സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും ഓമില്‍ അലിഞ്ഞിരിക്കുന്നത് എങ്ങനെ?

വെള്ളി, 6 ഏപ്രില്‍ 2018 (12:31 IST)
ഓം എന്നത് കേവലം അക്ഷരം മാത്രമായിരിക്കാം ചിലര്‍ക്ക്. എന്നാല്‍, ഓം എന്ന ശബ്ദത്തിന് പ്രണവം അഥവാ ബ്രഹ്മം എന്നാണ് അര്‍ത്ഥം. അനശ്വരമായ നാദ ബ്രഹ്മ വിരാക്ഷര മന്ത്രമാണ് ഇത്. ആദിയില്‍ ഉണ്ടായ ശബ്ദം ഓംകാരമാണെന്ന്‌ ഹൈന്ദവര്‍ വിശ്വസിക്കുന്നു. ജീവിതത്തിന്‍റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും അടങ്ങിയ ശബ്ദമായാണ്‌ ‘ഓം’ കരുതപ്പെടുന്നത്‌. 
 
ഓംകാരത്തിന്‍റെ മഹത്വത്തെ വിവരിക്കാത്ത ആദിമ ഗ്രന്ഥങ്ങളില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും എല്ലാം ‘ഓം’ എന്ന ശബ്ദത്തിന്‍റെ നാനാര്‍ത്ഥങ്ങളെ വിവരിക്കുന്നു. വേദങ്ങളുടെ സാരാംശമത്രയും അടങ്ങിയ ഒറ്റ ശബ്ദമായി ഓംകാരം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്‌. 
 
മിക്ക ഉപനിഷത്തുക്കളിലും ഓം കാരത്തിന്‍റെ പൊരുള്‍ ഓരോ തരത്തില്‍ വിവരിച്ചിട്ടുണ്ട്‌. മുണ്ഡകോപനിഷത്തിലെ വിവരണങ്ങള്‍ ഓം കാരത്തിന്‍റെ മഹത്വത്തെയാണ്‌ വെളിവാക്കുന്നത്‌. എല്ലാ മന്ത്രങ്ങളും ഓം എന്ന ശബ്ദത്തോട് ചേര്‍ത്താണ് തുടങ്ങുന്നത്. എല്ലാം ഓമില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. തുടക്കവും ഒടുക്കവും എല്ലാം.
 
ഓമില്‍ കവിഞ്ഞ് ഒന്നുമില്ല, സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും എല്ലാം ഓം എന്ന ശബ്ദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് മാണ്ഡ്യൂക്യോപനിഷത്തില്‍ പറയുന്നു. ആ, ഉ, അം എന്നീ മൂന്നക്ഷരങ്ങള്‍ ചേര്‍ന്നാണ് ഓം ആയത്. ആ എന്ന അക്ഷരം ഋ ഗ്വേദത്തില്‍ നിന്നും ഉ എന്ന അക്ഷരം യജുര്‍വേദത്തില്‍ നിന്നും മ എന്ന അക്ഷരം സാമവേദത്തില്‍ നിന്നുമാണ് എടുത്തത്. 
 
ആദിമ കാലത്ത് മൂന്നു വേദങ്ങള്‍ എന്നായിരുന്നു കണക്ക്. നാലാമത്തെ വേദമായ അഥര്‍വ വേദം പിന്നീട് ചേര്‍ക്കുകയാണുണ്ടായത്. ഓം എന്ന വാക്ക് മന്ത്രിക്കുന്നതിലൂടെ ഒരുവൻ എല്ലാവിധ ശാരീരിക പ്രശ്നങ്ങളിൽ നിന്നും മുക്തമായി അയാളുടെ മനസ് ശാന്തമാകുകയും ജ്ഞാനം ലഭ്യമാക്കുകയും ചെയ്യുന്നു.  
 
രാവിലെ ഉണരുമ്പോൾ ഓം എന്ന് ജപിച്ചു കൊണ്ട് എഴുന്നേല്ക്കുവാൻ ശ്രമിക്കുകയാണെങ്കിൽ ആ ശബ്ദസ്പന്ദനം അന്നത്തെ ദിവസത്തെ നല്ലതാക്കി മാറ്റും. മനസ്സമാധാനം നല്കുകയും മനസിന്‌ ആശ്വാസം ലഭിക്കുകയും ചെയ്യുന്ന ഒരുതരം ധ്യാനമാണ് ഓം.
 
അകാരം വിഷ്ണുവിനെയും ഉ കാരം ശിവനെയും മ കാരം ബ്രഹ്മവിനെയും പ്രതിനിധാനം ചെയ്യുന്നു. 
 
അകാരോ വിഷ്ണു രുദ്ദിശ്യ 
ഉകാരസ്തു മഹേശ്വര ഃ
മകാരസ്തു സ്മൃതോ ബ്രഹ്മാ...
പ്രണവസ്തു ത്രയാത്മക ഃ 
 
എന്ന് വായുപുരാണത്തില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍