പാട്ടു തുടങ്ങിയാല്‍ പൊങ്കാല വരെ എല്ലാ ദിവസങ്ങളിലും ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും അവതരിപ്പിക്കുന്നു. മിക്കവാറും എല്ലാ ദിവസവും പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതിന് മുന്‍പ് വിവിധ വര്‍ണക്കടലാസുകളാലും ആലക്തിക ദീപങ്ങളാലും അലംകൃതങ്ങളായ ദേവീ വിഗ്രഹം വഹിച്ചു കൊണ്ടുള്ള നേര്‍ച്ച വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിനു ചുറ്റും നൃത്തം വയ്ക്കാറുണ്ട്.
തുടര്‍ന്ന് നടക്കുന്ന ചെണ്ട മേളവും, കതിനാവെടിയും പുറമെയുള്ള പൊങ്കാല അടുപ്പുകളില്‍ തീ കത്തിക്കുന്നതിന് സൂചന നല്‍കുന്നു. പൊങ്കാലക്കളങ്ങളായി മാറിക്കഴിഞ്ഞ ക്ഷേത്രത്തിന് ചുറ്റുപാടില്‍ ഉദ്ദേശം അഞ്ചു കിലോമീറ്റര്‍ ദൂരം അടുപ്പുകൂട്ടി നിര്‍ന്നിമേഷരായി പ്രതീക്ഷിച്ചിരിക്കുന്ന സ്ത്രീജനങ്ങള്‍ കുരവയോടെ തങ്ങളുടെ അടുപ്പില്‍ തീ കത്തിക്കുന്നു.