‍ കൂടുതല്‍ ജനപ്രിയ നടപടികള്‍ പ്രഖ്യാപിക്കാന്‍ സാധ്യത കാണുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാനായി സര്‍ക്കാര്‍ നേരിട്ട് വിപണികളില്‍ ഇടപെടാനുള്ള തീരുമാനവും പ്രതീക്ഷിക്കാം.
കാര്‍ഷിക മേഖലയ്ക്കും ഉല്പാദനത്തിലും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ പക്ഷേ നികുതിയിളവുകള്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ പ്രഖ്യാപിക്കാനിടയുണ്ടാവൂ. സബ്സിഡികള്‍ കൂപ്പണുകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കാനുള്ള സമൂല മാറ്റത്തിന് ഈ ബജറ്റ് സാക്ഷിയായേക്കും.
നടപ്പ് സാമ്പത്തിക വര്‍ഷം 7.2 ശതമാനവും 2011-12 വര്‍ഷത്തില്‍ ഒമ്പത് ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പതിമൂന്നാം ധനക്കമ്മീഷനും സാമ്പത്തിക സര്‍വേയും നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ധനക്കമി പരമാവധി കുറയ്ക്കാനായിരിക്കും സര്‍ക്കാരിന്റെ ശ്രമം. ഇതിനായി, ഇപ്പോഴുള്ള ഉത്തേജക പാക്കേജുകളില്‍ പലതും ഘട്ടം ഘട്ടമായി ഇല്ലാതാക്കാനും മാന്ദ്യ കാലത്ത് വ്യവസായങ്ങള്‍ക്കും കയറ്റുമതിക്കും നല്‍കിയ ഇളവുകള്‍ പിന്‍വലിക്കാനും ശ്രമം ഉണ്ടായേക്കും.
അടിസ്ഥാന സൌകര്യ വികസനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും ഈ ബജറ്റില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഓഹരി വിറ്റഴിക്കലിനെ ആശ്രയിക്കാനായിരിക്കും തീരുമാനം. വലിയ നികുതിയിളവുകള്‍ ഇല്ലാത്ത ഒരു ബജറ്റ് ആയിരിക്കും ഇന്ന് പ്രണാബ് അവതരിപ്പിക്കുക എന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.