ശബരിനാഥിനെ കാത്തിരിക്കുന്നത് വിഛിന്നാഭിഷേകം, വിജയകുമാറിന് രാഷ്ട്രീയ വനവാസം...!

വെള്ളി, 12 ജൂണ്‍ 2015 (13:44 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ പ്രകടമാകാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനയാകുമെന്ന് പറയുന്നവരാണ് രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വരെ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ മത്സര രംഗത്തുള്ള മൂന്ന് പ്രമുഖ സ്ഥാനാര്‍ഥികള്‍ പ്രബലരാണ്. പലരുടെയും വോട്ടുബാങ്കുകള്‍ വരെ ചോര്‍ത്താന്‍ ശേഷിയുള്ളവര്‍. അതിനാല്‍ അരുവിക്കരയിലെ ഭാവി പ്രവചനം അപ്രായോഗികമാണ്. എന്നാല്‍ ജ്യോതിഷ പ്രകാരം അരുവിക്കരയില്‍ ഇടത് വലത് സ്ഥനാര്‍ഥികളുടെ ഭാവി അത്ര ശോഭനമല്ല എന്നാണ് പ്രമുഖ ജ്യോതിഷന്‍ അനില്‍ മേനോന്‍ പറയുന്നത്. ജ്യോതിഷനെ അത്ര നിസാരനായി കാണേണ്ടതില്ല്. കാരണം ഒന്നാം  കെജ്രിവാള്‍ മന്ത്രിസഭയ്ക്ക് ആറ്മാസത്തെ ആയുസ് മാത്രമെ ഉള്ളു എന്ന് പ്രവചിച്ച ആളാണ് ഇദ്ദേഹം.

സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ള, അന്തരിച്ച ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥ് ആയില്യം നക്ഷത്രമാണ്. കമ്മ്യൂണിസ്റ്റു വിശ്വാസിയായ വിജയകുമാര്‍ പുണര്‍തവും ഓ.രാജഗോപാല്‍ തിരുവോണവും. ആയില്യത്തിനു ജന്മവ്യാഴം നടക്കുന്നു. ഇതേ സാഹചര്യം വന്നപ്പോളാണ് രാമായണത്തില്‍ ശ്രീരാമന്‍ വിഛിന്നാഭിഷിക്തനായി വനവാസത്തിനു പോകാന്‍ നിര്‍ബന്ധിതനായത് എന്നാണ് ഐതിഹ്യം. തെരഞ്ഞെടുപ്പ് സമയത്ത് ആയില്യത്തിന്റെ പന്ത്രണ്ടാം രാശിയില്‍ (ദുരിത/വ്യയ സ്ഥാനം) ആണ് സൂര്യ കുജന്മാരുടെ സ്ഥിതി. അപ്പോള്‍ ശബരിക്ക് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. വിച്ഛിന്നാഭിഷേകം… കാത്തിരിക്കേണ്ടിവരും.

അതേസമയം ഇടത് സ്ഥാനാര്‍ഥി വിജയകുമാറിനും കാര്യങ്ങള്‍ ഒട്ടും തന്നെ ശുഭകരമല്ല. ജൂണ്‍ 16 മുതല്‍ കുജനും സൂര്യനും അദ്ദേഹത്തിന്റെ ജന്മരാശിയിലേക്കാണ് വരാനിരിക്കുന്നത്. നേരത്തെ തന്നെയുള്ള കര്‍മ്മത്തിലെ കേതുവും നാലിലെ രാഹുവും  ഇദ്ദേഹത്തിന്റെ അവസരങ്ങളെ തട്ടിത്തെറിപ്പിക്കുമത്രെ. എങ്കിലും ശബരിയെ അപേക്ഷിച്ചു മുന്‍തൂക്കം അപ്പോഴും ഇദ്ദേഹത്തിനു തന്നെ. എന്നാല്‍ ഇത് ക്രിത്യമായി പറയാന്‍ ജ്യോതിഷന്‍ തയ്യാറാകുന്നില്ല. ജനന സമയം അറിയാത്തതിനാല്‍ വിജയകുമാറിന്റെ നക്ഷത്രമായ പുണര്‍തം ആദ്യ മുക്കാല്‍ ആണോ മിഥുനക്കൂര്‍ അവസാന കാല്‍ ആയ കര്‍ക്കിടക രാശിയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാലാണിത്. എങ്കിലും കര്‍ക്കിടകം ആണ് രാശിയെങ്കില്‍ ശബരീനാഥ് നേരിടുന്ന അതേ സാഹചര്യമാണ് വിജയകുമാറിനും നേരിടേണ്ടി വരിക.

എന്നാല്‍ ഒ രാജഗോപാലിന് ഗ്രഹങ്ങള്‍ അനുകാലാവസ്ഥയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ഒ. രാജഗോപാലിനു കണ്ടകശനിയുടെ പാരമ്യം ആയിരുന്നു. ഇപ്പോള്‍ നഗര പുരാദികളുടെ അധിപതിയാക്കുന്ന പതിനൊന്നിലെ ശനിയാണ്. സപ്തമത്തിലെ ഉച്ചവ്യാഴം, മൂന്നിലെ കേതു, 16 മുതല്‍ പൂര്‍ണ്ണ അനുകൂലം ആകുന്ന ആറിലെ കുജ സൂര്യന്മാര്‍ എന്നിവയൊക്കെ രാജഗോപാലിനെ അപരാജിതനാക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.  എന്നാല്‍, പൂര്‍ണ്ണ ജാതകവും അറിയാതെ സമ്പൂര്‍ണ്ണ പ്രവചനം സാധ്യമല്ല തന്നെ, അനില്‍ മേനോന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക