ആകാശദൂതില്‍ എഴുത്തുകാരന്‍ മാറി, റേറ്റിംഗില്‍ ഇടിവ്

ചൊവ്വ, 17 ജനുവരി 2012 (15:11 IST)
PRO
സിബി മലയില്‍ സംവിധാനം ചെയ്ത മെഗാഹിറ്റ് ചിത്രം ആകാശദൂതിന്‍റെ തുടര്‍ച്ചയായി സൂര്യ ടി വിയില്‍ ‘ആകാശദൂത്’ എന്ന പരമ്പര ആരംഭിച്ചപ്പോള്‍ സ്ത്രീ പ്രേക്ഷകര്‍ ഏറെ ആഹ്ലാദിച്ചു. അവര്‍ ഒരുപാടിഷ്ടപ്പെട്ട ഒരു സിനിമയിലെ കഥാപാത്രങ്ങളും അവരുടെ സ്നേഹസന്തോഷങ്ങളും വീണ്ടും കാണാനുള്ള അവസരമായി അതിനെ കണ്ടപ്പോള്‍ സീരിയല്‍ തുടക്കത്തില്‍ തന്നെ റേറ്റിംഗില്‍ വന്‍ കുതിപ്പ് നടത്തി.

സന്തോഷ് ഏച്ചിക്കാനമായിരുന്നു സീരിയലിന്‍റെ തിരക്കഥാകൃത്ത്. ചിപ്പിയും കെ പി എ സി ലളിതയുമൊക്കെ മുഖ്യവേഷങ്ങളിലെത്തി. എന്തായാലും സീരിയല്‍ സൂപ്പര്‍ഹിറ്റായതോടെ മറ്റ് ചാനലുകാരും സൂപ്പര്‍ഹിറ്റ് സിനിമകളുടെ തുടര്‍ച്ചയായി സീരിയല്‍ ചെയ്യുന്ന തന്ത്രത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പെട്ടെന്നാണ് ആകാശദൂതിന്‍റെ റേറ്റിംഗില്‍ ഇടിവുണ്ടായത്. മറ്റൊരു ചാനലിന്‍റെ സീരിയല്‍ ആകാശദൂതിനെ കടന്ന് മുന്നേറി. ജനപ്രീതി പെട്ടെന്നുകുറയാനുണ്ടായ കാരണം ചാനലിന്‍റെ പ്രോഗ്രാം വിഭാഗം അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. സീരിയലിന്‍റെ എഴുത്തുകാരന്‍ ഇപ്പോള്‍ സന്തോഷ് ഏച്ചിക്കാനമല്ല. അദ്ദേഹത്തിന് പകരം മറ്റ് രണ്ടുപേരാണ് ഇപ്പോള്‍ തിരക്കഥയെഴുതുന്നത്.

കഥയുടെ ഗതിമാറുകയും ഇഴയുകയും ചെയ്തതോടെയാണ് സ്ത്രീ പ്രേക്ഷകര്‍ ആകാശദൂതിനെ കൈവിട്ടത്. സന്തോഷ് ഏച്ചിക്കാനത്തിന് മറ്റൊരു സീരിയലും പുതിയ സിനിമയുമൊക്കെ കരാറായതോടെ ആകാശദൂതിന് എഴുതാനായി സമയം തികയാതെ വന്നു. തുടര്‍ന്ന് മറ്റ് ചിലരെ എഴുത്ത് ഏല്‍പ്പിക്കുകയായിരുന്നു.

എന്തായാലും ചാനല്‍ ഇപ്പോഴും ‘തിരക്കഥ - സന്തോഷ് ഏച്ചിക്കാനം’ എന്നുതന്നെയാണ് ടൈറ്റില്‍ കാര്‍ഡില്‍ കാണിക്കുന്നത്.

വെബ്ദുനിയ വായിക്കുക