മഞ്ഞപ്പിത്തത്തിന് ആയുര്‍വേദം

WD
ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാ‍യി മാറാവുന്ന രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം ശരിയായ സമയത്ത് ശരിയായ രീതിയില്‍ ചികിത്സിച്ചാല്‍ പാ‍ടെ മാറ്റാനാകും. പിത്ത ദോഷത്തിന്‍റെ ഫലമായാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. പിത്തരസം രക്തത്തില്‍ അമിതമായി കലരുമ്പോഴാണ് മഞ്ഞപ്പിത്ത ലക്‍ഷണങ്ങള്‍ ഉണ്ടാകുന്നത്.

കരളിനെയാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത്. പിത്താശയത്തില്‍ എന്തെങ്കിലും തടസങ്ങള്‍ ഉണ്ടാകുമ്പോഴാണ് സാധാരണ ഗതിയില്‍ ഈ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ ദൃശ്യമാകുന്നത്. മഞ്ഞപ്പിത്തം ബാധിച്ച ഒരാളുടെ ചര്‍മ്മം മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു. ഇതിന് പുറമെ കണ്ണിലും നഖങ്ങളിലും മഞ്ഞ നിറം കാ‍ണപ്പെടും.

മലമൂത്രങ്ങളിലും മഞ്ഞ നിറം കാണപ്പെടുന്നു. മഞ്ഞ നിറം കാണപ്പെട്ടാല്‍ പിത്ത രസം അധികമായി രക്തത്തില്‍ കലരുന്നു എന്ന് മനസിലാക്കാന്‍ കഴിയും. മഞ്ഞ നിറത്തിന് പുറമെ മറ്റ് ലക്ഷണങ്ങളും മഞ്ഞപ്പിത്തത്തിന്‍റേതായുണ്ട്. ദഹനക്കേടുമൂലം രോഗി ശാരീരികമായി തളരുന്നു. ശരീരത്തില്‍ ചൊറിച്ചിലും അനുഭവപ്പെടും.

മഞ്ഞപ്പിത്തത്തിന് മധുരമുള്ള ആഹാരം കഴിക്കുന്നതാണ് ഉത്തമം. മധുരമുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ദഹനം എളുപ്പമാക്കും. കരിമ്പ് ജൂസ്, ഓറഞ്ച് ജൂസ്, മറ്റ് ഫലങ്ങള്‍ എന്നിവയുടെ ജൂസ് കഴിക്കുന്നത് ഗുണകരമാണ്. ഉണക്കമുന്തിരിങ്ങ കഴിക്കുന്നതും പ്രയോജനപ്രദമാ‍ണ്. ചെറുതായി കയ്പ്പ് ഉണ്ടാവുമെങ്കിലും മാതള നീരും കഴിക്കാവുന്നതാണ്.

ധാരാളം പച്ചകറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. എണ്ണ കഴിയുന്നതും കുറയ്ക്കുക. സുഗന്ധ ദ്രവ്യങ്ങളുടെ ഉപയോഗവും നിയന്ത്രിക്കേണ്ടതുണ്ട്. പാവയ്ക്ക മുരിങ്ങയ്ക്ക എന്നിവ പ്രയോജനം ചെയ്യും.

കൊഴുപ്പ് കലര്‍ന്ന ആഹാരം മഞ്ഞപ്പിത്തം ബാധിച്ചവര്‍ വര്‍ജ്ജിക്കേണ്ടതാണ്. തൈരും വര്‍ജ്ജിക്കേണ്ടതാണ്. മദ്യം ഒഴിവാക്കിയില്ലെങ്കില്‍ ആപത്ഘട്ടത്തിലേക്ക് അസുഖം നീങ്ങും.

മഞ്ഞപ്പിത്തത്തിന് ആയുര്‍വേദ വിധി പ്രകാരം ചികിത്സ ആരംഭിക്കുന്നത് വയറിളക്കലിലൂടെയാണ്. ശരീരത്തിലും കരളിലും അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് വയറിളക്കുന്നത്.

തൃകോല്‍പ്പക്കൊന്ന, കടുക് രോഹിണി എന്നിവയുടെ വേരുകള്‍ പൊടിച്ചും രോഗിക്ക് നല്‍കുന്നത് പ്രയോജനം ചെയ്യും. ഇരു ചെടീകളുടേയും വേരുകള്‍ പൊടിച്ച് ഒരുമിച്ചോ പ്രത്യേകമായോ രോഗിക്ക് നല്‍കാവുന്നതാണ്. രോഗത്തിന്‍റെ തീവ്രതയും രോഗിയുടെ ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് വേണം ഈ മരുന്നുകള്‍ എങ്ങനെ നല്‍കണമെന്ന് തീരുമാനിക്കാന്‍.

അവിപട്ടികര ചൂര്‍ണ്ണവും ആരോഗ്യ വര്‍ദ്ധിനിയുമാണ് ആയുര്‍വേദ ചികിത്സ പ്രകാരം രോഗിക്ക് നല്‍കാറുള്ളത്. ഇത് തേനിലോ വെള്ളത്തിലോ കലര്‍ത്തി ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകുന്നേരവും കുടിക്കേണ്ടതാണ്.

കീഴാര്‍നെല്ലിയും മഞ്ഞപ്പിത്തത്തിന് മരുന്നായി നല്‍കുന്നു. നമ്മുടെ പറമ്പുകളില്‍ സമൃദ്ധമായി വളരുന്ന ചെടിയാണ് കീഴാര്‍ നെല്ലി. തേനുമായി കലര്‍ത്തി കീഴാര്‍നെല്ലി അരച്ചെടുത്ത നീര് ദിവസം മൂന്ന് നേരം കഴിക്കേണ്ടതാ‍ണ്. ത്രിഫലയും മഞ്ഞപ്പിത്തത്തിന്‍റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

വെബ്ദുനിയ വായിക്കുക