നവോമി കാഡ്ബറീസ് ചോക്ലേറ്റ് ആണോ?!

ചൊവ്വ, 31 മെയ് 2011 (09:36 IST)
PRO
PRO
കാഡ്ബറീസ് കമ്പനിക്കെതിരെ കറുത്ത വര്‍ഗക്കാര്‍ ഒരു ‘മധുര പ്രതികാരം’ നടത്താന്‍ ഒരുങ്ങുകയാണ്. മോഡല്‍ നവോമി കാംബെല്‍ കാഡ്ബറീസ് ചോക്കലേറ്റ് പോലെയാണെന്ന കമ്പനിയുടെ പരസ്യമാണ് പ്രശ്നങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ‘നവോമിയെക്കാളും സുന്ദരിയായ ഒരു ചോക്കലേറ്റ് ഇനി നിങ്ങള്‍ക്ക് വാങ്ങിക്കാന്‍ കിട്ടും‘- ഇതായിരുന്നു പരസ്യവാചകം.

നവോമിക്ക് കാഡ്ബറീസിന്റെ നിറമാണെന്നും ചോക്കലേറ്റ് പോലെയാണെന്നുമൊക്കെ പറഞ്ഞാല്‍ എല്ലാ കറുത്ത വര്‍ഗക്കാരായ പെണ്ണുങ്ങളും കാഡ്ബറീസ് ചോക്കലേറ്റ് ആണെന്നല്ലേ അര്‍ത്ഥം? അതേയെന്നാണ് കറുത്തവര്‍ഗക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

ചുരുക്കത്തില്‍ കാഡ്ബറീസ് കമ്പനി വംശീയാധിക്ഷേപത്തില്‍ കുടുങ്ങി എന്ന് അര്‍ത്ഥം. കറുത്ത നിറമുള്ള സ്ത്രീകളെ മാത്രമല്ല, കറുത്ത വര്‍ഗക്കാരെ അപ്പാടെയാണ് കമ്പനി ഈ പരസ്യത്തിലൂടെ അപമാനിച്ചിരിക്കുന്നത് എന്നാണ് ആരോപണം.

“ഈ താരതമ്യപ്പെടുത്തല്‍ ഒരിക്കലും പൊറുക്കാന്‍ സാധിക്കില്ല. വേദനിപ്പിക്കുന്നതാണിത്“- നവോമി പറഞ്ഞു കഴിഞ്ഞു. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണെന്നും കറുത്തവരെ ഇങ്ങനെ അപമാനിക്കാന്‍ കാഡ്ബറീസ് കമ്പനിക്ക് നാണമില്ലേ എന്നുമാണ് നവോമിയുടെ അമ്മ ചോദിക്കുന്നത്.

ഇത് നവോമിക്ക് നേരെയുള്ള ഒറ്റപ്പെട്ട ആക്രമണമല്ല. കറുത്ത വര്‍ഗക്കാരെ മൊത്തമായി ആക്ഷേപിക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. കമ്പനി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും എന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

കാഡ്ബറീസിന്റെ മധുരം കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ചെലവാക്കണമെങ്കില്‍ കമ്പനി അല്പം പാടു പെടേണ്ടിവരും എന്ന് ചുരുക്കം.

വെബ്ദുനിയ വായിക്കുക