നയപ്രഖ്യാപനം ഭരണഘടനാബാധ്യത: ഉമ്മന്‍ ചാണ്ടി

ബുധന്‍, 24 ഫെബ്രുവരി 2010 (16:13 IST)
സംസ്ഥാന ഗവര്‍ണര്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനം വെറുമൊരു ഭരണഘടന ബാധ്യത മാത്രമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയുടെ പൂര്‍ണമായ അംഗീകാരമില്ലാത്ത നയപ്രഖ്യാപനമാണ് ഇതെന്ന് പത്രത്തില്‍ വാര്‍ത്ത കണ്ടിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആത്മാവില്ലാത്ത, തികച്ചും ശുഷ്കമായ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിയും ആരോപിച്ചു.

നാലു വര്‍ഷത്തെ സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം പ്രകടമാക്കുന്ന നയപ്രഖ്യാനമാണ് ഗവര്‍ണര്‍ നടത്തിയത്. നയപ്രഖ്യാപനം വെറും ചടങ്ങ് മാത്രമായിരുന്നു. പുതുതായി ഒന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല. ഇത് സര്‍ക്കാരിന്‍റെ അഞ്ചാമത്തെ നയപ്രഖ്യാപനമാണ്. ആവര്‍ത്തന വിരസമായ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഗവര്‍ണറെ കൊണ്ട് സര്‍ക്കാര്‍ നടത്തിയത്.

ആദ്യഖണ്ഡികയില്‍ തന്നെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന പ്രതീക്ഷയാണുള്ളത്. അധികാരത്തിലേറി നാലു വര്‍ഷമായിട്ടും പൂര്‍ത്തീകരിച്ച പദ്ധതികളുടെ നേട്ടങ്ങള്‍ പറയാന്‍ സര്‍ക്കാരിനില്ല. സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം വ്യക്തമാക്കുന്നതാണ് നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കം. കര്‍ഷകര്‍ക്ക് ആശ്വാസം നല്കാനുള്ള ഫണ്ട് നടപ്പാക്കുന്നതിനോട് യോജിക്കുന്നു. എന്നാല്‍ ഇതു നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്നും പ്രതിപക്ഷം ചോദിച്ചു.

നയപ്രഖ്യാപന പ്രസംഗം എന്നു പറയുന്നത് സര്‍ക്കാരിന്‍റെ നയം, കാഴ്ചപ്പാട് എന്നിവ വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് ഇപ്പോള്‍ സജീവമായിരിക്കുന്ന ഭൂമി കൈയേറ്റ പ്രശ്നങ്ങള്‍ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തികഞ്ഞ നിശ്ശബ്ദതയായിരുന്നു. മൂന്നാര്‍ ദൌത്യം പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതുതായി എന്തു നടപ്പാക്കും. സര്‍ക്കാരിന്‍റെ മൌനം കൈയേറ്റക്കാരുടെ കൈയില്‍ തന്നെ ഭൂമിയിരിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് കുതിച്ചുയരുന്ന വിലവര്‍ദ്ധനയെ നേരിടാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. നിക്ഷേപ സൌഹൃദ സംസ്ഥാനമായി മറുന്നുവെന്ന് പറഞ്ഞിട്ട് എത്രയെണ്ണം വന്നെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കുന്നതില്‍ പോലും തര്‍ക്കമാണ്. പുതിയ ഐ ടി പാര്‍ക്ക് തുടങ്ങുമെന്ന് പറയുമ്പോള്‍ സ്മാര്‍ട് സിറ്റി പദ്ധതി എവിടെയാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

സംസ്ഥാനത്തെ നിയമവാഴ്ചയെ ഹൈക്കോടതി പോലും വിമര്‍ശിച്ചിരുന്നു. എന്നിട്ടും ഗവര്‍ണറെ കൊണ്ട് സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍ കുഴപ്പമില്ലെന്ന് പറയിച്ചത് കടന്ന കൈയായി പോയെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. യു ഡി എഫ് കാലത്തു കൊണ്ടു വന്ന ആരോഗ്യ സുരക്ഷാ പദ്ധതി അട്ടിമറിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക