ഗർഭിണിയായിരിക്കെ സ്ത്രീകൾ കഴിക്കുന്ന ഭക്ഷണത്തോട് അമിതമായ ആഗ്രഹം തോന്നാറുണ്ട്. ചില ആളുകൾക്ക് പൊതുവെ കഴിക്കാൻ കഴിയാറില്ലെങ്കിലും ഇടയ്ക്കൊക്കെ എന്തെങ്കിലും കഴിക്കാൻ തോന്നുന്നുവെന്ന് പറയാറുണ്ട്. ഈ നാളുകളിൽ മാങ്ങ, പുളി, മസാലദോശ, ലഡു എന്നിവയെല്ലാം കഴിക്കാൻ കൂടുതൽ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. ഇതൊക്കെ സ്വാഭാവികമായും എല്ലാ ഗർഭിണിമാർക്കും തോന്നുന്നത് തന്നെ. എന്നാൽ, ഗർഭിണിയായിരിക്കെ ചില സ്ത്രീകൾ വിചിത്രമായ ആഗ്രഹങ്ങളായിരിക്കും പറയുക.
ഗർഭിണിയായ ഭാര്യ 'എനിക്ക് മണ്ണ് കഴിക്കാൻ തോന്നുന്നു' എന്ന് പറഞ്ഞാൽ ഭർത്താവായ നിങ്ങളുടെ മറുപടി എന്തായിരിക്കും?. തമാശയ്ക്ക് പറഞ്ഞതല്ല. സംഭവം ഉള്ളതാണ്. ഒരു അഭിമുഖത്തിൽ, പ്രശസ്ത പോപ്പ് താരം ബ്രിട്നി സ്പിയേഴ്സ് ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. താൻ രണ്ടാം തവണ ഗർഭിണിയായപ്പോൾ ഭക്ഷണത്തോടൊപ്പം മണ്ണ് കഴിക്കാനുള്ള ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്ന് ഇവർ പറഞ്ഞിട്ടുണ്ട്. ഇവരെ പോലെ തന്നെ മറ്റ് സ്ത്രീകൾക്കും ഇത്തരം ആഗ്രഹം ഉണ്ടായേക്കാം. പുതുമഴപെയ്യുമ്പോൾ ഉള്ള മണ്ണിന്റെ മണം ഇഷ്ടമാണെന്നും അപ്പോഴത്തെ മണ്ണ് വാരിതിന്നാൻ തോന്നുമെന്നും പറയുന്ന യുവതികളില്ലേ? അതുപൊലൊരു വിചിത്രമായ ആസക്തിയാണ് ഇതെന്നും പറയാം.
അതുപോലെ മറ്റൊന്നാണ് പെയിന്റ്. പുതിയ പെയിന്റിന്റെ മണം അവരെ ആകർഷിക്കും. ചിലപ്പോൾ പെയിന്റ് കുടിക്കാനും തോന്നിയേക്കാം. എന്നാൽ, ഇതൊരു മോശം പ്രവണതയാണ്. മണ്ണ് പോലെയല്ല, പെയിന്റ്. പെയിന്റിൽ അടങ്ങിയിരിക്കുന്ന വിഷ രാസവസ്തുക്കളും രൂക്ഷഗന്ധവും വളരുന്ന കുഞ്ഞിനു ദോഷമായി ബാധിക്കും.