ഗർഭിണിയായ ഭാര്യയുമായി ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ആംബുലൻസിൽ യാത്ര; മൂന്ന് ദിവസം കൊണ്ട് പിന്നിട്ടത് 3061 കിലോമീറ്റര്‍ !

വ്യാഴം, 2 ഏപ്രില്‍ 2020 (10:38 IST)
ലോക്ക് ഡൗൺ പലരുടേയും ജീവിതം താറുമാറാക്കിയിരിക്കുകയാണ്. പലർക്കും പ്രിയപ്പെട്ടവരുടെ അന്ത്യയാത്രയിൽ പങ്കുചേരാൻ കഴിയാതെ വരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഗര്‍ഭിണിയായ ഭാര്യയുമൊത്ത് മലയാളിയായ യുവാവ് ഡൽഹിയിൽ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത് ആംബുലൻസിൽ. റോഡ് മാർഗമാണ് യുവാവ് ഹരിപാടുള്ള വീട്ടിലെത്തിയത്. 
 
ഡല്‍ഹിയില്‍ നിന്നും ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കടന്ന് ആന്ധ്രപ്രദേശ്, കര്‍ണാടകം, തമിഴ്‌നാട് വഴി കേരളത്തിലേക്ക് എത്തുകയായിരുന്നു ദമ്പതികള്‍. ഗര്‍ഭിണിയായ ഭാര്യ വൃന്ദയും ഭര്‍ത്താവ് വിഷ്ണുവും ആണ് 3061 കിലോ മീറ്ററുകള്‍ ആംബുലന്‍സില്‍ പിന്നിട്ടത്. 
 
മൂന്ന് ദിവസം എടുത്തായിരുന്നു ഇവരുടെ യാത്ര. ഇത്ര ദൂരം യാത്ര ചെയ്ത് വന്നതിനാൽ ഇവരെ ഹരിപ്പാടുള്ള വീട്ടിലേക്ക് വിട്ടില്ല, പകരം ആശുപത്രിയിൽ നിരീക്ഷണത്തിനു വിധേയമാക്കി. ഗര്‍ഭിണി ആയ വൃന്ദയ്ക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐ സി യു സൗകര്യം ഉള്ള ആംബുലന്‍സില്‍ ഇവര്‍ യാത്ര തിരിച്ചത്. മാര്‍ച്ച് 29 ഞായറാഴ്ച രാവിലെ ആണ് യാത്ര ആരംഭിച്ചത്. 
 
ഇരുവരും ഡല്‍ഹിയിലെ കോള്‍ സെന്റര്‍ ജീവനക്കാരാണ്. ഒരു മാസം മുന്‍പാണ് വൃന്ദ ഗര്‍ഭിണി ആണെന്നു മനസ്സിലായത്. നാട്ടിലേക്ക് പോകേണ്ട ആവശ്യം വന്നപ്പോൾ ആംബുലൻസ് മാർഗം എത്തിക്കാമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വൃന്ദയ്ക്ക് അടിയന്തര വൈദ്യസഹായം വേണമെന്ന് വിശദമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഇവര്‍ കൈയില്‍ കരുതിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍