വ്യാഴ ഗ്രഹം വൃശ്ചിക രാശിയില്‍ നിന്ന് നവംബര്‍ 22 ന് ധനു രാശിയിലേക്ക് കടക്കുകയാണ്. ഒരു കൊല്ലത്തിലേറെ - 2008 വരെ ധനുവിലായിരിക്കും വ്യാഴത്തിന്‍റെ സഞ്ചാരം. വ്യാഴം വലിയ മാറ്റങ്ങള്‍ വരുത്താനും രാജ്യങ്ങളുടേയും വ്യക്തികളുടേയും പ്രവൃത്തികളില്‍ സ്വാധീനം ചെലുത്താനും കെല്‍പ്പുള്ളതാണ്.
വ്യാഴം സ്വന്തം ക്ഷേതത്തിലേക്ക് മാറുന്നു എന്നൊരു പ്രധാന്യം കൂടിയുണ്ട്. സ്വഗൃഹത്തിലേക്ക് മാറുമ്പോള്‍ ബലം കൂടുതലായിരിക്കും.
1183 വൃശ്ചികം ആറിനു പുലര്‍ച്ചെ 5.30 നാണ് വ്യാഴത്തിന്‍റെ മാറ്റം. ഇതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടാവും എന്നാണ് പ്രശസ്ത ജ്യോതിഷ പണ്ഡിതര്‍ വിലയിരുത്തുന്നത്. ഇന്ത്യയില്‍ ഒരു ഭരണ മാറ്റം തന്നെ ഉണ്ടാവാന്‍ ഇടയുണ്ടെന്നാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് പ്രവചിക്കുന്നത്.
ഭരണകര്‍ത്താക്കള്‍ക്ക് പല പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരുമെന്നും എന്നാല്‍ പൊതുവേ അനുകൂലമായ സ്ഥിതിയിലേക്കായിരിക്കും മാറ്റമുണ്ടാവുക എന്നും മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാന്‍ ഇടയുള്ളവര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇക്കാലത്ത് വരാനിടയുണ്ട്. സാമ്പത്തിക വ്യാപാര വിതരണ വ്യവസായ രംഗങ്ങളില്‍ അഭിവൃദ്ധിയുണ്ടാവും.
കൂടുതല്‍ മഴ ലഭിക്കും എന്നതാണു മറ്റൊരു പ്രത്യേകത. അതുകൊണ്ട് കാര്‍ഷിക രംഗവും മെച്ചപ്പെടും. മേടം, മിഥുനം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ കൂറുകാര്‍ക്ക് വ്യാഴമാറ്റം പൊതുവെ നല്ലതാണ്.
ദോഷവശങ്ങളില്‍ പ്രധാനം പകര്‍ച്ച വ്യാധികള്‍ കൂടും എന്നതാണ്. മറ്റൊന്ന് ജനസംഖ്യാ വര്‍ദ്ധനയ്ക്കുള്ള സാധ്യതയാണ്. ഇടവക്കൂറുകാര്‍ക്ക് ചതി മൂലം ദോഷമോ നാശമോ മൃത്യുവോ വരെ വരാന്‍ സാധ്യതയുണ്ടെന്ന് ചില ജ്യോതിഷര്‍ പറയുന്നു.
കര്‍ക്കിടക കൂറുകാര്‍ക്ക് കേസില്‍ പെടാനുള്ള സാധ്യതയും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. കന്നി കൂറുകാര്‍ക്ക് ഫലം സമ്മിശ്രമാണ്. സ്ഥലമാറ്റവും സ്ഥാന ചലനങ്ങളും ഉണ്ടാവാം. തുലാക്കൂറുകാര്‍ക്കാവട്ടെ സസ്പെന്‍ഷന്‍, ജോലി നഷ്ടം എന്നിവയ്ക്ക് സാധ്യത. മാനഹാനിയും രാത്രിയില്‍ അപകടവും സൂക്ഷിക്കണം.
ധനുക്കൂറുകാര്‍ക്ക് ദാമ്പത്യ ക്ലേശങ്ങളും മറ്റുള്ളവരുടെ പ്രവൃത്തി കൊണ്ട് ക്ലേശങ്ങളും ദു:ഖവും അനുഭവിക്കേണ്ടി വരാം. മകരക്കൂറുകാര്‍ അബദ്ധത്തില്‍ ചെന്നു ചാടാതെ സൂക്ഷിക്കണം. മനോവ്യാധിയുണ്ടാവും. മറ്റുള്ളവരാല്‍ അപമാനിതനാവാനും സാധ്യതയുണ്ട്.
മീനം രാശിക്കാര്‍ക്കും വ്യാഴത്തിന്‍റെ മാറ്റം ദോഷമാണ്. വ്യാഴ ദോഷ പരിഹാരത്തിനായി വിഷ്ണുവിനെ ഭജിക്കുകയാണ് നല്ലത്. വിഷ്ണു ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ചെന്നു പ്രാര്‍ത്ഥിക്കുകയും വഴിപാട് നടത്തുകയും ചെയ്യണം. നവഗ്രഹങ്ങളില്‍ വ്യാഴത്തിനായി പ്രത്യേക അര്‍ച്ചന നടത്തുന്നതും നന്ന്. അതുപോലെ വ്യാഴാഴ്ചകളില്‍ കദളിപ്പഴവും പാല്‍പ്പായസവും നേദിക്കുന്നതും നന്ന്.