മതവും ശാസ്ത്രവും പരസ്പരം കൊമ്പുകോര്‍ക്കുന്ന ഇത്തരം സംവാദങ്ങളില്‍ അതിശയോക്തി കലര്‍ന്ന കൌതുകമാവും നമ്മിലെല്ലാം ഉണ്ടാവുക. എന്നാല്‍ പ്രത്യക്ഷത്തില്‍ ഗുണദോഷങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും, ഏകാഗ്രതയോടെ പറയുന്ന ഓരോ വാക്കിനും കൃത്യമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് ഭാരതീയദര്‍ശനം നമ്മേ പഠിപ്പിക്കുന്നു.
വാക്കുകള്‍ വരുത്തിവയ്ക്കുന്ന ദുണദോഷ പ്രത്യാഘാതങ്ങളെ ‘ഓംകാരം’ എന്ന മന്ത്രത്തിലൂടെ വ്യക്തമാക്കാം. “ഓം” എന്ന ശബ്ദം “പ്രണവം” അഥവാ “ബ്രഹ്മം” എന്നാണ് അര്‍ത്ഥമാക്കുന്നത്. ആ, ഉ, അം എന്നീ മൂന്നക്ഷരങ്ങള്‍ ചേര്‍ന്നതാണ് ഓം.
ഈ മൂന്നക്ഷരങ്ങളും യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹാരം (അ - വിഷ്ണു, ഉ - ശിവന്‍, മ - ബ്രഹ്മവ്) എന്നീ മൂന്ന് ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ്യം മുഴുവന്‍ ഓമില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
പ്രാഥമിക ശബ്ദങ്ങള്‍ എല്ലാം ഓംകാരത്തിന്‍റെ മൂര്‍ത്തീകരണം ആയതിനാല്‍, നാം ഏതെങ്കിലും ഒരു വാക്ക് ഉച്ചരിക്കുമ്പോള്‍ ഓംകാരത്തിന്‍റെ മൂന്ന് ഗുണങ്ങളില്‍ ഒന്ന് ഉത്തേജിപ്പിക്കപ്പെടുന്നു.
അതായത് ഉച്ചരിച്ച വാക്കിന് സൃഷ്ടിക്കാനോ, നിലനിര്‍ത്താനോ, നശിപ്പിക്കാനോ ഉള്ള ശക്തി കൈവരുന്നു. ഗാഢമായ ഏകാഗ്രതയോടും ഉരുവിടുന്ന ഏതൊരു വാക്കിനും സത്യമായി ആവീര്‍ഭവിക്കാനാവുമെന്ന് നിരവധി യോഗിശ്വേരന്‍മാരും സാക്ഷിക്കുന്നു.
പ്രകൃതിയും മനുഷ്യനുമായുള്ള സ്വരബന്ധങ്ങളുടെ ഈ നിയമങ്ങള്‍ പുരാതന കാലം മുതല്‍ക്കേ ഋഷിശ്വരന്മാര്‍ മനസിലാക്കിയിരുന്നു. മുനിമാര്‍ മനസിലാക്കിയ ധ്വനികളുടെയും വചസുകളുടെയും ശക്തിവിശേഷങ്ങള്‍ നമ്മുടെ മഹത്ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുമുണ്ട്.
പ്രപഞ്ചത്തിന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുടെ അനന്തവൈവിധ്യമാര്‍ന്ന താളലയത്തെ നടരാജഭാവത്തില്‍ ശിവന്‍ അവതരിപ്പിച്ചതായി വേദങ്ങള്‍ ചിത്രീകരിക്കുന്നു.
ഈ നടനത്തില്‍ ബ്രഹ്മാവ് ഇലത്താളവും വിഷ്ണു മൃദംഗവും വായിച്ച് താളത്തിന് കൊഴുപ്പേകിയതായും വര്‍ണ്ണിച്ചിരിക്കുന്നു. അറിവിന്‍റെ ദേവതയായ സരസ്വതി എല്ലാ തന്ത്രിവാദ്യങ്ങളുടെയും മാതാവായ വീണ വായിക്കുന്നതായി പ്രതീകവല്‍ക്കരിച്ചിരിക്കുന്നു.
വിഷ്ണു അവതാരമായ ശ്രീകൃഷ്ണന്‍ ഒരു വേണുവുമായിട്ടാണ് കാട്ടിയിരിക്കുന്നത്. ഇതില്‍ നിന്നെല്ലാം ശബ്ദത്തിനും വാക്കുകള്‍ക്കും ഋഷിമാര്‍ എത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നുവെന്ന് മനസിലാക്കാനാവും.
ഈശ്വരന്‍ എന്നത് സൃഷ്ടിസ്പന്ദനത്തിന് അതീതമായ കേവല അമൂര്‍ത്തതയാണ്. ഈശ്വരനില്‍ സ്ഥിതിചെയ്യുന്ന കൂടസ്ഥചൈതന്യം അഥവാ ബോധം ബാഹ്യമായി ആവിഷ്ക്കരിക്കപ്പെടുന്നതാണ് “ഓം” അല്ലെങ്കില്‍ “വചനം”. സൃഷ്ടിയുടെ മുഴുവന്‍ നിമിത്തകാരണനായി നില്‍ക്കുന്നതും ഈ ഓംകാരമാണ്.
ഈ ദര്‍ശനത്തെ ക്രിസ്തുമതത്തിലെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രീത്വവുമായി ഏറെ സാദൃശ്യമുണ്ട്. പിതാവില്‍ നിന്ന് പുത്രനും പരിശുദ്ധാത്മാവും ബഹിര്‍ഗമിക്കുന്നതുപോലെ, ബ്രഹ്മത്തില്‍ നിന്ന് ഓംകാരം ബഹിര്‍ഗമിക്കുന്നു. സൃഷ്ടിമുഴുവനിലും പ്രതിഫലിക്കുന്ന ദൈവീക ചൈതന്യം സാധനയിലൂടെ ആവിഷ്ക്കരിക്കുന്ന ഒരു യോഗിയുടെ വാക്കുകള്‍ക്ക് സാധാരണക്കാരന്‍റേതിനേക്കാള്‍ പല മടങ്ങ് അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയും.
ഇത്തരത്തില്‍, ആത്മാര്‍ത്ഥമായ അനുഗ്രഹാശംസകള്‍ക്കും, പ്രവചനങ്ങള്‍ക്കും, ശാപവാക്കുകള്‍ക്കും ഫലം കൈവരുന്നു, മന്ത്രങ്ങളുടെ ഉപയോഗം കൊണ്ട് മനുഷ്യന് പ്രകൃതിയുടെമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുന്നു. മഹാനായ അക്ബറിന്‍റെ ദര്‍ബാറിലെ ഗായകനായിരുന്ന താന്‍സെന്നിന് ഗാനാലാപനത്തിലൂടെ തീയണക്കാനും നട്ടുച്ചയ്ക്ക് അന്ധകാരം വ്യാപിപ്പിക്കാനും കഴിഞ്ഞത് അതുകൊണ്ടാണ്.
ജ്യോതിഷ മാനദണ്ഡങ്ങളിലൂടെ ഒരാളുടെ ഭാവി വ്യക്തമായി ഗണിക്കാന്‍ ആവുമെങ്കിലും, ജ്യോതിഷ പണ്ഡിതന്മാര്‍ അവ വെളിപ്പെടുത്താത്തതിനുള്ള കാരണവും മറ്റൊന്നല്ല. തെറ്റായ പ്രവചനം ആയാല്‍ കൂടി, പറഞ്ഞ വാക്ക് ഫലിക്കാന്‍ സാധ്യതയുണ്ട്.