പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ ക്രിമിനലുകള്‍: മുഖ്യമന്ത്രി

വ്യാഴം, 17 ജൂണ്‍ 2010 (11:47 IST)
PRO
പൊതുമുതല്‍ നശിപ്പിച്ച് സമരം നടത്തുന്നവര്‍ വിദ്യാര്‍ത്ഥികളല്ലെന്നും ക്രിമിനലുകളാണെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി സമരത്തിന്‍റെ മറവില്‍ അക്രമം നടത്തുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമുതലുകള്‍ നശിപ്പിക്കുന്നവര്‍ വിദ്യാര്‍ത്ഥികളല്ല, ക്രിമിനലുകളാണ്‌. വിദ്യാര്‍ത്ഥികളുടെ സമരം പലപ്പോഴും അക്രമാസക്തമാകുകയാണ്. പൊതുമുതല്‍ നശിപ്പിക്കുന്ന വിധത്തിലും സ്ഥാപനങ്ങളുടെ വാതിലുകളും ജനലുകളും നശിപ്പിക്കുന്നവിധത്തിലും സമക്കാര്‍ അധപ്പതിച്ചിരിക്കുകയാണ്. അക്രമം നടത്തുന്ന വിദ്യാര്‍ത്ഥി സംഘടനകളെ സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ സമരം ചെയ്യുന്നവര്‍ സമരക്കാരല്ല, ക്രിമിനലുകളാണ്‌. അക്രമം സാമൂഹിക വിരുദ്ധ സ്വഭാവമാണ്‌ പ്രകടിപ്പിക്കുന്നത്‌. സമരത്തിന്‌ പകരമല്ല അക്രമമെന്നും അക്രമമല്ല സമരമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
ബുധനാഴ്ച കോട്ടയം സി എം എസ്‌ കോളജില്‍ എസ്‌ എഫ്‌ ഐ നടത്തിയ അക്രമസമരത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ്‌ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക