അവളെ തനിച്ചാക്കി രക്ഷപ്പെടില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു- പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത്

ശനി, 29 ഡിസം‌ബര്‍ 2012 (16:55 IST)
PTI
PTI
ഡല്‍ഹിയില്‍ ബസില്‍ ആണ്‍സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ അക്രമികള്‍ പിച്ചിച്ചീന്തിയ പെണ്‍കുട്ടി 13 ദിവസം ജീവനായി പൊരുതിയ ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡിസംബര്‍ 16ന് രാത്രി പെണ്‍കുട്ടിയ്ക്കൊപ്പം യാത്ര ചെയ്ത 28കാരനായ സുഹൃത്ത് ആ നീചകൃത്യത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും. ഏഴ് പേരോട് ഒറ്റയ്ക്ക് പൊരുതി, ഒടുവില്‍ ബസില്‍ നിന്ന് പെണ്‍കുട്ടിയ്ക്കൊപ്പം പുറത്തെറിയപ്പെട്ടപ്പോള്‍ റോഡില്‍ സഹായത്തിനായി കേണു ആ യുവാവ്.

“അന്ന് നടന്ന എല്ലാ സംഭവങ്ങള്‍ക്കും ഞാന്‍ ദൃക്‌സാക്ഷിയാണ്. അവിശ്വസനീയമായ സംഭവങ്ങളാണ് അന്നുണ്ടായത്. അതിന്റെ പേരില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ ഫലം കാണുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്“, സോഫ്ട്‌വെയര്‍ എഞ്ചിനീയറായ യുവാവ് ഔട്ട്‌ലുക്ക് മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

യുവാവിനെ അധികം വൈകാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. എന്നാല്‍ മരുന്നുകള്‍ തുടരുന്നുണ്ട്. ശരീരത്തിന്റെ വേദന മാറി, പക്ഷേ മനസ്സില്‍ മുറിവുണങ്ങാന്‍ സമയമെടുക്കില്ലേയെന്ന് യുവാവ് പറയുന്നു. “പെണ്‍കുട്ടി സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ അവളെ രണ്ട് തവണ പോയി കണ്ടിരുന്നു. എന്നെ തിരിച്ചറിഞ്ഞു, സംസാരിച്ചു. അസാമാന്യ ആത്മധൈര്യമാണ് അവള്‍ പ്രകടമാക്കിയത്. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചു. പ്രതികളെ പൊലീസ് വളരെ പെട്ടെന്ന് അറസ്റ്റ് ചെയ്തതറിഞ്ഞ് അവള്‍ സന്തോഷിച്ചു. ഭാവിയെക്കുറിച്ചും അവള്‍ പ്രതീക്ഷയോടെ സംസാരിച്ചു. ‘ഞാന്‍ പൊരുതും, എനിക്ക് ജീവിക്കണം’ എന്നാണ് അവള്‍ പറഞ്ഞത്”- യുവാവ് ഓര്‍മ്മിക്കുന്നു.

അടുത്ത പേജില്‍- “അവളെ അവര്‍ക്ക് വിട്ടുകൊടുത്ത് രക്ഷപ്പെടില്ലെന്ന് ഞാന്‍ തീരുമാനിച്ചു“

“അവളെ അവര്‍ക്ക് വിട്ടുകൊടുത്ത് രക്ഷപ്പെടില്ലെന്ന് ഞാന്‍ തീരുമാനിച്ചു“

PTI
PTI
പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് എതിര്‍ത്തതിനാല്‍ യുവാവിനെ ബസില്‍ നിന്ന് പുറത്തെറിയാന്‍ അക്രമികള്‍ പല തവണ ശ്രമം നടത്തിയിരുന്നു.

“ എന്നെ ബസില്‍ നിന്ന് പുറത്തെറിയാന്‍ അക്രമികള്‍ പലവട്ടം ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ അവര്‍ക്ക് വിട്ടുകൊടുത്ത് രക്ഷപ്പെടില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാന്‍”.

മുകേഷ്, അക്ഷയ എന്നീ പ്രതികളെ യുവാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റൊരു പ്രതി തിരിച്ചറിയല്‍ പരേഡിന് വിസമ്മതിച്ചിരുന്നു. പ്രതി രാജു ആകട്ടെ തനിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ഇയാളുടെ വയസ്സ് തെളിയിക്കാന്‍ നിയമനടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണെന്നും യുവാവ് ഔട്ട്‌ലുക്കിനോട് പറഞ്ഞു.

അടുത്ത പേജില്‍- “സംഭവിച്ചതൊന്നും അവള്‍ കാരണമല്ലെന്ന് ഞാന്‍ പറഞ്ഞു“

“സംഭവിച്ചതൊന്നും അവള്‍ കാരണമല്ലെന്ന് ഞാന്‍ പറഞ്ഞു“

PTI
PTI
നമ്മള്‍ ഇതെല്ലാം അതിജീവിക്കുമെന്നും സുഖം‌പ്രാപിക്കുമെന്നും പറഞ്ഞാണ് ഞാന്‍ അവള്‍ക്ക് ധൈര്യം പകര്‍ന്നത്. എന്തൊക്കെ ഉണ്ടായാലും അവളെ തനിച്ചാക്കില്ലെന്ന നിശ്ചയദാര്‍ഢ്യം എനിക്കുണ്ടായിരുന്നു. ഇതൊന്നും സംഭവിച്ചത് അവള്‍ കാരണമല്ല, നമ്മള്‍ രണ്ട് പേരും ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു സംഭവം- അങ്ങനെ പറഞ്ഞാണ് ഞാന്‍ അവള്‍ക്ക് ധൈര്യം പകര്‍ന്നതെന്നും പറയുന്നു ആ യുവാവ്.

“ഞാനാണ് സംഭവത്തിലെ ദൃക്‌സാക്ഷി, എന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് എനിക്ക് ബോധമുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പൊലീസിന് എല്ലാ സഹായങ്ങളും ഞാന്‍ ചെയ്യും. പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കുന്നു എന്നതാണ് സുപ്രധാനം“. വധശിക്ഷ നല്‍കാന്‍ വകുപ്പുകള്‍ ഉണ്ടെങ്കിലും അത് നടപ്പാക്കുന്നത് രാഷ്ട്രീയപരമായ തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും യുവാവ് അഭിപ്രായപ്പെടുന്നു.

പ്രതിഷേധങ്ങള്‍ സ്വാഗതാര്‍ഹമാണ്. പക്ഷേ അത് അക്രമത്തിലേക്ക് നീങ്ങുന്നതും രാഷ്ട്രീയവത്കരിക്കപ്പെടുന്നതും ശരിയല്ല. പ്രതികരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണം. നമ്മള്‍ പോരാടണം, നിശബ്ദരായിരുന്നു എല്ലാം സഹിക്കുന്നത് നാം തുടരുന്നത് ശരിയല്ലെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നു.

വെബ്ദുനിയ വായിക്കുക