ബാരിസ്റ്റര്‍ ജി പി പിള്ളയെ അറിയാന്‍...

PROPRO
ബാരിസ്റ്റര്‍ ജി പി പിള്ളയെ കുറിച്ച്‌ പുതിയ തലമുറക്ക്‌ മാത്രമല്ല യുവമാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പോലും ഒന്നുമറിയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മലയിന്‍കീഴ്‌ ഗോപാലകൃഷ്‌ണന്‍ 'ജി പി പിള്ള: മഹാത്മാഗാന്ധിക്ക്‌ മാര്‍ഗദര്‍ശിയായ മലയാളി' എന്ന പുസ്‌തകമെഴുതുന്നത്.

സ്വാതന്ത്ര്യ സമരകാലത്ത്‌ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിലെത്തിയ മലയാളി എന്ന നിലയില്‍ മാത്രമല്ല പതിനെട്ടാം വയസില്‍ ബ്രട്ടീഷ് വൈസ്രോയിക്ക്‌ എതിരെ ശബ്ദിക്കാന്‍ ധൈര്യം കാട്ടിയ ധീരദേശാഭിമാനി എന്ന നിലയിലും പത്രപ്രവര്‍ത്തനം സാമൂഹ്യമാറ്റത്തിന്‌ വേണ്ടി ഫലപ്രദമായി വിനിയോഗിച്ച വ്യക്തി എന്ന നിലയിലും ബാരിസ്‌റ്റര്‍ ജി പി പിള്ള സ്‌മരിക്കപ്പെടുന്നു.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്‍റെ ദീപ്‌തമായ ഒരേട്‌ വിവരിക്കുന്നതിലൂടെ തിരുവിതാംകൂറിന്‍റെ സാമൂഹിക രാഷ്ട്രീയചരിത്രവും വിവരിക്കാനാണ്‌ മലയിന്‍കീഴ്‌ ശ്രമിക്കുന്നത്‌.

ജി പി പിള്ളയുടെ ജീവചരിത്രത്തിനൊപ്പം 1880മുതല്‍ 1903 വരെയുള്ള തിരുവിതാംകൂറിന്‍റെ മനസാണ്‌ മലയിന്‍കീഴ്‌ പുസ്‌തകത്തിലൂടെ വരച്ചുകാട്ടുന്നത്‌. പത്രപ്രവര്‍ത്തനം ഭരണത്തിലിരിക്കുന്നവരെ മണിയടിക്കാനുള്ള ഏര്‍പ്പാടായി അധ:പതിക്കുന്ന ആധുനിക കാലഘട്ടത്തില്‍ എല്ലാ പ്രാതികൂല്യങ്ങളോടും പൊരുതി ബ്രട്ടീഷ്‌ വൈസ്രോയിക്ക്‌ എതിരെ ധീരമായി പ്രതികരിച്ച ജി പി പിള്ളയിലെ പത്രപ്രവര്‍ത്തകനെ മലയിന്‍കീഴ്‌ പരിചയപ്പെടുത്തുന്നു.

തിരുവിതാംകുറിലെ ദുഷിച്ച്‌ നാറിയ ഭരണത്തിനെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ പതിനെട്ടാം വയസില്‍ ജന്മനാട്‌ ഉപേക്ഷിക്കേണ്ടി വന്ന ജി പരമേശ്വരന്‍ പിള്ള എന്ന തിരുവനന്തപുരത്തുകാരന്‍റെ ജീവിതത്തെ പുസ്തകത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നു.

PROPRO
ബ്രട്ടീഷ്‌ വൈസ്രോയിമാര്‍ പോലും ഭയപ്പെട്ട ശക്തമായ തൂലിക ആയുധമാക്കിയ, ദേശീയ പ്രസ്ഥാനത്തിന്‌ അഗ്നി പകര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന, കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്‍റെ അഭിമാനമായിരുന്ന, അഭിഭാഷകനാകാന്‍ വിദേശത്തേക്ക് കപ്പല്‍ കയ്യറിയ ബാരിസ്റ്റര്‍ ജി പി പിള്ളയുടെ ജീവിതം നാടകീയത ചോര്‍ന്നു പോകാതെ പുസ്തകത്തില്‍ പുനര്‍ജനിക്കുന്നു.

ജി പിയുടെ ജീവചരിത്രം മലയില്‍കീഴ് ദൃശ്യാനുഭവമാക്കിയിരിക്കുന്നതായി അവതാരികയില്‍ ടി വേണുഗോപാലന്‍ ചൂണ്ടികാട്ടുന്നു. സ്വന്തം കഴിവിലുള്ള വിശ്വാസം കൊണ്ട്‌ മാത്രം ഒരു പോരാളി ജീവിതത്തിന്‍റെ നിര്‍ണായക വഴിത്തിരുവുകളില്‍ വ്യത്യസ്തനാകുത്‌ എങ്ങനെ എന്ന് പുസ്തകം ചുരുളഴിക്കുന്നു.

പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന എല്ലാ ചരിത്രസംഭവങ്ങള്‍ക്കും നിദാനമായ രേഖകള്‍ എഴുത്തുകാരന്‍ ചൂണ്ടികാണ്ടിയിട്ടുണ്ട്‌. അയഞ്ഞ വിവാഹ സമ്പ്രദായം മൂലം നായര്‍ സമുദായം നേരിട്ട സ്വത്വ പ്രതിസന്ധി, തിരുവിതാംകൂറിനെ ഗ്രസിച്ചിരു ബ്രാഹ്മണ മേധാവിത്വം , തിരുവിതാംകൂറിലെ അദ്യ ജനകീയ മുറ്റേമായ മലയാളി മൊമ്മോറിയലിന്‍റെ അടിസ്ഥാന വിവരങ്ങള്‍, ഇന്ത്യന്‍ നാഷണല്‍ കോഗ്രസിന്‍റെ ആദ്യകാല ചരിത്രം തുടങ്ങിയവയിലെല്ലാം ചരിത്രവസ്തുതകള്‍ക്ക്‌ അതീതമായ യാഥാര്‍ത്ഥ്യ വിവരണം ഈ പുസ്തകത്തെ മൂല്യവത്താക്കുന്നു

രാജഭരണത്തിനെതിരെ തിരുവിതാംകൂര്‍ ഒടങ്കം ആദ്യമായി നടത്തിയ ജനകീയ മുറ്റേമായിരുന്ന മലയാളി മെമ്മോറിയലിന്‍റെ പൂര്‍ണ്ണരൂപം പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടു‍ണ്ട്‌. ജി പി യുടെ പ്രൗഢഗംഭീരമായ ലേഖനങ്ങളുടെ മലയാള പരിഭാഷകളും ഗാന്ധിജി അടക്കമുള്ള ദേശീയ നേതാക്കളുമായി ജി പി നടത്തിയ കത്തിടപാടുകളും ആ മഹാനായ പോരാളിയെ അടുത്തറിയാന്‍ സഹായിക്കും.

ബാരിസ്റ്ററായതിന്‌ ശേഷം ഭാര്യക്ക്‌ അയച്ച കത്ത്‌ ജി പിയുടെ വ്യക്തി ജീവിതത്തിലേക്കും വെളിച്ചം വീശുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ പുറത്തിറക്കിയ പുസ്തകത്തിന്‍റെ വില 125 രൂപയാണ്‌.