പുത്തരിയൂണും ആഗ്രയണവും

ബുധന്‍, 11 ഓഗസ്റ്റ് 2010 (13:54 IST)
പുത്തരിയൂണും ആഗ്രയണവും നവാന്ന ഭോജനത്തെയാണ് ദ്യോതിപ്പിക്കുന്നത്. ആഗ്രയണം ബ്രാഹ്മണരുടെയും ഗൃഹസ്ഥരുടെയും ചടങ്ങായും പുത്തരിയൂണ് സാധാരണക്കാര്‍ പിന്തുടരുന്ന ചടങ്ങായും കാണാം.

പുത്തരിയൂ‍ണ്

PRO
പുത്തരിയൂ‍ണ് എന്നതു ഗൃഹസ്ഥന്‍‌മാരല്ലാത്തവരുടെ നവാന്ന ഭോജനമാണ്. വിഷു കഴിഞ്ഞ് വിതച്ച നെല്ല് കൊയ്ത ശേഷം ആ നെല്ല് കുത്തി ആദ്യമായി ചോറുവച്ചുണ്ണുന്നതാണ് പുത്തരിയൂണ്.

അന്നപ്രാശത്തിനു പറഞ്ഞിരിക്കുന്ന ദിവസങ്ങളെല്ലാം പുത്തരിയൂണിനും ശുഭമാണ്. എന്നാല്‍, ഊണ്‍ നാളുകള്‍ കൂടാതെ മകവും വിശാഖവും മൂലവും കൂടി പുത്തരിയൂണിനു ശുഭമാണ്. ആറാമിടത്തും പന്ത്രണ്ടാമിടത്തും ചന്ദ്രനും ഇതിനു ശുഭമൂഹൂര്‍ത്തമാണ്.

ആഗ്രയണം

ഗൃഹസ്ഥന്മാരുടെ നവാന്നഭോജനത്തിനാണ് ആഗ്രയണമെന്ന് പറയുന്നത്. അശ്വിനിമാസത്തിലെ - കന്നി, തുലാം - പൌര്‍ണമി ദിവസം ഗൃഹസ്ഥ ബ്രാഹ്മണര്‍ ഔപാസനാഗ്നിയില്‍ ചെയ്യുന്ന ഒരു കര്‍മ്മമാണിത്. ശ്രാവണമാസം തുടങ്ങി നാല് മാസത്തില്‍ രണ്ട് പ്രതിപദ പക്കങ്ങളിലും പൌര്‍ണമിയിലും പൌര്‍ണമിയിലെ കാര്‍ത്തികയില്‍ തുടങ്ങി വിശാഖം വരെയുള്ള 14 നാളുകളിലും ആഗ്രയണം നടത്താം.

വൃശ്ചികം തുടങ്ങിയ രാശികളും ഉപേക്ഷിക്കേണ്ടതില്ല. ദേവഗണ നക്ഷത്രങ്ങള്‍ ആഗ്രയണത്തിനും ശുഭമാണ്. ആഗ്രയണത്തിനു അധിമാസം വര്‍ജ്ജിക്കേണ്ടതാണ്. വെളുത്തപക്ഷത്തിലെ പ്രതിപദ ദിവസം ആഗ്രയണം നടത്തുകയാണെങ്കില്‍ ആദ്യം സ്ഥാലീപാകം നടത്തിയിട്ടു വേണം ആഗ്രയണം നടത്തേണ്ടത്.

പൌര്‍ണമിക്കാണ് ആഗ്രയണം നടത്തുന്നതെങ്കില്‍ സ്ഥാലീപാകത്തിനു മുമ്പ് വേണ്ടതാണ്. കൃഷ്ണപക്ഷ പ്രതിപദത്തിന്റെ നാലാം പാദം ആഗ്രയണത്തിനു വര്‍ജ്ജിക്കേണ്ടതാണ്. ശുക്ലപക്ഷ പ്രതിപദത്തിന്റെ പൂര്‍വാര്‍ദ്ധം ആഗ്രയണത്തിനു ശുഭമാണ്. നിവൃത്തിയില്ലാതെ വന്നാല്‍, പത്തില്‍ പപഗ്രഹങ്ങളുണ്ടെങ്കിലും ആ മുഹൂര്‍ത്തം സ്വീകരിക്കാം. പുത്തരിയൂണിനു ശുഭമായ മുഹൂര്‍ത്തങ്ങളൊക്കെ ആഗ്രയണത്തിനും ബാധകമാണ്.

വിഷുവിനു ശേഷം വിതച്ചുണ്ടാക്കുന്ന ധാന്യം കൊണ്ട് ഗൃഹസ്ഥര്‍ വിധിപ്രകാരം ആഗ്രയണഹോമം ചെയ്യേണ്ടതാണ്. ഇതിന് കര്‍ക്കിടകത്തിലെ അമാവാസി കഴിഞ്ഞ് വൃശ്ചികത്തിലെ അമാവാസി കഴിയുന്നത് വരെയുള്ള നാല് മാസങ്ങളില്‍ വരുന്ന പൌര്‍ണമിയും പ്രതിപദങ്ങളും ഉത്തമമാണ്. ഈ കര്‍മ്മം രാത്രിയില്‍ ചെയ്യാന്‍ പാടില്ല. നിവൃത്തിയില്ലാത്ത പക്ഷം പാട്ടു രാശി ഒഴിച്ച് സായാഹ്നവും സ്വീകരിക്കാം.

ആഗ്രയണത്തിന് അധിമാസങ്ങളെ വര്‍ജ്ജിക്കണം. ഈ കര്‍മ്മം പൌര്‍ണമിയിലോ പ്രതിപദങ്ങളിലോ ചെയ്യുമ്പോള്‍ എല്ലാ നക്ഷത്രങ്ങളും ശുഭ നക്ഷത്രങ്ങളായി സ്വീകരിക്കാം. പൌര്‍ണമിയിലോ പ്രതിപദങ്ങളിലോ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ പൌര്‍ണമിയിലുള്ള കാര്‍ത്തിക മുതല്‍ വിശാഖം വരെയുള്ള 14 നാളുകളില്‍ ഒന്ന് സ്വീകരിക്കാവൂ.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വെബ്ദുനിയ വായിക്കുക