ഒരു പാടു തവണ ലൈബ്രറിയിലും പുസ്തക കടകളിലും കണ്ടിട്ടുണ്ടെങ്കിലും ശ്രീബാല കെ.മേനോന്‍റെ 19 കനാല്‍ റോഡ് വായിക്കണമെന്ന മോഹം ഉദിച്ചിരുന്നില്ല. തൃശൂരിലേക്കുള്ള യാത്രയില്‍ ഇന്ത്യാടുഡേ വാങ്ങുവാന്‍ ഒരു കടയില്‍ കയറി. അവിടത്തെ ഷെല്‍ഫില്‍ 19 കനാല്‍ റോഡ് ഇരിക്കുന്നതു കണ്ടു.
വെറുതെ അതെടുത്ത് നോക്കിയപ്പോള്‍ പകുതി വിലക്കു തരാമെന്ന് കടക്കാരന്‍. അങ്ങനെ അതു മേടിച്ചു. വായിച്ചു തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഈ പുസ്‌തകം വളരെ നേരത്തെ വായിക്കേണ്ടതായിരുന്നുവെന്ന്.
ചെന്നൈ നഗരത്തില്‍ പേയിങ് ഗസ്റ്റായി ജീവിക്കാനിടവന്ന കാലയളവിലുണ്ടായ ശ്രീബാലയുടെ അനുഭവമുഹൂര്‍ത്തങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രസന്നത നമ്മളെ അദ്‌ഭുതപ്പെടുത്തും. പൊതുവെ സ്‌ത്രീകള്‍ക്ക് നര്‍മ്മം കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് കുറവാണെന്ന ലേഖകന്‍റെ മിഥ്യാധാരണ ഈ പുസ്തകം വായിച്ചതോടെ മാറുകയും ചെയ്തു.
സ്വവര്‍ഗലൈംഗികത, എപ്പോഴും വേലി ചാടുന്ന നായികമാര്‍ ഇവയില്‍ ചുറ്റി തിരിയുന്ന പെണ്‍എഴുത്തില്‍ നിന്ന് വേറിട്ട ഒരു കൃതി കിട്ടിയതില്‍ സന്തോഷം തോന്നുകയും ചെയ്തു.
തമിഴ് ജീവിതത്തെ സൂക്ഷ്‌മമായി നിരീക്ഷിച്ച് ശ്രീബാല സ്‌മരണ കഥ രൂപത്തില്‍ തന്നെയാണ് പറഞ്ഞു തരുന്നത്.ഇതില്‍ വലിയ മനുഷ്യര്‍ ആരുമില്ല. രജനീകാന്തായി ജീവിക്കുന്ന മുത്തു,നാണയം തേടുന്ന മുത്തു ഇവരെല്ലാം പച്ച മനുഷ്യരാണ്. വര്‍ത്തമാന കെടുതികളെ മറക്കുവാന്‍ തങ്ങളുടേതായ മാര്‍ഗം കണ്ടെത്തിയ അല്ലെങ്കില്‍ മാര്‍ഗം തേടുന്നവര്‍.
വെറുതെ കണ്ടു മറക്കാനുള്ളതല്ല ജീവിതമെന്ന പാഠവും ശ്രീബാല ഈ കൃതിയിലൂടെ പറയുന്നു. വിഷാദം,സന്തോഷം,നിരാശ ജീവിതത്തിന്‍റെ പലവിധ അവസ്ഥകളും അനുഭവിക്കുന്ന ജീവിക്കുന്നവരെ നിരീക്ഷിച്ച് സ്വന്തമായി ഒരു നിഗമനത്തിലെത്താനും ശ്രീബാലക്കാവുന്നു.
ചെന്നൈയിലെ ഇടത്തട്ടുക്കാരുടെയും കീഴ്‌ത്തട്ടിലുമുള്ളവരുടെയും ജീവിതമാണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരേ സമയം പ്രസന്നതയും വിഷാദവും ഉള്‍ക്കൊള്ളുന്നവയാണ് ഈ കുറിപ്പുകള്‍. സ്വപ്‌നങ്ങള്‍ കാണുന്നവരുടെയും സ്വപ്‌നങ്ങള്‍ തകര്‍ന്നവരുടെയും ജീവിതത്തെ മറ്റൊരു തരത്തില്‍ ശ്രീബാല ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യം മുതല്‍ അവസാനം വരെ ഒരേ താളത്തില്‍ സ്‌മരണ കുറിപ്പുകള്‍ അവതരിപ്പിക്കുവാന്‍ ഈ യുവകഥാകാരിക്കാവുന്നു. ജൂലിപട്ടി, നൃത്താഅദ്ധ്യാപിക, കല്യാണ സുന്ദരം ഇവരുടെ രൂപ ഭാവ സ്വഭാവ സവിശേഷതകള്‍ കാന്തം ഇരുമ്പ് പൊടി പിടിക്കുന്നതു പോലെയാണ് ശ്രീബാല പിടിച്ചെടുത്തിട്ടുള്ളത്.
സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള എഴുത്തുകാരിയുടെ ത്വരയും ഈ സ്‌മരണ കുറിപ്പുകളില്‍ നിന്ന് നമ്മള്‍ക്ക് ദര്‍ശിക്കുവാന്‍ കഴിയും. അതേ സമയം സ്‌മരണ കുറിപ്പുകളില്‍ അല്‍പ്പം ഭാവന കലര്‍ന്നുവെന്ന സംശയം തോന്നാതാതിരിക്കുകയുമില്ല.
രൂപത്തിലും ഭാഷയിലും കപട പാണ്ഡിത്യം പ്രകടിപ്പിക്കുവാനും ശ്രീബാല ശ്രമിച്ചിട്ടില്ലെന്നതും ഈ കൃതിയെ മികച്ച അനുഭവമാക്കി മാറ്റുന്നു