ജപ്പാന് സുനാമി പുനരധിവാസത്തിന് വേണ്ടി ശ്രീ മാതാ അമൃതാനന്ദമയീദേവി ഒരു മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (4.5 കോടി രൂപ) സംഭാവന ചെയ്തു. സെപ്തംബര്‍ 16-ന് ജപ്പാനിലെ മിയാഗി ഗവര്‍ണര്‍ യോഷിഹിരോ മുറായ്ക്ക് മാതാ അമൃതാനന്ദമയീമഠത്തിന്റെ അന്താരാഷ്ട്ര സേവന സംഘടനയുടെ ഭാരതഘടകം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരിയും ജപ്പാന് ഘടകം ഡയറക്ടര്‍ ബ്രഹ്മചാരി ശാന്താമൃത ചൈതന്യയും ചേര്‍ന്ന് ഈ തുക ഔപചാരികമായി കൈമാറി.
അമ്മയുടെയും മഠത്തിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ‘എംബ്രേസിംഗ് ദ വേള്‍ഡ്’ എന്ന സംഘടനയാണ് ഈ തുക സമാഹരിച്ചത്. മിയാഗിയിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ഈ പ്രദേശത്ത്, സുനാമി ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മാതാ അമൃതാനന്ദമയീ മഠം സജീവമായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
മഠത്തിന്റെ സേവനസംഘടനയുടെ സഹായങ്ങള്‍ക്ക് ഗവര്‍ണര്‍ മുറായ് നന്ദി പ്രകാശിപ്പിച്ചു. എംബ്രേസിംഗ് ദ വേള്‍ഡ് സംഘടനയെ ലോകശ്രദ്ധ പിടിച്ചുപറ്റിയ മികച്ച എന്‍ജിഒ സംഘടനയെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ജപ്പാനിലെ നാശനഷ്ടങ്ങളെ പറ്റി ഈ സംഘടന ലോകവ്യാപകമായ ശൃംഖലയിലൂടെ എല്ലാവരെയും അറിയിക്കുന്നതിനാല്‍ ഇവിടുത്തെ സ്ഥിതികള്‍ കൂടുതല്‍ നന്നായി ലോകജനത മനസിലാക്കുന്നുണ്ടെന്നും ഗവര്‍ണര്‍ മുറായ് പറയുകയുണ്ടായി. ചടങ്ങില്‍ ടോക്കിയോവിലെ ഭാരത എംബസി ഡെപ്യൂട്ടി ചീഫ് സഞ്ജയ് പാണ്ഡെയും സന്നിഹിതനായിരുന്നു.