ഇന്ത്യയുടെ മീശയില്ലാത്ത ആണ്‍കുട്ടി

ശനി, 31 ഒക്‌ടോബര്‍ 2009 (19:57 IST)
PTI
PTI
വിദേശ മാധ്യമങ്ങളില്‍ ഇന്ദിരാഗാന്ധിയെക്കുറിച്ച് പ്രചരിച്ചിരുന്ന വിശേഷണമാണ് ‘ഇന്ത്യയുടെ മീശയില്ലാത്ത ആണ്‍കുട്ടി’ എന്നത്. അതില്‍ അവാസ്‌തവം ഒട്ടുമുണ്ടായിരുന്നില്ല. ബാക്കിയുണ്ടായിരുന്നത് മുഴുവന്‍ ചരിത്രം കണ്ട വാസ്‌തവങ്ങളും. ഇന്ത്യയുടെ ആദ്യവനിതാ പ്രധാനമന്ത്രിയായി 1966 ജനുവരി 24ന് സത്യപ്രതിജ്ഞ ഇന്ദിരാഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തതിനു ശേഷം ഇന്ത്യ കണ്ടത് ദൃഢനിശ്‌ചയവും ആത്‌മവിശ്വാസവും ധൈര്യവും വളയാത്ത നട്ടെല്ലുമുള്ള ശക്തയായ പ്രധാനമന്ത്രിയെ ആ‍യിരുന്നു.

ഇന്ദിരയ്‌ക്ക് മുമ്പോ ഇന്ദിരയ്‌ക്ക് ശേഷമോ ഇത്രയും ധീരയാ(നാ)യ ഒരു നേതാവിനെ ഇന്ത്യയുടെ ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി കഴിയുമെന്ന് തോന്നുന്നുമില്ല. കാരണം ഇന്ദിര ജനിച്ചതും വളര്‍ന്നതും രാഷ്‌ട്രീയലോകത്തിന്‍റെ മടിത്തട്ടിലായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അച്ഛന്‍റെ നാവില്‍ നിന്നും മുത്തച്‌ഛന്‍റെ നാവില്‍ നിന്നും ഇന്ത്യയുടെ പ്രിയദര്‍ശിനി കേട്ടത് മുത്തശ്ശിക്കഥകള്‍ അല്ലായിരുന്നു. പകരം, അധികാരത്തിന്‍റെ അകത്തളങ്ങളില്‍ ചൂടുപിടിച്ച ഇന്ത്യയുടെ രാഷ്‌ട്രീയ-സ്വാതന്ത്ര്യ ചര്‍ച്ചകളായിരുന്നു.

ലോകത്തിനു മുന്നില്‍ നട്ടെല്ല് വളയാതെ ഇന്ത്യ നിന്ന കാലമായിരുന്നു ഇന്ദിരയുടെ ഭരണകാലം. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും, ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നും കോണ്‍ഗ്രസുകാര്‍ ഏറ്റുപാടി. അമിത ആത്മവിശ്വാസത്തിന്‍റെ ആള്‍രൂപമായി ഇന്ദിരയെ വ്യാഖ്യാനിക്കുമ്പോഴും ഇച്ഛാശക്തിയും തന്‍റേടവും ഉണ്ടെങ്കില്‍ എങ്ങനെ ഭരണം നിര്‍വ്വഹിക്കാമെന്ന് അവര്‍ നമുക്ക് കാണിച്ചുതന്നു. അവര്‍ മാത്രമായിരുന്നു അങ്ങനെ ഭരിച്ചതും.

കോണ്‍ഗ്രസുകാര്‍ക്കിടയിലെ കേഡര്‍ മുഖമായിരുന്നു ഇന്ദിരാഗാന്ധി. അവര്‍ കൈക്കൊണ്ട സാമ്പത്തിക നയങ്ങളും ഹരിത വിപ്ലവും ഇന്ദിരയുടെ ഇടതുപക്ഷമനസ്സ് പുറത്തു കൊണ്ട് വന്നു. പഴയ നാട്ടുരാജാക്കന്മാരുടെ പ്രിവിപഴ്‌സ് നിര്‍ത്തിലാക്കിയതിലൂടെ അവര്‍ ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട പ്രിയദര്‍ശിനിയായി.

കടലാസുകളിലും വാക്കുകളിലും മാത്രമായി ഒതുങ്ങിയ ചേരിചേരാനയത്തിന് അവര്‍ പുതിയ മുഖം നല്കി. ചേരിചേരാനയത്തിന്‍റെ ശക്തയായ വക്‌താവായി ഇന്ദിര മാറി. ഇന്ദിരയ്‌ക്ക് മുമ്പോ ഇന്ദിരയ്‌ക്ക് ശേഷമോ ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാടെടുക്കാന്‍ നമുക്കൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അമേരിക്കയുടെ ഏകാധിപത്യ നിലപാടുകളോട് ഇന്ത്യയിലെ ഒരേ ‘ഒരാണ്‍കുട്ടി’ എതിര്‍ത്ത് തന്നെ നിന്നു.

1974 ല്‍ പൊഖ്‌റാനില്‍ ആണവായുധ പരീക്ഷണം നടത്തി ഇന്ത്യയെയും ഇന്ദിരയെയും അംഗീകരിക്കാന്‍ മടിച്ച അമേരിക്കന്‍ സാമ്രാജ്യത്വശക്തികളില്‍ നിന്ന് പ്രശംസയും അഭിനന്ദനവും പിടിച്ചുവാങ്ങി. എതിര്‍പ്പുകള്‍ വകവയ്ക്കാതെ അവര്‍ ബാങ്കുകളെ ദേശസാത്കരിച്ചു. ടാറ്റയും ബിര്‍ളയും അടങ്ങുന്ന വന്‍ ബിസിനസ്സുകാര്‍ കൈയടിക്കിവെച്ചിരുന്ന സ്വകാര്യ ബാങ്കുകള്‍ ഒറ്റയടിക്ക് ദേശസാല്‍ക്കരിക്കാനായിരുന്നു അവരുടെ തീരുമാനം.

അടുത്ത പേജില്‍ വായിക്കുക, ‘ഇന്ദിരയുടെ കിരാതഭരണവും ജനങ്ങളുടെ മറുപടിയും’

PRO
PRO
ഇന്ത്യയെ ശക്തയാക്കുന്നതില്‍ ഇന്ദിര നിര്‍ണായക പങ്ക് വഹിച്ചപ്പോഴും ചില പാളിച്ചകള്‍ ഇന്ദിരയ്ക്കും സംഭവിച്ചു. പക്ഷേ ആ പാളിച്ചകള്‍ക്ക് ചരിത്രം പോലും മാപ്പ് കൊടുക്കുകയുമില്ല. 1975ല്‍ അനിവാര്യമായിരുന്ന രാജിയില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ടാമതൊന്നാലോചിക്കാതെ അവര്‍ രാജ്യത്തെ അടിയന്തിരാവസ്ഥയിലേക്ക് തള്ളിവിട്ടു. 19 മാസം ഇന്ത്യ ഇന്ദിരയുടെ കീഴിലുള്ള കിരാതഭരണം അനുഭവിച്ചു. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ അതിന് മറുപടി നല്കി. ഇന്ദിരയെയും കോണ്‍ഗ്രസിനെയും അധികാരത്തിന്‍റെ അകത്തളത്തില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തി.

തുടര്‍ന്ന് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഭരണം നിലവില്‍ വന്നു. പക്ഷേ, മൊറാര്‍ജി ദേശായിയുടെ കീഴില്‍ ഇന്ത്യയില്‍ അഴിമതി വര്‍ദ്ധിച്ചു. ഇന്ദിരയെ അധികാരക്കസേരയില്‍ നിന്ന് തൂത്തെറിഞ്ഞ ഇന്ത്യന്‍ ജനത തന്നെ അവരെ തിരികെ വിളിച്ചു. ഇന്ദിര പൂര്‍വ്വാധികം ശക്തിയോടെ അധികാര കസേരയിലെത്തി. അധികാരത്തിലേറിയ ഇന്ദിര ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ സ്വന്തം മരണം തീരുമാനിക്കുകയായിരുന്നു.

അമിതമായ ആത്‌മവിശ്വാസത്തിന്‍റെ ബലത്തില്‍ അധികാരകേന്ദ്രത്തില്‍ യാത്ര ചെയ്‌ത അവരുടെ കൂടെ അംഗരക്ഷകരോടൊപ്പം മരണഭയവുമുണ്ടായിരുന്നു. സ്വന്തം അംഗരക്ഷകരാല്‍ തന്നെ താന്‍ വധിക്കപ്പെടുമെന്ന ഭയം അവരുടെ മനസ്സിനെ നിരന്തരം മഥിച്ചിരുന്നു. ഹൃദയം തുറന്ന് ഒന്ന് സംസാരിക്കാന്‍ ആരുമില്ലാതിരുന്ന അവര്‍ ഹൂഗ്ലിനദിയിലെ ഒരു കുമ്പിള്‍ വെള്ളത്തിനോട് തന്‍റെ മനസ്സിലെ ഭാരങ്ങള്‍ പങ്കുവെച്ചു. അരക്ഷിതത്വ ബോധം വിടാതെ പിന്തുടരുമ്പോഴും മരണഭയം അവര്‍ പുറത്തു കാണിച്ചില്ല. ‘എന്‍റെ രക്തത്തിന്‍റെ ഓരോ തുള്ളിയുമീ രാജ്യത്തിന്‍റെ വളര്‍ച്ചയ്‌ക്ക് വളമാകും. എന്‍റെ രക്തം രാഷ്‌ട്രത്തെ ശക്തമാക്കും’ എന്ന് പറയാന്‍ അവര്‍ ധൈര്യപ്പെട്ടു.

1917 നവംബര്‍ 19ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെയും കമല നെഹ്‌റുവിന്‍റെയും മകളായി ആനന്ദഭവനില്‍ ഇന്ദിര പ്രിയദര്‍ശിനി ജനിച്ചു. ബാല്യം തികഞ്ഞ ഏകാന്തതയിലായിരുന്നു. രാഷ്‌ട്രീയ തിരക്കുകളിലായിരുന്ന പിതാവ് ജവഹര്‍ ലാല്‍ നെഹ്‌റു വീട്ടില്‍ വരുന്നത് തന്നെ അപൂര്‍വമായിട്ടായിരുന്നു.

1936ല്‍ ക്ഷയരോഗബാധിതയായി അമ്മ മരിക്കുമ്പോള്‍ ഇന്ദിരയ്ക്ക് 18 വയസ് മാത്രമായിരുന്നു. 1938ല്‍ ഇന്ദിര കോണ്‍ഗ്രസില്‍ അംഗമായി. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പഠനകാലത്ത് പാഴ്‌സിയായ ഫിറോസ് ഗണ്ഡിയുമായി അടുപ്പത്തിലായി. ആ അടുപ്പം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തി. ഫിറോസ് ഗണ്ഡി വിവാഹം ചെയ്‌ത ഇന്ദിരാ പ്രിയദര്‍ശിനി അങ്ങനെ ഇന്ദിര ഗാന്ധിയായി മാറി.

ഫിറോസും ഇന്ദിരയും ഒരുമിച്ചാണ് 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തത്. 1944ല്‍ രാജീവ് ഗാന്ധിയും 1946ല്‍ സഞ്‌ജയ് ഗാന്ധിയും ജനിച്ചു. സഞ്ജയ് ഗാന്ധിയുടെ ജനനത്തിനു ശേഷം ഇവരുടെ ഇടയില്‍ അസ്വസ്ഥത പടരുകയും അത് വേര്‍പിരിയലില്‍ അവസാനിക്കുകയും ചെയ്‌തു. 1960 സെപ്തംബറില്‍ ഫിറോസ്ഗാന്ധി ഹൃദ്‌രോഗത്തെ തുടര്‍ന്ന് മരിച്ചു.

അടുത്ത പേജില്‍ വായിക്കുക, ‘1977ല്‍ അറസ്റ്റ് തടവിലാക്കപ്പെട്ട് 1978ല്‍ ജയില്‍ മോചിതയായ ഇന്ദിര!’

PRO
PRO
1953ല്‍ ദേശീയ സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആയി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1955ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും 1956ല്‍ സെന്‍ട്രല്‍ പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായി തെരഞ്ഞെടുക്കപ്പെട്ടു. 1956ല്‍ മഹിളാ കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ പ്രസിഡന്‍റായത് വഴി അവര്‍ സജീവരാഷ്‌ട്രീയത്തിലെത്തി. 1959ല്‍ എഐസിസി പ്രസിഡന്‍റ് ആയി.

1964ല്‍ നെഹ്‌റു മരിച്ചു. നെഹ്‌റുവിന്‍റെ മരണത്തെ തുടര്‍ന്ന് ഇന്ദിര രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്‍റില്‍ അവര്‍ അംഗമായി. പിന്നീട് ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയായി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഇന്ദിരയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.

1971ല്‍ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി വീണ്ടും പ്രധാനമന്ത്രി കസേരയിലെത്തി. 1971ല്‍ ബംഗ്ലാദേശ് മോചനത്തിനായി പാകിസ്താനുമായി നടത്തിയ യുദ്ധം അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റി. 1971ല്‍ തന്നെ ഇന്ത്യ ആദ്യമായി ബഹിരാകാശത്തേക്ക് ഉപഗ്രഹം വിക്ഷേപിച്ച ഇന്ദിര 1974ല്‍ പൊഖ്‌റാന്‍ അണുപരീക്ഷണം നടത്തി.

1975ല്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അനിവാര്യമായ രാജിയില്‍ നിന്ന് രക്ഷപ്പെടാന്‍ ജൂണ്‍ 26ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 19 മാസത്തെ അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം 1977 ല്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചു. തുടര്‍ന്നു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇന്ദിരയും കോണ്‍ഗ്രസും ദയനീയമായി പരാജയപ്പെട്ടു.

1977ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു, തടവിലായി. 1978ല്‍ ജയില്‍ മോചിതയായി. 1980ല്‍ പൊതു തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തി. 1980ല്‍ ഇളയ മകന്‍ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ മരിച്ചു

1984 ജൂണില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഇന്ദിരയുടെ ജീവിതത്തിന് വിധിയെഴുതുക ആയിരുന്നു. 1984 ഒക്‌ടോബര്‍ 31ന് സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര മരിച്ചു. ഇന്ത്യയുടെ എക്കാലത്തെയും ശക്തയായ നേതാവ് അങ്ങനെ ചരിത്രമായി.

വെബ്ദുനിയ വായിക്കുക