സമ്പാദനം: ദീപാവലി ദെബ്രോയ് വിവര്‍ത്തനം: എ.വി. ശ്രീകുമാര്‍ പ്രസാധനം: കറന്‍റ് ബുക്സ്, തൃശൂര്‍ വിതരണം: കോസ്മോ ബുക്സ് ഒക്ടോബര്‍ 2003 വില 125 രൂപ
സ്വാമി വിവേകാനന്ദനില്‍ തുടങ്ങി അമര്‍ത്യകുമാര്‍ സെന്നിലവസാനിക്കുന്ന മഹാന്മാരുടെ നിര. അവര്‍ നടത്തിയ പ്രസംഗങ്ങള്‍, അതെ ഒരു നൂറ്റാണ്ടിനെ നിര്‍മ്മിച്ച പ്രസംഗങ്ങള്‍!
കറന്‍റ് ബുക്സ് തൃശൂരിന്‍റെ പുതിയ പുസ്തകമാണിത്. ദീപാവലി ദെബ്രോയ് സമ്പാദിച്ചിരിക്കുന്ന ഈ പ്രസംഗങ്ങള്‍ക്ക് മലയാളരൂപം നല്‍കിയിരിക്കുന്നത് എ.വി. ശ്രീകുമാറാണ്. സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ വീക്ഷണങ്ങള്‍ പകര്‍ന്നുനല്‍കിയ പ്രസംഗങ്ങളാണ് ഇവ. ഓരോ കാലത്തും ആവേശമായി മാറിയ പ്രസംഗങ്ങള്‍.
സ്വാമി വിവേകാനന്ദന്‍റെ -കര്‍മ്മവും കര്‍മ്മ രഹസ്യവും- എന്ന പ്രഭാഷണം 1900 ജനുവരി നാലിന് കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ നടത്തിയതാണ്.
ലക്ഷ്യം വളരെയേറെ മോഹിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും നമ്മുടെ മാനസിക ചക്രവാളത്തില്‍ നിറഞ്ഞുനില്‍ക്കുന്നതുമായിരിക്കെ, അതിന്‍റെ വിശദാംശങ്ങളെല്ലാം നമ്മുടെ കാഴ്ചയ്ക്കപ്പുറമാകുന്ന വിധത്തില്‍ നാം ആദര്‍ശത്തെ ഏറെ സങ്കോചിപ്പിക്കുന്നു എന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പോരായ്മയെന്ന് വിവേകാനന്ദന്‍ ഈ പ്രഭാഷമത്തില്‍ പറയുന്നു. നമുക്കു ചുറ്റുമുള്ള ദുരിതങ്ങളുടെ നൂറായിരം രോഗബീജങ്ങളെ അവഗണിക്കാന്‍ ഈ സംഭാഷണത്തില്‍ ആഹ്വാനമുണ്ട്.
സിസ്റ്റര്‍ നിര്‍വേദിത, ബാലഗംഗാധര തിലകന്‍, ആനി ബസന്‍റ്, മഹാത്മാഗാന്ധി, അഡോള്‍ഫ് ഹിറ്റ്ലര്‍, ബി.ആര്‍. അംബേദ്കര്‍, ഫിഡല്‍ കാസ്ട്രോ, റസ്സല്‍, ജവഹര്‍ലാല്‍ നെഹ്റു, സല്‍മാന്‍ റുഷ്ദി, ഇന്ദിരാഗാന്ധി, മാര്‍ഗരറ്റ് താച്ചര്‍, മിഖായേല്‍ ഗോര്‍ബച്ചേവ്, ആങ് സാന്‍ സൂക്കി തുടങ്ങിയ വിശ്വപ്രതിഭകളാണ് ഇവിടെ അണിനിരക്കുന്നത്.
നാലു ഘട്ടമായി ഈ പുസ്തകത്തെ വിഭജിച്ചിരിക്കുന്നു. 1900-1925, 1925-1950, 1950-1975, 1975-1999 എന്നിങ്ങനെയാണ് അത്.
ഞാന്‍ അക്രമം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. അഹിംസയാണ് എന്‍റെ ധര്‍മ്മത്തിന്‍റെ പ്രഥമതത്വം. അതെന്‍റെ അവസാന വിശ്വാസപ്രമാണം കൂടിയാണ് - മഹാത്മാഗാന്ധി തന്‍റെ പ്രഭാഷണത്തില്‍ പറയുന്നു. ഓരോ കാലഘട്ടത്തിലും മുന്നില്‍ നിന്നു നയിച്ചവര്‍ എങ്ങനെ ചിന്തിച്ചു എന്ന് ബോധ്യമാക്കുന്ന പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്‍റെ പ്രഭാഷണം ഏറെ ആവേശം നല്‍കുന്നതാണ്. - ഒരു നാള്‍ എല്ലാ താഴ്വാരവും മഹോന്നതമാകും. എല്ലാ കുന്നുകളും മലകളും താഴ്ത്തപ്പെടും. പരുക്കന്‍ സ്ഥലങ്ങന്‍ നിരപ്പാക്കപ്പെടും, കുരിട്ടിടങ്ങള്‍ നേരിടങ്ങളാക്കപ്പെടും. ദൈവത്തിന്‍റെ മഹത്വം വെളിവാകുകയും എല്ലാ മനുഷ്യരും അത് ഒന്നിച്ചറിയുകയും ചെയ്യും.
ഉള്‍ക്കൊള്ളിക്കപ്പെട്ട പ്രമുഖര്‍ പല മേഖലകളില്‍ നിന്നുള്ളവരാണ് എന്നത് ഈ പുസ്തകത്തിന്‍റെ വിശാലമായ ലക്ഷ്യത്തെ വെളിവാക്കുന്നു. സാഹിത്യം, രാഷ്ട്രീയം, സാമൂഹിക, ആത്മീയം തുടങ്ങിയ മേഖലകളിലെ എക്കാലത്തെയും മികച്ച പ്രതിഭകളുടെ പ്രഭാഷണങ്ങളെയാണ് സമാഹരിച്ചിരിക്കുന്നത്.