ഗര്‍ഭം മൂന്ന് മാസമാവുമ്പോള്‍ പുംസവനം

ബുധന്‍, 2 ജൂണ്‍ 2010 (14:36 IST)
PRO
ഗര്‍ഭശുശ്രൂഷാ സംബന്ധമായി അനുഷ്ഠിക്കപ്പെടുന്ന സംസ്കാര കര്‍മ്മങ്ങളില്‍ പുംസവനവും സീമന്തവും പ്രാധാന്യമര്‍ഹിക്കുന്നു. ബ്രാഹ്മണരുടെ ഷോഢശസംസ്ക്കാരങ്ങളില്‍ ഒന്നാണ് ഈ കര്‍മ്മം. ഇതിനും ശുഭമുഹൂര്‍ത്തം അനിവാര്യമാണ്. ഗര്‍ഭം മൂന്ന് മാസമാവുമ്പോഴാണ് പുംസവനം നടത്തുന്നത്.

ഗര്‍ഭാനന്തരം നടത്തുന്ന ഈ കര്‍മ്മത്തിനു ശേഷം ദമ്പതിമാര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുകയും ഗര്‍ഭം യഥാവിധി സംരക്ഷിക്കുകയും ചെയ്യുന്നു. മന്ത്രോച്ചാരത്തോടുകൂടി ഒരു യവമണിയും രണ്ട് ഉഴുന്നും തൈരും ചേര്‍ത്ത് ഗര്‍ഭിണി ഭക്ഷിക്കുന്നതാണ് പുംസവന ചടങ്ങ്.

ഗര്‍ഭസ്ഥ ശിശുവിന് സ്ത്രീപുരുഷ ലക്ഷണം തികയുന്നതിനു മുമ്പ് പുരുഷപ്രജയാക്കാനുള്ള ഔഷധപ്രയോഗവും പുംസവനക്രിയയിലുണ്ട്. ഗര്‍ഭിണിയുടെ മൂക്കില്‍ ഔഷധം ഒഴിക്കുന്നതും പുംസവനക്രിയയുടെ ഭാഗമായ ഔഷധ പ്രയോഗത്തില്‍ ഉള്‍പ്പെടുന്നു. ഇവിടെ ഗര്‍ഭം കണക്കാക്കുന്നത് ആര്‍ത്തവാനന്തരം അഞ്ചാം ദിവസം മുതല്‍ക്കാണ്. എന്നാല്‍, സേകം നടന്ന ദിവസം അറിയാമെങ്കില്‍ അന്നുമുതല്‍ക്കാണു കണക്കാക്കേണ്ടത്.

പുസംവനം നടത്തേണ്ടതിനു വ്യാഴം, ഞായര്‍, ചൊവ്വ ആഴ്ചകളാണ് ഉത്തമം. തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ അറിയാതെ പുംസവനം നടത്തിപ്പോയാല്‍ അത് വീണ്ടും നല്ല ദിവസം നോക്കി ആവര്‍ത്തിക്കണം. മറ്റു മാര്‍ഗ്ഗമൊന്നുമില്ല എങ്കില്‍ ശനിയാഴ്ചയും നടത്താം. പക്ഷേ ബുധനാഴ്ച പുംസവനം നടത്താന്‍ പാ‍ടില്ല. കൃഷ്ണപക്ഷത്തിലെയും ശുക്ലപക്ഷത്തിലെയും പൂയം നക്ഷത്രം പുംസവനത്തിന് ഉത്തമമാണ്.

എന്നാല്‍, കൌഷീതകന്മാര്‍ കൃഷ്ണപക്ഷത്തില്‍ പുംസവനം നടത്താറില്ല. ഇവര്‍ പൂയവും തിരുവോണവും നല്ല ദിവസങ്ങളായി കണക്കാക്കുന്നു. പുംസവന മുഹൂര്‍ത്തത്തിനു മിഥുനം, കന്നി, കര്‍ക്കിടകം എന്നീ രാശികള്‍ ശുഭമല്ല. മുഹൂര്‍ത്ത ലഗ്നത്തില്‍ ചന്ദ്ര ശുക്രന്‍മാരുടെ രാശി വരാനും പാടില്ല. അഷ്ടമ ശുദ്ധിയും 12 ല്‍ രവിയും പുംസവനത്തിന് ഉത്തമമാണ്. പുംസവനത്തിനുള്ള കാലം കഴിയുന്നു എന്നുവരികില്‍ എല്ലാ പക്കങ്ങളും ഇതിനായി സ്വീകരിക്കാറുണ്ട്. എന്നിരിക്കിലും, പാപഗ്രഹങ്ങളുടെ ഉദയം, വിഷഘടിക, ഉഷ്ണഘടിക, ശുക്രചന്ദ്രന്മാരുടെ ദൃഷ്ടി എന്നിവ വര്‍ജ്ജിച്ചിരിക്കേണ്ടതാണ്.

പുംസവനം മൂന്നാം മാസത്തിലാണു ചെയ്യേണ്ടതെന്ന് പറഞ്ഞുവല്ലോ. നാലും അഞ്ചും മാസങ്ങള്‍ വിഹിതങ്ങളല്ല. പക്ഷേ, ആദ്യത്തെ ഗര്‍ഭമാണെങ്കില്‍ നാലാം മാസത്തിലും നടത്താം. പക്ഷേ കേരളപക്ഷത്തില്‍ ശുക്രചന്ദ്രന്മാര്‍ നില്‍ക്കുന്ന രാശിയും ദൃഷ്ടിചെയ്യുന്ന രാശികളും അവയുടെ ആഴ്ചകളും മേല്‍പ്പറഞ്ഞ മൂന്ന് രാശികളും രാത്രിസമയവും വര്‍ജ്ജ്യം തന്നെയാണ്.

യഥാകാലം പുംസവനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ അഞ്ചാം മാസത്തില്‍ ഒരുകാരണവശാലും ചെയ്യരുത്. മറ്റു നിവൃത്തിയില്ല എങ്കില്‍ ആറാം മാസത്തിലോ ഏഴാം മാസത്തിലോ ചെയ്യാവുന്നതാണ്. കൌഷീതകന്മാര്‍ വെളുത്തപക്ഷത്തില്‍ പൂയവും തിരുവോണവും പുംസവനത്തിനു സ്വീകരിക്കുന്നു എന്ന് പറഞ്ഞല്ലോ. മറ്റുള്ളവര്‍ പൂയം നക്ഷത്രം മാത്രമേ എടുക്കാറുള്ളൂ. നിത്യദോഷ പ്രകരണത്തില്‍ സായാഹ്നം വര്‍ജ്ജ്യമാണെങ്കിലും മറ്റുനിവൃത്തിയില്ലെങ്കില്‍ പാട്ടുരാശിക്കു മുമ്പുള്ള സായാഹ്നവും സ്വീകരിക്കാറുണ്ട്.

ഈ മുഹൂര്‍ത്തത്തിനു മാസ നിര്‍ബന്ധവും വാരനക്ഷത്രങ്ങളുടെ ഐക്യവും കൌഷീതകന്മാര്‍ക്കു പക്ഷ നിര്‍ബന്ധവും ഉള്ളതുകൊണ്ട് ഷഡ്ദോഷങ്ങള്‍ ചിന്തനീയങ്ങളല്ലെങ്കിലും ദോഷങ്ങളെ കഴിവതും വര്‍ജ്ജിക്കുകയോ അല്ലെങ്കില്‍ ദോഷഹീനമായ സമയം ലഭിക്കാതെ വന്നാല്‍ അതിന് പ്രത്യേക പ്രാ‍യശ്ചിത്തങ്ങള്‍ ചെയ്യേണ്ടതാണ്. ശുഭസമയ ദൌര്‍ബല്യം മൂലം എല്ലാ പക്കങ്ങളും തുല്യമായി ഗണിച്ചുപോരുന്നുമുണ്ട്.

പുംസവനക്രിയയോടുകൂടി ഗര്‍ഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പുഷ്ടിപ്രദവും സംശുദ്ധവും സ്വാത്തികവുമായ ആഹാരപാനീയങ്ങളും ഔഷധവും കഴിക്കുന്നതിനൊപ്പം കോപതാപമോ മോഹമദമത്സരാദി വികാരമോ ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം. ഗര്‍ഭിണിക്ക് മിത വ്യായാമവും (ഗര്‍ഭിണിക്ക് ചെയ്യാവുന്ന യോഗാഭ്യാസങ്ങളാണ് ഉത്തമം) സൌമ്യാചരണവും പ്രസന്നചിത്തവും ഉണ്ടായിരിക്കണം.

ഈശ്വരഭക്തിയും സദ്ഭാവങ്ങളും ഉളവാക്കുന്ന പുരാണോതിഹാസങ്ങള്‍ വായിക്കണം. സത്സംഗങ്ങളും ധര്‍മ്മജ്ഞാന സംബന്ധമായ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ശ്രവിക്കുകയും വേണം. ഇതെല്ലാം പ്രസവം വരെ ക്രമമായും നിര്‍ബന്ധമായും നടക്കുന്നതിന് ഭര്‍ത്താവും മറ്റ് ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വെബ്ദുനിയ വായിക്കുക