വടക്ക് - കിഴക്ക് ഭാഗത്തായാണോ അടുക്കളയുടെ സ്ഥാനം ? ആരോഗ്യപ്രശ്നങ്ങള്‍ വിട്ടൊഴിയില്ല !

വ്യാഴം, 3 ഓഗസ്റ്റ് 2017 (16:11 IST)
നല്ല ആരോഗ്യവും അതുപോലെ അഭിവൃദ്ധിയും നല്കുന്നതായിരിക്കും താമസിക്കുന്ന സ്ഥലത്തിന്റെ വാസ്തു. അതായത് വാസ്തു നോക്കി ഒരു വീട് പണിതാല്‍ പുരോഗതി, സമ്പത്ത്, സമാധാനം എന്നിവ ലഭിക്കുമെന്ന് ചുരുക്കം. ദീര്‍ഘകാലമായി രോഗപീഡകളും അതുപോലെയുള്ള പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍ വാസ്തുശാസ്ത്രമനുസരിച്ച് നിര്‍മ്മാണം നടത്തി ദിശയില്‍ വ്യത്യാസം വരുത്തിയാല്‍ അതില്‍ നിന്ന് മോചിതരാകുമെന്നാണ് വിശ്വാസം. 
 
ഉറങ്ങുന്ന വേളയില്‍ ശിരസ്സ് തെക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയിലായിരിക്കണം വെക്കേണ്ടതെന്നാണ് വാസ്തു പറയുന്നത്. അതുപോലെ ശക്തമായ വെളിച്ചത്തിന് കീഴില്‍ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുന്ന സമയത്ത് മുഖം കിഴക്കോട്ടോ അല്ലെങ്കില്‍ വടക്കോട്ടോ ആയിരിക്കണം. വീടില്‍ അടുക്കളയുടെ സ്ഥാനം തെക്ക്-കിഴക്ക് ദിശയിലായിരിക്കണമെന്നും വടക്ക്-കിഴക്കായുള്ള അടുക്കള സ്ത്രീകള്‍ക്ക് പലതരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും വാസ്തു പറയുന്നു. 
 
തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കണം പ്രായമായവരുടെ, അല്ലെങ്കില്‍ കുടുംബത്തിലെ പ്രധാനിയുടെ മുറിയെന്നും അവര്‍ നല്ല ആരോഗ്യത്തോടെ ജീവിക്കുന്നതിനാണിതെന്നുമാണ് ശാസ്ത്രം. കിടക്കയുടെ കീഴില്‍ ഇരുമ്പിന്റെ വസ്തുക്കള്‍ വെയ്ക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കും. മുള വീട്ടില്‍ വളര്‍ത്തുന്നത് അശുഭകരമായതിനാല്‍ അത് ഒഴിവാക്കണം. വീട്ടില്‍ തുറന്ന നിലയില്‍ കണ്ണാടികള്‍ വെക്കുന്നത് നല്ലതല്ല. എല്ലാ കണ്ണാടികളും ലാപ്ടോപ്പ്, ടീവി സ്ക്രീന്‍ ഉള്‍പ്പടെയുള്ളവ മൂടിയിടണമെന്നും വാസ്തു നിര്‍ദേശിക്കുന്നു. 
 
വീടിന്റെ വടക്ക്-കിഴക്ക് ഭാഗത്തിന് പച്ചനിറം നല്‍കുന്നത് അശുഭകരമാണ്. അടുക്കളയും ടോയ്‌ലെറ്റും അടുത്തടുത്തായി നിര്‍മ്മിക്കരുതെന്നും വാസ്തുശാസ്ത്രം പറയുന്നു. സ്റ്റെയര്‍കെയ്സിന് താഴെയുള്ള സ്ഥലം എന്തെങ്കിലുമൊക്കെ സൂക്ഷിക്കാന്‍ ഉപയോഗിക്കാം. എന്നാല്‍ അടുക്കള, ടോയ്‌ലെറ്റ് പോലുള്ളവ ഇവിടെ നിര്‍മ്മിക്കരുത്. അടുക്കള, ടോയ്‌ലെറ്റ് എന്നിവയ്ക്ക് മുകളില്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളോ മറ്റോ ഉണ്ടാവരുത്. ഭിത്തിയില്‍ നിന്ന് ചുരുങ്ങിയത് മൂന്നിഞ്ച് അകലത്തിലായിരിക്കണം ബെഡ് ഇടേണ്ടതെന്നും വാസ്തു പറയുന്നു.

വെബ്ദുനിയ വായിക്കുക