സീരിയല്‍ നായികയുടെ ആഭരണം കണ്ട് ഭ്രമിച്ചോ? നേരെ ഓണ്‍‌ലൈനിലേക്ക് വരൂ....!

വെള്ളി, 1 ജൂലൈ 2016 (18:33 IST)
ആഭരണങ്ങളോട് അഗാധമായ പ്രണയമുള്ളവരാണ് സ്ത്രീകള്‍. കടകള്‍ കയറിയിറങ്ങി മണിക്കൂറുകള്‍ ചെലവഴിച്ച് ഇഷ്ടമുള്ള ആഭരണങ്ങള്‍ സ്വന്തമാക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എന്നാല്‍ തിരിക്കുപിടിച്ച ജീവിത സാഹചര്യവും സോഷ്യല്‍ മീഡിയയുടെ കടന്നുവരവും കൂടിയായപ്പോള്‍ കടകളില്‍ സമയം ചെലവഴിക്കാന്‍ സ്ത്രീകള്‍ക്ക് മടിയായി. കടകളില്‍ നിന്നും തങ്ങള്‍ക്ക് നഷ്ടമായ ഉപഭോക്താക്കളെ തേടിയിറങ്ങിയ കച്ചവടക്കാര്‍ അവരെ കണ്ടെത്തിയത് നവ മാധ്യമങ്ങളുടെ മുന്നിലും. 
 
കടകള്‍ കയറിയിറങ്ങിയാല്‍ പോലും ലഭിക്കാത്തത്ര ഉല്‍പന്നങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലഭിച്ചപ്പോള്‍ സ്ത്രീകളും ഹാപ്പി. പിന്നീടങ്ങോട്ട് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ആഭരണ വിപണി തഴച്ച് വളരുകയാണ്. വലിയ കമ്പനികള്‍ മുതല്‍ ആഭരണ നിര്‍മ്മാണം ഹോബിയായി കാണുന്നവര്‍ പോലും ഓണ്‍ലൈന്‍ വില്‍പനയിലൂടെ വരുമാനമുണ്ടാക്കുന്നു. 
 
ചുരുങ്ങിയ കാലം കൊണ്ട് ചെറുതും വലുതുമായി പതിനായിരക്കണക്കിന് സൈറ്റുകളാണ് ഓണ്‍ലൈന്‍ ആഭരണ വിപണി ആരംഭിച്ചത്. മഞ്ഞലോഹത്തിന് ക്രമാതീതമായി വിലകൂടിയതും അണിയുന്നത് അത്ര സുരക്ഷിതമല്ലാത്തതും, പണിക്കൂലിയിലെ വര്‍ദ്ധനവുമൊക്കെ ഇമിറ്റേഷന്‍ ഗോള്‍ഡ് വിപണിയ്ക്ക് വെള്ളവും വളവുമായി. ഫാഷന്‍ ആഭരണങ്ങളായ പോള്‍കി, കുന്ദന്‍, അമേരിക്കന്‍ ഡയമണ്ട്, ക്യുബിക് സിര്‍കോണിയ, ടെമ്പിള്‍ ഡിസൈന്‍ തുടങ്ങിയവ മുതല്‍ പേപ്പര്‍, കളിമണ്‍ ആഭരണങ്ങള്‍ക്ക് പോലും ഓണ്‍ലൈന്‍ വിപണിയില്‍ വന്‍ ഡിമാന്റാണ്. ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി വെബ്ബ്‌സൈറ്റ് പോലും ഇന്ത്യന്‍ സൈറ്റാണെന്നത് ഇന്ത്യയിലെ ഓണ്‍ലൈന്‍ ജ്വല്ലറി മാര്‍ക്കറ്റ് എത്ര വലുതാണെന്ന് വ്യക്തമാക്കും. 
 
ജ്വല്ലറി സ്‌റ്റേഷന്‍ എന്ന പേരില്‍ ഫേസ്ബുക്കിലുള്ള ഓണ്‍ലൈന്‍ ആഭരണ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയില്‍ മുപ്പതിനായിരത്തിലധികം മെമ്പര്‍മാര്‍ ഉണ്ട്. ടിവി സീരിയലുകള്‍ക്ക് വന്‍ പ്രചാരം ലഭിച്ചതോടെയാണ് ആഭരണങ്ങളോട് സ്ത്രീകള്‍ക്ക് ആഭിമുഖ്യം വര്‍ദ്ധിച്ചതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. വ്യത്യസ്തങ്ങളായ ആഭരണങ്ങള്‍ സ്വീകരണ മുറിയില്‍ ദിവസവും കാണുന്നുണ്ടെങ്കിലും കടകളില്‍ അത് ലഭ്യമാകാതിരിക്കുകയും മാളുകളില്‍ വന്‍ വിലയാണെന്നതും ഓണ്‍ലൈന്‍ വിപണിയ്ക്ക് സഹായകമായി. 

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക