ചന്ദ്രന്‍ ബലവാനായിരുന്നാല്‍ ദോഷമില്ല

ബുധന്‍, 17 മാര്‍ച്ച് 2010 (13:46 IST)
PRO
എല്ലാ ദോഷങ്ങളും ഒഴിച്ചുള്ള ശുഭമുഹൂര്‍ത്തം ലഭിക്കുവാന്‍ വളരെ പ്രയാസമാണ്. അതിനാല്‍, മുഹൂര്‍ത്ത നിര്‍ണയത്തിന് പറഞ്ഞിരിക്കുന്ന ദോഷങ്ങള്‍ക്കുള്ള അപവാദം കണക്കിലെടുത്ത് ദോഷത്തിന് ന്യൂനത വരുന്നുണ്ടോ എന്ന് നോക്കി മുഹൂര്‍ത്തത്തെ നിര്‍ണയിക്കാവുന്നതാണ്.

എല്ലാ‍ ശുഭകര്‍മ്മങ്ങള്‍ക്കും ചന്ദ്രന്‍ ബലവാനായിരുന്നാല്‍, ചതുര്‍ത്ഥിക്കും ഷഷ്ഠിക്കും 9 നാഴികയ്ക്ക് ശേഷവും നവമിക്ക് 24 നാഴികയ്ക്ക് ശേഷവും അഷ്ടമിക്ക് 14 നാഴികയ്ക്ക് ശേഷവും ദ്വാദശിക്ക് 10 നാഴികയ്ക്ക് ശേഷവും ചതുര്‍ദ്ദശിക്ക് 5 നാഴികയ്ക്ക് ശേഷവും ദോഷമില്ല.

ദേവപൂജയ്ക്കും പ്രതിഷ്ഠാദികള്‍ക്കും മന്ത്രജപത്തിനും മന്ത്രാരംഭത്തിനും ഔഷധം സേവിച്ചു തുടങ്ങുന്നതിനും വ്രതാരംഭത്തിനും വ്രതദീക്ഷയ്ക്കും വിദ്യാരംഭത്തിനും കൃഷി ആരംഭിക്കുന്നതിനും ആദിത്യനു ശുഭഗ്രഹ ദൃഷ്ടിയുണ്ടെങ്കില്‍ ഞായറാഴ്ച ഉത്തമമാണ്. എന്നാല്‍, നൂതന വസ്ത്രധാരണവും ഗൃഹാരംഭവും ഞായറാഴ്ച പാടില്ല.

വെളുത്തപക്ഷത്തില്‍ തിങ്കളാഴ്ചയും ചദ്രോദയവുമുള്ള രാശിയും ചന്ദ്രന്റെ വര്‍ഗ്ഗങ്ങളും പൊതുവെ എല്ലാ കാര്യങ്ങള്‍ക്കും ശുഭമാണ്. പക്ഷെ അസിതപക്ഷത്തില്‍ ശുഭമുഹൂര്‍ത്തങ്ങള്‍ ഉത്തമവുമല്ല. വെളുത്തപക്ഷത്തിലായാലും ചന്ദ്രോദയ രാശി സര്‍വപ്രകാരണേയും വര്‍ജ്ജ്യം തന്നെയാണ്.

പാപവാരങ്ങളില്‍ കര്‍മ്മം ചെയ്യേണ്ടതായി വന്നാല്‍ ശുഭഗ്രഹങ്ങളുടെ കാലഹോരയും ക്ഷേത്രാദി വര്‍ഗങ്ങളും നോക്കി വേണം കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. രാത്രിയില്‍ പാപവാരമെന്നോ ശുഭവാരമെന്നോ ഉള്ള വ്യത്യാസം പരിഗണിക്കേണ്ടതില്ല; രാത്രിയിലെ മുഹൂര്‍ത്തങ്ങള്‍ക്ക് എല്ലാ ആഴ്ചകളും പരിഗണിക്കാമെന്ന് അര്‍ത്ഥം.

മേടം, ചിങ്ങം, വൃശ്ചികം, മകരം, കുംഭം എന്നീ രാശികള്‍ക്ക് ശുഭഗ്രഹത്തിന്റെ യോഗമുണ്ടായാല്‍, മധ്യമമായി പരിഗണിക്കാം. പക്ഷേ, ഈ പറഞ്ഞ രാശികളില്‍ മേടവും വൃശ്ചികവും ശുഭകര്‍മ്മങ്ങള്‍ക്ക് സ്വീകാര്യവുമല്ല.

ശുക്ലപ്രതിപദം കഷ്ടവും ദ്വിതീയ മുതല്‍ ചതുര്‍ത്ഥി വരെ മധ്യമങ്ങളും പഞ്ചമി മുതല്‍ ദശമി വരെയുള്ള തിഥികള്‍ ഉത്തമങ്ങളും ഏകാദശി മുതല്‍ പൌര്‍ണമി വരെ അത്യുത്തമങ്ങളും കൃഷ്ണപക്ഷ പ്രതിപദം മുതല്‍ പഞ്ചമി വരെ ശ്രേഷ്ഠങ്ങളും ഷഷ്ഠി മുതല്‍ ദശമി വരെ മധ്യമങ്ങളും ഏകാദശി മുതല്‍ അമാവാസി വരെ നികൃഷ്ടങ്ങളുമാണ്. നിവൃത്തിയില്ലാതെ വന്നാല്‍ ചന്ദ്രനു ബലമുണ്ടെങ്കില്‍ കൃഷ്ണ ത്രയോദശിയും സ്വീകരിക്കാം.

എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും അപരാഹ്ന, സായാഹ്ന കാലങ്ങള്‍ നിന്ദ്യങ്ങള്‍ തന്നെയാണ്.

ഞായറാഴ്ച, ശുഭവാരങ്ങള്‍, സൂര്യന്‍ ഉപചയസ്ഥാനത്ത് നില്‍ക്കുന്ന രാശികള്‍ എന്നിവയ്ക്ക് ധൂമാദിദോഷങ്ങള്‍ പ്രബലങ്ങളായിരിക്കുകയില്ല.

ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വെബ്ദുനിയ വായിക്കുക