വിവാഹ പൊരുത്തങ്ങള്‍ ഏതൊക്കെ എങ്ങനെ?

SasiSASI
വിവാഹ ജീവിതത്തില്‍ സ്ത്രീ പുരുഷന്‍‌മാരുടെ പരസ്പര ചേര്‍ച്ച അറിയുന്നതിനായാണ് ജാതക പൊരുത്തം നോക്കുന്നത്. ഇതിനെ സ്ത്രീ പുരുഷ ആനുകൂല്യം എന്നും പറയാറുണ്ട്. പ്രധാനമായും എട്ട് പൊരുത്തങ്ങളാണ് നോക്കാറുള്ളത്. ഇത് കൂടാതെ ചില ദോഷങ്ങളും പാപസാമ്യവും ജാതകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനു മുമ്പായി കണക്കിലെടുക്കാറുണ്ട്.

1. രാശിപ്പൊരുത്തം
2. രാശ്യാധിപ പൊരുത്തം
3. വശ്യപ്പൊരുത്തം
4. മാഹേന്ദ്ര പൊരുത്തം
5. ഗണപ്പൊരുത്തം
6. യോനിപ്പൊരുത്തം
7. ദിനപ്പൊരുത്തം
8. സ്ത്രീ ദീര്‍ഘ പൊരുത്തം എന്നിവയാണ് പ്രധാന പൊരുത്തങ്ങള്‍.

രാശിപ്പൊരുത്തം

സ്ത്രീ ജനിച്ച കൂറിന്‍റെ 2, 3, 4, 5, 6 എന്നീ കൂറുകളില്‍ ജനിച്ച പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കരുത്. 7 മുതല്‍ 12 വരെ കൂറുകളില്‍ ജനിച്ച പുരുഷനാണ് ഉത്തമം. രണ്ട് പേരുടേയും നക്ഷത്രങ്ങള്‍ ഒന്നല്ലെങ്കില്‍ ഒരേ കൂറില്‍ ജനിച്ചവര്‍ തമ്മിലുള്ള ബന്ധവും നല്ലതാണ്.

സ്ത്രീ ജനിച്ച കൂറിന്‍റെ രണ്ടാം കൂറില്‍ പുരുഷന്‍ ജനിച്ചാല്‍ ധനനാശവും മൂന്നാം കൂറില്‍ ജനിച്ചാല്‍ ദു:ഖവും നാലാം കൂറില്‍ ജനിച്ചാല്‍ പരസ്പര വിരോധവും അഞ്ചാം കൂറിലാണെങ്കില്‍ പുത്രനാശവും ആറാം കൂറില്‍ ദു:ഖവും വിരഹവും ആപത്തും ആണ് ഫലം.

രാശ്യാധിപ പൊരുത്തം

രാശിയുടെ അഥവാ കൂറിന്‍റെ അധിപന്‍ ഓരോ ഗ്രഹമായിരിക്കും. സ്ത്രീപുരുഷന്‍‌മാര്‍ ജനിച്ച കൂറിന്‍റെ അധിപന്‍‌മാര്‍ ഒരേ ഗ്രഹമാണെങ്കില്‍ അല്ലെങ്കില്‍ പരസ്പരം ബന്ധുക്കളാണെങ്കില്‍ നല്ലതാണ്. സൂര്യന് വ്യാഴം, ചന്ദ്രന് ബുധനും ജീവനും, ചൊവ്വയ്ക്ക് ബുധനും ശുക്രനും, ബുധന് ചന്ദ്രന്‍, ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി എന്നിവരും വ്യാഴത്തിന് സൂര്യന്‍, ചന്ദ്രന്‍, ബ്വുധന്‍, ശുക്രന്‍, ശനി എന്നിവരും ശുക്രന് ചൊവ്വ, ബുധന്‍, വ്യാഴം, ശനി എന്നിവരും ശനിക്ക് ബുധന്‍, വ്യാഴം, ശുക്രന്‍ എന്നിവരും ബന്ധുക്കളാണ്. മറ്റുള്ളവ ഓരോ ഗ്രഹത്തിനും ശത്രുവായിട്ടാണ് കണക്കാക്കുന്നത്.


SasiSASI
വശ്യപ്പൊരുത്തം

ഓരോ രാശിക്കും വശ്യ രാശികളുണ്ട്. സ്ത്രീ ജനിച്ച കൂറിന്‍റെ വശ്യ രാശി ആയ കൂറില്‍ പുരുഷന്‍ ജനിച്ചാല്‍ ശുഭമാണ്. പുരുഷന്‍ ജനിച്ച കൂറിന്‍റെ വശ്യരാശി സ്ത്രീയുടേതായാലും നല്ല ഫലമാണെന്ന് പൊതുവേ പറയാം.

മേടത്തിന് ചിങ്ങം, വൃശ്ചികം
ഇടവത്തിന് കര്‍ക്കിടകം, തുലാം
മിഥുനത്തിന് കന്ന്
കര്‍ക്കിടകത്തിന് വൃശ്ചികം, ധനു
ചിങ്ങത്തിന് തുലാം
കന്നിക്ക് മിഥുനം, മീനം
തുലാത്തിന് കന്നി, മകരം
വൃശ്ചികത്തിന് കര്‍ക്കിടകം
ധനുവിന് മീനം
മകരത്തിന് മേടം, കുംഭം
കുംഭത്തിന് മേടം
മീനത്തിന് മകരം എന്നിവയാണ് വശ്യരാശികള്‍.

മാഹേന്ദ്രപൊരുത്തം

നക്ഷത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് മാഹേന്ദ്ര പൊരുത്തം കണക്കാക്കുന്നത്. മാഹേന്ദ്ര യോഗം, ഉപേന്ദ്ര യോഗം എന്നീ യോഗങ്ങളും നക്ഷത്രങ്ങളുടെ പൊരുത്തം കൊണ്ട് സിദ്ധിക്കുന്നു.

സ്ത്രീ ജനിച്ച നക്ഷത്രത്തിന്‍റെയോ അനുജന്‍‌മ നക്ഷത്രത്തിന്‍റെയോ 4, 7, 10 എന്നീ നാളുകളില്‍ പുരുഷന്‍ ജനിച്ചാല്‍ ശുഭം. പുരുഷന്‍റെ ജന്‍‌മ നക്ഷത്രത്തില്‍ നിന്ന് സ്ത്രീയുടെ നക്ഷത്രം നാലാമത്തേതായാല്‍ മാഹേന്ദ്ര യോഗമായി. ധനധാന്യ സ‌മൃദ്ധിയാണ് മാഹേന്ദ്രയോഗത്തിന്‍റെ ഫലം. സ്ത്രീ നക്ഷത്രം ഏഴാമത്തേതായാല്‍ ഉപേന്ദ്രയോഗമാണ്- സന്താനലാഭമാണ് ഫലം.


SasiSASI
ഗണപ്പൊരുത്തം

നക്ഷത്രങ്ങളെ മൂന്ന് ഗണങ്ങളായാണ് തിരിച്ചിരിക്കുന്നത് - ദേവഗണം, മനുഷ്യഗണം, അസുരഗണം എന്നിങ്ങനെ. വിവാഹിതരാവുന്ന സ്ത്രീ പുരുഷന്‍‌മാരുടെ ഗണം ഒന്നായാല്‍ വളരെ ശുഭമാണ്. പുരുഷന്‍ ദേവ ഗണവും സ്ത്രീ മനുഷ്യ ഗണവും ആയാലും ഫലം ശുഭം. അസുരഗണ പുരുഷന് മനുഷ്യ ഗണ സ്ത്രീ ഉത്തമമല്ല. മനുഷ്യഗണ പുരുഷന് ദേവഗണ സ്ത്രീ അശുഭമാണു താനും. ദേവഗണത്തിലോ മനുഷ്യ ഗണത്തിലോ ജനിച്ച പുരുഷന് അസുര ഗണത്തിലുള്ള സ്ത്രീ തീര്‍ത്തും വര്‍ജ്ജ്യമാണ്.

യോനിപ്പൊരുത്തം

നക്ഷത്രങ്ങളെ വിവിധ യോനികളായി തിരിച്ചിരിക്കുന്നു. വിവാഹ ജീവിതത്തിലെ ചേര്‍ച്ചയും ലൈംഗികമായ ചേര്‍ച്ചയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മനുഷ്യന്‍, കുതിര, ആന, ആട്, പാമ്പ്, പട്ടി, പൂച്ച, എലി, സിംഹം/പുലി, പശു, കുരങ്ങ്, മാന്‍, ഒട്ടകം എന്നിങ്ങനെയാണ് യോനികള്‍. ഇതില്‍ പശു, കുതിര, ഒട്ടകം തുടങ്ങിയ വ്യത്യസ്തമാണെങ്കിലും ഏതാണ്ട് സമാനമായ യോനികളായി കണക്കാക്കാം. പാമ്പ്, പൂച്ച, എലി എന്നിവയെല്ലാം തീര്‍ത്തും വ്യത്യസ്തമായ യോനികളാണ്. സ്ത്രീ പുരുഷന്‍‌മാരുടെ നക്ഷത്രങ്ങള്‍ ഒരേ യോനിയില്‍ ആണെങ്കില്‍ ഉത്തമമാണ്.

ഒന്ന് പശു യോനിയും മറ്റേത് മനുഷ്യ യോനിയുമാണെങ്കില്‍ മധ്യമവും ഒന്ന് പശു യോനിയും മറ്റേത് ---- സരീസൃപ -- യോനിയും ആണെങ്കില്‍ അധമം ആണ്. ഒന്ന് മനുഷ്യ യോനിയും മറ്റേത് പക്ഷിയോനിയോ അല്ലെങ്കില്‍ സരീസൃപ യോനിയും ആണെങ്കില്‍ ഒരിക്കലും ജാതകങ്ങള്‍ ചേര്‍ക്കാന്‍ പാടില്ല.


ദിനപ്പൊരുത്തം

സ്ത്രീ പുരുഷന്‍‌മാര്‍ ജനിച്ച നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള പൊരുത്ത നിര്‍ണ്ണയമാണിത്. സ്ത്രീ നക്ഷത്രത്തില്‍ നിന്ന് മൂന്നും ഏഴും നാളുകളില്‍ ജനിച്ച പുരുഷന്‍ മോശമാണ്. അഞ്ചാം നാളില്‍ ജനിച്ച പുരുഷനും അശുഭനാണ്. സ്ത്രീ ജനിച്ച നക്ഷത്ര പാദത്തില്‍ നിന്ന് എമ്പത്തെട്ടാമത്തേത് മുതലുള്ള നക്ഷത്ര പാദത്തിലും നൂറ്റിയെട്ടാമത്തെ നക്ഷത്ര പാദത്തിലും ജനിച്ച പുരുഷനേയും ഒഴിവാക്കണം.

സ്ത്രീദീര്‍ഘപ്പൊരുത്തം

സ്ത്രീയുടെ ജന്‍‌മ നക്ഷത്രം തുടങ്ങി പുരുഷന്‍റെ ജന്‍‌മനക്ഷത്രം വരെ എണ്ണിയാല്‍ വരുന്ന സംഖ്യ 15 ല്‍ കൂടുകയാണെങ്കില്‍ ഏറ്റവും ശുഭകരമായ സ്ത്രീ ദീര്‍ഘപ്പൊരുത്തമായി അതിനെ കണക്കാക്കാം. 15 ല്‍ നിന്നും കുറയുന്തോറും ശുഭസ്വഭാവം കുറഞ്ഞു വരും.

ദോഷങ്ങള്‍

ചൊവ്വയുടെ നിലയെ അടിസ്ഥാനപ്പെടുത്തി സ്ത്രീ പുരുഷ ജാതകത്തിലെ പാപ സാമ്യം കണക്കാക്കാറുണ്ട്. പാപങ്ങളുടെ ആകെത്തുക ഏതാണ്ട് തുല്യമായി വരുന്നത് ഉത്തമമാണ്. രജ്ജു, വേധം എന്നിവയാണ് വിവാഹപ്പൊരുത്തത്തിന് കണക്കാക്കുന്ന ദോഷങ്ങള്‍.

രജ്ജു:

ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം എന്നീ നക്ഷത്രങ്ങളില്‍ സ്ത്രീ പുരുഷന്‍‌മാരുടെ നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ടാല്‍ മധ്യമ രജ്ജു ദോഷം ഉണ്ടാവുന്നു.

വേധം:

അശ്വതി - കേട്ട, ഭരണി - അനിഴം, തിരുവാതിര - തിരുവോണം, വിശാഖം- കാര്‍ത്തിക, ചോതി - രോഹിണി, മൂലം - ആയില്യം, മകം - രേവതി, പൂയം - പൂരാടം, പുണര്‍തം - ഉത്രാടം, ഉത്തൃട്ടാതി - പൂരം, അത്തം - ചതയം, പൂരുരുട്ടാതി - ഉത്രം ഈ നാളുകള്‍ തമ്മില്‍ പരസ്പര വേധമുണ്ട്. അതുപോലെ മകയിരം, ചിത്തിര, അവിട്ടം ഈ നാളുകള്‍ തമ്മിലും പരസ്പരവേധമുണ്ട്. അതുകൊണ്ട് ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ പുരുഷന്‍‌‌മാര്‍ തമ്മില്‍ വിവാഹം പാടില്ല.