സേകം എന്ന സ്ത്രീപുരുഷ സംയോഗത്തെ കുറിച്ച്

ബുധന്‍, 5 മെയ് 2010 (14:39 IST)
PRO
വധൂവരന്‍‌മാര്‍ ഭാര്യാഭര്‍ത്താക്കന്‍‌മാരായി തീരുന്ന കര്‍മ്മമാണ് സേകം. ഇതിനു നിഷേകം, ഗര്‍ഭാധാനം എന്നീ പേരുകളും ഉണ്ട്. കാമം ജന്തുസഹജമാണല്ലോ? എന്നാല്‍, മനുഷ്യരെ സംബന്ധിച്ചിടത്തോളം കാമമെന്ന വികാരം പ്രേമാത്മകവും ധാര്‍മ്മിക ഭാവങ്ങളാല്‍ സ്വയം നിയന്ത്രിതവുമായിരിക്കണം. ഇതാണ് മനുഷ്യരെ മറ്റ് ജന്തുക്കളില്‍ നിന്ന് വ്യത്യസ്തരാക്കുന്ന ഒരു ഘടകം.

സേകത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആചാര്യന്‍‌മാര്‍ അനുശാസിച്ചിട്ടുണ്ട്. ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കുറിച്ചുള്ള അജ്ഞത പലപ്പോഴും സമൂഹത്തിന്റെ സ്വസ്ഥത ഇല്ലാതാക്കാറുമുണ്ട്. അതിനാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ ഓരോ മനുഷ്യനും പരമപ്രധാനമായിരിക്കും.

ആരോഗ്യം, ആയുസ്സ്, സത്ഗുണങ്ങള്‍ എന്നിവയുള്ള ഒരു സന്താനമുണ്ടാവുന്നത് കുടുംബത്തിനും സമൂഹത്തിനും നന്‍‌മവരുത്തുമെന്നതില്‍ സംശയമില്ല. സത്‌സന്താനങ്ങള്‍ കുടുംബത്തിനെയും സമൂഹത്തിനെയും സത്യത്തിലേക്കും ധര്‍മ്മത്തിലേക്കും നീതിയിലെക്കും സമാധാനത്തിലേക്കും നയിക്കും. വിശുദ്ധാഹാരങ്ങള്‍ കഴിച്ചുകൊണ്ട് വ്രതമനുഷ്ഠിച്ച് ഈശ്വരഭജനം നടത്തിവേണം, അതായത് മനസ്സും ശരീരവും ശുദ്ധമാക്കി, ദമ്പതിമാര്‍ സത്‌സന്താന ലബ്ധിക്കായി ഗര്‍ഭാധാനം ചെയ്യേണ്ടത്.

മന്ത്രജപം, ഔഷധസേവ, പുണ്യതീര്‍ത്ഥ സ്നാനം, പുണ്യദേവാലയ ദര്‍ശനം എന്നിവകള്‍ കൊണ്ട് നിര്‍മ്മലയും മനശുദ്ധിയുള്ളവളുമായ സ്ത്രീയുമായി വാജീകരണ ഔഷധങ്ങളാല്‍ തേജസ്സിനെ വര്‍ദ്ധിപ്പിച്ച പുരുഷന്‍ ബന്ധപ്പെടണം. പ്രസന്നത, നിര്‍മ്മലത, സത്ഭാവങ്ങള്‍, എന്നിവ സംയോഗ സമയത്തു മനസ്സില്‍ നിറഞ്ഞുനില്‍ക്കണം. കോപം, ഭയം, മറ്റ് ദുര്‍വിചാരങ്ങള്‍ എന്നിവയൊന്നും മനസ്സില്‍ ഉണ്ടായിരിക്കരുത്. മനസ്സിനു പ്രസന്നത നല്‍കുന്ന സ്ഥലത്തുവച്ചായിരിക്കണം ഗര്‍ഭാധാനം ചെയ്യേണ്ടത്. കുളികഴിഞ്ഞ് കുറിക്കൂട്ടുകളും മറ്റും അണിഞ്ഞ് ഇരുവരും ബന്ധപ്പെടണം. ബന്ധപ്പെടുന്ന സമയത്ത് അമിതമായി ഭക്ഷണം കഴിച്ചിരിക്കരുത്. എന്നാല്‍, വിശപ്പുണ്ടായിരിക്കാനും പാടില്ല.

പരസ്പരം ഹൃദയപൂര്‍വം സന്തോഷത്തോടും പ്രേമത്തോടും കൂടിയാണ് ബന്ധപ്പെടേണ്ടത്. താല്‍പ്പര്യമില്ലാത്തവള്‍, രോഗിണി, രജസ്വല, അന്യപുരുഷനെ കാമിക്കുന്നവള്‍, കോപാകുലയായിരിക്കുന്നവള്‍, അമിതമായി ഭക്ഷണം കഴിച്ചവള്‍, ഗര്‍ഭിണി, ഭയമുള്ളവള്‍, പരഭാര്യ എന്നിങ്ങനെയുള്ള സ്ത്രീകളോട് ഒരിക്കലും സംഗം ചെയ്യാന്‍ പാടില്ല. ഇതേ ദോഷങ്ങളുള്ള പുരുഷനുമായി സ്ത്രീയും സംഗം ചെയ്യാന്‍ പാടുള്ളതല്ല.

ദേവാലയങ്ങള്‍, ആശ്രമങ്ങള്‍, വിശുദ്ധ സ്ഥലങ്ങള്‍, വിശുദ്ധവൃക്ഷച്ചുവടുകള്‍, വീട്ടുമുറ്റം, തീര്‍ത്ഥസ്ഥലം, ശ്മശാനം, ഗോശാല, ജലാശയം തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചും സഹശയനം പാടില്ല. പരഭാര്യമായുള്ള ബന്ധവും അന്യസ്ത്രീയുടെ ഭര്‍ത്താവുമായുള്ള ബന്ധവും ഇഹത്തിലും പരത്തിലും ദുരിതാനുഭവങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. പകല്‍ സമയത്തുള്ള ബന്ധപ്പെടലും പാപകാരണവും രോഗകാരണവുമായിരിക്കും.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വെബ്ദുനിയ വായിക്കുക