ചോറൂണിനുള്ള മുഹൂര്‍ത്തം ഏത്?

ബുധന്‍, 4 ഓഗസ്റ്റ് 2010 (14:28 IST)
PRO
കുഞ്ഞിന് ആദ്യമായി നെല്ലരി ചോറ് കൊടുക്കുന്ന ചടങ്ങാണ് ചോറൂണ് അഥവാ അന്നപ്രാശനം. അഞ്ച്, ഏഴ്, ഒമ്പത് തുടങ്ങിയ മാസങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും ആറ്, എട്ട്, പത്ത് തുടങ്ങിയ മാസങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ചോറൂണിന് ശുഭമാണ്. അതീവ പ്രാധാന്യമുള്ളതിനാല്‍ ഈ ചടങ്ങിന് മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതാണ്.

അന്നപ്രാശത്തിനുള്ള മുഹൂര്‍ത്ത രാശിയില്‍ പാപഗ്രഹം വന്നാല്‍, ദാരിദ്ര്യം, രോഗം എന്നിവയ്ക്ക് കാരണമാകാം. കുഞ്ഞിന്റെ അച്ഛനോ അമ്മാവനോ ആണ് ആദ്യം കുഞ്ഞിന് ചോറ് കൊടുക്കേണ്ടത്.

ബ്രാഹ്മണര്‍ ഇത് വൈദിക വിധി പ്രകാരം നടത്തുമ്പോള്‍ മറ്റ് വിഭാഗക്കാര്‍ പൊതുവെ ക്ഷേത്രങ്ങളില്‍ വച്ചാണ് അന്നപ്രാശനം നടത്തുന്നത്. ക്ഷേത്രത്തില്‍ ദേവനോ ദേവിക്കോ നിവേദിച്ച ചോറ് ക്ഷേത്രത്തില്‍ വച്ച് തന്നെ കുഞ്ഞിന് നല്‍കുന്നു. അതിനു ശേഷം വീട്ടില്‍ വച്ച് സദ്യ, അന്നദാനം, മധുര വിതരണം മുതലായവയും ഉണ്ടാവും.

ഭൂമിയില്‍ നിന്ന് ലഭിക്കുന്ന ധാന്യം കൊണ്ടുള്ള ആഹാരം ആദ്യമായി കുഞ്ഞിന് ലഭിക്കുന്നത് അന്നപ്രാശ മുഹൂര്‍ത്തത്തിലാണ്. ഈ മുഹൂര്‍ത്തം മുതല്‍ ഭൂമിയും കുഞ്ഞിനു മാതാവാണ്. ക്ഷേത്രത്തില്‍ വച്ചായാലും ഗൃഹത്തില്‍ വച്ചായാലും ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ അന്നപ്രാശനം നടത്തേണ്ടതുണ്ട്. എവിടെ വച്ച് എന്നതല്ല ഏത് മുഹൂര്‍ത്തത്തില്‍ എന്നതാണ് ഇവിടെ പ്രധാനം.

അന്നപ്രാശനം നടത്തുന്നത് എവിടെ വച്ചായാലും കുഞ്ഞിന്റെ ശബ്ദ മാധുര്യം, സ്വഭാവ ശുദ്ധി, ആരോഗ്യം എന്നിവയ്ക്ക് ഉതകുന്ന തരത്തില്‍ ഗ്രഹനില ഉദിച്ചു നില്‍ക്കുമ്പോഴാണ് അന്നപ്രാശനം നടത്തേണ്ടത്. ഭക്ഷണത്തിന്റെ സൂക്ഷ്മ ഭാവത്തില്‍ നിന്നുമാണ് മനോ വികാസമുണ്ടാവേണ്ടത്. അതിനാല്‍ അന്നം ന്യായമായി സമ്പാദിച്ചതും സാത്വികവും പവിത്രഭാവത്തോടുകൂടി തയ്യാറാക്കുന്നതു ആയിരിക്കണം. ഇത് ഈ പ്രത്യേക മുഹൂര്‍ത്തത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം പാലിക്കേണ്ടതാണെന്നാണ് ആചാര്യമതം.

സാത്വിക ഗുണങ്ങള്‍ ഉണ്ടാവുന്നതിനു സാത്വികാഹാരങ്ങള്‍ കഴിക്കേണ്ടതാണ്. ഭക്ഷണത്തെ ഔഷധം, പ്രസാദം, ബ്രഹ്മസ്വരൂപി എന്നീ വിധത്തില്‍ കണ്ട് പ്രസന്ന ഭാവത്തില്‍ തന്നെ കഴിക്കേണ്ടതാണ്.

PRO
അന്നപ്രാശനത്തിനു ത്യാജ്യ ഗണം വര്‍ജ്ജിക്കേണ്ടതാണെങ്കിലും ഇതിലെ വിശാഖം, മൂലം, മകം എന്നീ നാളുകള്‍ പുത്തരിയൂണിനു കൊള്ളാവുന്നതാണ്. അന്നപ്രാശത്തിനു ഇടവം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, ധനു, മകരം, കുംഭം എന്നീ എട്ട് രാശികള്‍ ശുഭമാണ്. മിഥുനം രാശി മധ്യമമായി സ്വീകരിക്കാം. ശുഭഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ മീനം രാശി കൊള്ളാമെന്നും അല്ലെങ്കില്‍ നിന്ദ്യമാണെന്നും അഭിപ്രായമുണ്ട്. അതേസമയം ശുഭയോഗദൃഷ്ട്യാദികള്‍ ഉണ്ടെങ്കിലും മേടം, വൃശ്ചികം രാശികള്‍ അന്നപ്രാശത്തിനു ശുഭമല്ല.

ശുഭഗ്രഹങ്ങളുടെ അംശകവും ദ്രേക്കാണവും ഉദയവും വാരവും മറ്റും ശുഭമാണ്. പൂര്‍ണ ചന്ദ്രന്റെ ദ്രേക്കാണാദികള്‍ മധ്യമവും പാപഗ്രഹങ്ങളുടെ അശുഭങ്ങളുമാണ്. ക്ഷീണ ചന്ദ്രന്റെ ദ്രേക്കാണാദികളും അശുഭമാണ്. അന്നപ്രാശ രാശിയുടെ പന്ത്രണ്ടാമിടത്ത് ശുഭന്മാരും ഒമ്പതാമിടത്ത് ചന്ദ്രനും ബുധനും ആറാമിടത്തു ശുക്രനും നാലാമിടത്തു വ്യാഴവും ലഗ്നത്തില്‍ ചന്ദ്രനും പത്താമിടത്ത് എല്ലാ ഗ്രഹങ്ങളും വര്‍ജ്ജിക്കേണ്ടതാണ്.

മുഹൂര്‍ത്തമില്ലെങ്കിലും യോഗം പ്രധാനമാക്കിക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യാം. പക്ഷേ വിധിച്ച നക്ഷത്രം, തിഥി, രാശി മുതലായവ പരിഗണിക്കേണ്ടതാണ്.

മുഹൂര്‍ത്തലഗ്നത്തിന്റെ പത്താമിടത്തു ശുഭാംശകത്തോടു കൂടി സല്‍‌ക്രിയയോടു കൂടി ചന്ദ്രനും കേന്ദ്രത്തിലോ ത്രികോണത്തിലോ വ്യാഴവും നില്‍ക്കുക, ആറാമിടത്തോ പതിനൊന്നാമിടത്തോ മൂന്നാമിടത്തോ പാപഗ്രഹവും കേന്ദ്രത്തില്‍ ബലവാനായ ശുഭഗ്രഹവും നില്‍ക്കുക, ആദിത്യന്‍ മൂന്നാമിടത്തും ബുധന്‍ രണ്ടാമിടത്തും വ്യാഴം മുഹൂര്‍ത്ത ലഗ്നത്തിലും ചന്ദ്രന്‍ ശുഭക്രിയയിലും നില്‍ക്കുക, ലഗ്നത്തില്‍ ശുക്രനും രണ്ടാമിടത്തു രണ്ടാമിടത്തു ബുധനും മൂന്നാമിടത്ത് ആദിത്യനും പതിനൊന്നാമിടത്ത് കുജശനികളില്‍ ഒരു ഗ്രഹവും നില്‍ക്കുക തുടങ്ങിയ നാല് യോഗങ്ങളും അന്നപ്രാശത്തിനു പ്രാധാന്യമുള്ളതാണ്. അതുപോലെതന്നെ, വ്യാഴം മുഹൂര്‍ത്ത ലഗ്നത്തിന്റെ കേന്ദ്രത്തിലും ബുധന്‍ പതിനൊന്നാമിടത്തും ആദിത്യന്‍ പന്ത്രണ്ടാമിടത്തും ശുക്രന്‍ ലഗ്നത്തിലും നില്‍ക്കുക. ശുക്രന്‍ മുഹൂര്‍ത്ത ലഗ്നത്തിന്റെ കേന്ദ്രത്തിലും വ്യാഴം ചന്ദ്രന്റെ ത്രികോണത്തിലും നില്‍ക്കുക എന്നീ രണ്ട് യോഗങ്ങള്‍ കൂടിയുണ്ട്. ഈ ആറ് യോഗങ്ങളും അന്നപ്രാശത്തിന് ഏറ്റവും ഉത്തമങ്ങളും ആയുരാരോഗ്യപുഷ്ടിപ്രദങ്ങളുമാണ്.

അന്നപ്രാശത്തിനു ഹരിവാസരം ശുഭമല്ല. കൂടാതെ, മുമ്പു സൂചിപ്പിച്ചതുപോലെ, മേടം, വൃശ്ചികം, മീനം എന്നീ രാശികള്‍, വിഷ്ദ്രേക്കാണം, മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ കുജന്‍, ലഗ്നത്തില്‍ സൂര്യനും ചന്ദ്രനും, ഒമ്പതില്‍ ബുധനും ചന്ദ്രനും, നാലില്‍ വ്യാഴം അല്ലെങ്കില്‍ പത്തില്‍ എല്ലാ ഗ്രഹങ്ങളും തുടങ്ങിയവ അന്നപ്രാശനത്തിനു വര്‍ജ്ജിക്കേണ്ടതാണ്. ഊണ്‍ നാലുകളില്‍ തന്നെ അന്നപ്രാശനം നടത്തണം.

അര്‍ദ്ധരാത്രി, ജന്മനക്ഷത്രം എന്നിവ അന്നപ്രാശത്തിനു വര്‍ജ്ജിക്കണം. ഏകാദശിയും-ഉപവാസ ദിവസം മുഴുവന്‍- അന്നപ്രാശത്തിനു വര്‍ജ്ജിക്കേണ്ടതാണ്. ശുഭവാരങ്ങള്‍ ഉത്തമമായും പാപവാരങ്ങള്‍ മധ്യമമായും അന്നപ്രാശത്തിനു സ്വീകരിക്കാവുന്നതാണ്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വെബ്ദുനിയ വായിക്കുക