ജ്യോതിഷം വഴികാട്ടിയാവുന്നത് എങ്ങനെ?

WD
ജീവിതമെന്ന സാഹസികത നിറഞ്ഞ പ്രതിഭാസത്തില്‍ പ്രവചനങ്ങള്‍ മനുഷ്യരെ സഹായിക്കാന്‍ മാത്രമെന്ന് കരുതിയാല്‍ തെറ്റി. ധാര്‍മ്മികതയും സത്യസന്ധതയും പരിശുദ്ധിയും കാത്ത് സൂക്ഷിച്ചുകൊണ്ട് ജീവിത സാക്ഷാത്ക്കാരം നേടുക എന്ന പരമമായ ലക്‍ഷ്യം കൂടി ഭാരതീയ ഋഷിവര്യന്മാര്‍ ജ്യോതിഷത്തിലൂടെ ഉദ്ദേശിച്ചിരുന്നു.

ഓരോദിവസവും ഒരു കാര്യത്തിന് ശുഭകരവും മറ്റൊരു കാര്യത്തിന് അശുഭകരവുമായിരിക്കും. അതായത്, ഓരോദിവസവും ശുഭാശുഭ സമ്മിശ്രമാണെന്ന് പറയാം. സംഭവിച്ചുകൊണ്ടിരിക്കുന്നതോ സംഭവിക്കാനിരിക്കുന്നതോ ആയ ഒരു കാര്യത്തെ കുറിച്ച് ഭൂതകാലത്തെയും ഭാവികാലത്തെയും സമാശ്രയിക്കേണ്ടതായുണ്ട്. ഒരു വീടുവാങ്ങുന്നതിനോ കാറു വാങ്ങുന്നതിനോ ചോറൂണു നടത്തുന്നതിനോ വിവാഹം നടത്തുന്നതിനോ ഒക്കെ ശുഭാശുഭ ദിനങ്ങളുണ്ട്.

ചുരുക്കത്തില്‍, ചില ദിവസങ്ങള്‍ കൂടുതല്‍ ഭാഗ്യപൂര്‍ണവും സുഗമവുമായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവിതത്തെ പൂര്‍ണമാ‍യ വിധിവാദ(ടോട്ടാലിസം)ത്തിനു വിട്ടുകൊടുക്കരുത്. അതേസമയം, അശുഭകരമെന്ന് കരുതുന്ന ദിവസങ്ങളെ എഴുതിത്തള്ളുകയും ചെയ്യരുത്. ഏറ്റവും അശുഭകരമായ ദിവസത്തിനും ജിവിതഗന്ധിയായ ഒരു കുറിപ്പ് നമ്മില്‍ അവശേഷിപ്പിക്കാനും പലതും പഠിപ്പിക്കുവാനും കഴിഞ്ഞേക്കും. അതിനാല്‍, സാധാരണ മനുഷ്യന് സാഹസികമായ ജീവിതസമരത്തില്‍ വഴികാട്ടിയാവാന്‍ ജ്യോതിഷത്തിനു കഴിയും.
PRO


ജ്യോതിഷത്തില്‍ മറ്റൊന്നിനും തന്നെ ഒരു ജ്യോതിഷിയുടെ സാന്നിധ്യത്തിന് പകരം നില്‍ക്കാനാവില്ല. കാരണം, ഈ ശാസ്ത്രത്തില്‍ അന്തര്‍ജ്ഞാനം, നിരീക്ഷണം, അനുഭവങ്ങള്‍, മനുഷ്യരെ കുറിച്ചുള്ള പരിജ്ഞാനം എന്നിവ പരമ പ്രധാനങ്ങളാണ്. അതുപോലെ, എണ്ണമറ്റ കുഴപ്പം‌പിടിച്ച നൂലാമാലകളില്‍ നിന്ന് ശരിയേതെന്ന് കണ്ടെത്താന്‍ ജ്യോതിഷത്തിന്റെ അധിദേവതകളായ ഗണപതിയുടെയും ദക്ഷിണാമൂര്‍ത്തിയായ പരമശിവന്റെയും ഇഷ്ട ദേവതകളുടെയും അനുഗ്രഹവും അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങളിലൊന്നും തന്നെ ആധുനിക ഉപാധികള്‍ പകരം വയ്ക്കാനും ആവില്ല.

ജ്യോതിഷമെന്ന വാക്കിന് അര്‍ത്ഥം ദൈവീകമായ വെളിച്ചമെന്നാണ്. ഗണപതി, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ ദേവതമാര്‍ ജ്വലിപ്പിക്കുന്ന വിവേകത്തിന്റെ വെള്ളിവെളിച്ചത്തിലൂടെ ജ്യോതിഷത്തെ പരിപുഷ്ടമാക്കുകയും അതുവഴി ജനങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കുകയും ചെയ്യുന്നു. അതിനാല്‍, ഭാരതീയര്‍ ദൈവീക വെളിച്ചമെന്ന അര്‍ത്ഥത്തില്‍ ജോതിഷമെന്ന പദപ്രയോഗം നടത്തുന്നത് അനുയോജ്യമെന്ന് കാണാം.

ജ്യോതിഷത്തിന്‍റെ അടിസ്ഥാനങ്ങള്‍

PRO
ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂര്‍ത്തം, ഗണിതം എന്നിങ്ങനെ ഷഡ് അംഗങ്ങളോടു കൂടിയതാണ് ജ്യോതിഷം. എന്നാല്‍, ഇന്നു വ്യാപകമായി കൈകാര്യം ചെയ്തു വരുന്നതും പ്രശ്നം, ജാതകം, മുഹൂര്‍ത്തം, പൊരുത്തശോധന എന്നീ നാലുവിഷയങ്ങളാണ്. ഇവയുടെ സവിശേഷതകളിലേക്ക്;

പ്രശ്നം

ജ്യോതിഷത്തിലെ മറ്റ് അഞ്ച് അംഗങ്ങള്‍ക്കും നിര്‍ദ്ദിഷ്ടമായ ഒരു പന്ഥാവുണ്ട്. എന്നാല്‍, പ്രശ്നത്തിന് അടിസ്ഥാന പ്രമാണങ്ങള്‍ ഉണ്ടെങ്കിലും അത് സങ്കീര്‍ണ്ണവും ദുര്‍ഗമവുമാണ്. ഒരു മനുഷ്യന്റെയോ കുടുംബത്തിന്റെയോ സമൂഹത്തിന്റ്യോ ആരാധനാലയത്തിന്റെയോ രാജ്യത്തിന്റെയോ ശുഭാശുഭ ഫലങ്ങള്‍ ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളെ അനാവരണം ചെയ്തുകൊണ്ടു പ്രവചിക്കുന്നതിനൊപ്പം പരിഹാര നിര്‍ദ്ദേശങ്ങളിലൂടെ ദുരന്തങ്ങളെയും ദുരിതങ്ങളെയും എങ്ങനെ തരണം ചെയ്യാമെന്ന് കൂടി പ്രശ്നത്തിലൂടെ വ്യക്തമാക്കപ്പെടുന്നു.

ജാതകം

“ പൂര്‍വ ജന്മാര്‍ജ്ജിതം കര്‍മ്മ ശുഭംവായദിവാശുഭം
തസ്യ പക്തിം ഗ്രഹാഃ സര്‍വ്വേ സൂചയന്തിഹജന്മനി
PRO


പൂര്‍വ ജന്മത്തില്‍ ചെയ്ത ശുഭ കര്‍മ്മത്തിന്റെയോ അശുഭ കര്‍മ്മത്തിന്റെയോ ഫലമാണ് ഈ ജന്മത്തില്‍ അനുഭവിക്കുന്നത് എന്ന് ജനന സമയത്തെ ഗ്രഹനില സൂചിപ്പിക്കുന്നു എന്ന് അര്‍ത്ഥം. ജീവിതത്തില്‍ ഉണ്ടാവുന്ന ഗുണ ദോഷ ഫലങ്ങളെ മുന്‍‌കൂട്ടി അറിയുന്നതിന് ജാതകം സഹായിക്കുന്നു. ഏതു തരം വിദ്യാഭ്യാസമാണ് അനുയോജ്യം, ഏതു തൊഴില്‍ വിജയം നല്‍കും, ഏതുകാലത്ത് ഏത് കര്‍മ്മം അനുഷ്ഠിക്കണം എന്നൊക്കെ ഗ്രഹനില അടിസ്ഥാനമാക്കി പ്രവചിക്കാന്‍ സാധിക്കും. ഇത് ശാരീരിക, മാനസിക സ്വസ്ഥത കൈവരിക്കാന്‍ സഹായമാവുകയും ചെയ്യും.

“a forecast of person's future life based on a diagram showing the relative positions of stars and planets at the person's birth” എന്നാണ് ഓസ്ക്ഫോര്‍ഡ് ഡിക്‍ഷണറിയില്‍ ഇത്തരം പ്രവചനത്തെ കുറിച്ച് വിശദീകരിക്കുന്നത്. ജീവിതത്തിലുടനീളം അനുഭവിക്കാന്‍ പോവുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ വ്യക്തമായ ഒരു ചിത്രം ജനനസമയത്തെ ഗ്രഹനിലയിലൂടെ അറിയുവാന്‍ കഴിയുന്നു എന്നതിനപ്പുറം ദുഃഖങ്ങളെയും ദുരിതങ്ങളെയും അതിജീവിക്കാനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും സൂചിതമാണ്.

മുഹൂര്‍ത്തം

PRO
പ്രവര്‍ത്തിച്ചതുകൊണ്ടുമാത്രം ഫലം കിട്ടില്ല. പ്രവര്‍ത്തിക്കുന്നതിന്റെ ഫലം പ്രവര്‍ത്തി ചെയ്യുന്ന കാലത്തെ കൂടി ആശ്രയിച്ചിരിക്കുന്നു. അനുകൂല സമയത്ത് ചെയ്യുന്ന ഒരു പ്രവര്‍ത്തി ഗുണഫലങ്ങളെ പുഷ്ടികരമായി പ്രദാനം ചെയ്യുന്നു. അനുകൂല സമയമല്ല എങ്കിലോ, പ്രവര്‍ത്തിക്ക് ഗുണഫലമുണ്ടാവുകയില്ല എന്ന് മാത്രമല്ല ദുഃഖവും ദുരിതവും നാശവും നഷ്ടവും ഉണ്ടാക്കുന്നതിന് അത് ഇടയാക്കുകയും ചെയ്യും. അതിനാല്‍, ശുഭ മുഹൂര്‍ത്തങ്ങള്‍ തെരഞ്ഞെടുത്ത് ഓരോ കാര്യവും ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ഈ ഭാഗത്തിനു ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.
PRO


പൊരുത്തശോധന

വിവാഹ ജീവിതത്തിലെ അസ്വസ്ഥതകള്‍ ഇന്നത്തെ സമൂഹത്തില്‍ സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും നാളും ഗ്രഹനിലയും പരിശോധിച്ച് പൊരുത്തം ഉറപ്പുവരുത്താതെ നടത്തുന്ന വിവാഹങ്ങളിലാണ് ഇത്തരത്തില്‍ അസ്വാരസ്യം ഉരുണ്ടു കൂടുന്നത്. അതിനാല്‍, തന്നെ പൊരുത്തശോധനയ്ക്ക് ജ്യോതിഷത്തില്‍ പരമപ്രധാന സ്ഥാനമുണ്ട്. വ്യക്തികളില്‍ തുടങ്ങുന്ന അസ്വസ്ഥതകളും അസ്വാരസ്യങ്ങളുമാണ് ലോക സമാധാനത്തിനു പോലും ഭംഗമുണ്ടാക്കാവുന്നത് എന്നും ഇവിടെ ഓര്‍ക്കേണ്ടതാണ്.

മേല്‍പ്പറഞ്ഞ നാല് വിഷയങ്ങളില്‍ ഉണ്ടാവുന്ന പോരായ്മകള്‍ക്ക് ജ്യോതിഷത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍, പരിഹാരങ്ങള്‍ ദോഷങ്ങളെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെങ്കിലും യഥാതഥമായി നടക്കുന്നതിന് തുല്യമായ ഗുണഫലങ്ങള്‍ ഉണ്ടാകുന്നതല്ല എന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വെബ്ദുനിയ വായിക്കുക