ലാവണ്യയ്ക്ക് ഒരു ബിഗ് സല്യൂട്ട്, പവൻ ഭാഗ്യമുള്ളവനാണ്; ഇതല്ലേ യഥാർത്ഥ ഫെമിനിസം?!

ചിപ്പി പീലിപ്പോസ്

വെള്ളി, 7 ഫെബ്രുവരി 2020 (13:41 IST)
ബിഗ് ബോസ് ഹൌസിനുള്ളിലെ ഓരോ വ്യക്തിയേയും തുറന്നു കാണിച്ച ടാസ്ക് ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കാൾ സെന്റർ ടാസ്ക്. ഫോൺ വിളിച്ചതും മറുപടി പറഞ്ഞതുമായ ആളുകളുടെ വ്യക്തിത്വത്തും പെരുമാറ്റവും ഏറ്റവും അധികം പ്രതിഫലിക്കപ്പെട്ട ടാസ്ക് എന്ന് തന്നെ പറയാം. അതിൽ എടുത്ത് പറയേണ്ടുന്നത് പവൻ ജിനോ തോമസിനെ അലസാന്ദ്ര ഫോൺ വിളിച്ച സംഭവം ആണ്. 
 
ടാസ്കിൽ ജയിക്കാൻ വേണ്ടി നിർദാക്ഷണ്യം വായിൽ വന്നതെല്ലാം വിളിച്ച് പറയുകയായിരുന്നു. സാന്ദ്രയുടെ കണ്ണിൽ പകയായിരുന്നുവെന്ന് വ്യക്തം. പക പോക്കലായിരുന്നു അലസാന്ദ്ര ആ ടാസ്കിലൂടെ ചെയ്തത് എന്ന് പോലും തോന്നി പോയിരുന്നു. എന്നാൽ, ടാസ്കിനിടയിൽ അലസാന്ദ്രയുടെ ‘ആണത്തമില്ലാത്തവൻ, ഭാര്യയുടെ ചിലവിൽ ജീവിക്കുന്നവൻ’ എന്നീ വാക്കുകൾക്ക് പവൻ നൽകിയ മറുപടിയാണ് ശ്രദ്ധേയം. എന്നാൽ ടാസ്കിനു ശേഷം അലസാന്ദ്രയെ പവൻ അസഭ്യം പറയുന്നത് ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ല.
 
ഭാര്യയുടെ ചെലവിൽ ജീവിക്കാൻ നിനക്ക് നാണമില്ലേ എന്ന്. കൂലിപ്പണിക്ക് പൊയ്ക്കൂടേ എന്ന് അലസാന്ദ്ര പവനോട് ചോദിച്ചു. പെൺകോന്തൻ എന്നാണ് ഇതിനു സാന്ദ്ര പവനെ വിളിച്ചത്. ഹൌസിനുള്ളിൽ ഇല്ലാത്ത പവന്റെ ഭാര്യ ലാവണ്യയെ പോലും അലസാന്ദ്ര ദാക്ഷിണ്യമില്ലാതെ അപമാനിക്കുന്നുണ്ട്. എന്നാൽ, കുടുംബജീവിതത്തിൽ തനിക്ക് ഭാര്യ എന്താണെന്നും ആരാണെന്നും പവൻ വ്യക്തമായി പറയുന്നുണ്ട്. 
 
‘ഞാനെന്റെ ഭാര്യയുടെ ചിലവിലല്ലേ ജീവിക്കുന്നത്. അവളെ പോലൊരു ഭാര്യയെ കിട്ടുക എന്നത് ഭാഗ്യമാണ്. എന്റെ ജീവിതം അവൾക്കുള്ളതാണ്’. എന്ന് പലതവണ പവൻ പറഞ്ഞിട്ടുണ്ട്. ജോലി ചെയ്ത് ഭാര്യയെ സംരക്ഷിക്കുക, പെണ്ണിനെ ജോലിക്ക് വിട്ട് ജീവിക്കാൻ തനിക്ക് നാണമില്ലേ എന്ന് ചോദിക്കുമ്പോൾ അത് പുരുഷനാണ് സ്ത്രീയെ സംരക്ഷിക്കേണ്ടതെന്ന കാടൻ പൊതുചിന്തയാണ്. 
 
സ്നേഹത്തിനു പ്രാധാന്യം നൽകി ഭർത്താവിന്റെ സ്വപ്നത്തിനു നിറംപകരാൻ താങ്ങും തണലുമായി നില്ക്കുന്ന പവന്റെ ഭാര്യയൊരു മാതൃകയാണ്. ഇതല്ലേ യഥാർത്ഥ ഫെമിനിസം? പവൻ ഭാഗ്യവാനാണ്, അത്രയധികം സ്നേഹിക്കുന്ന ഒരു ഭാര്യയെ ലഭിച്ചതിൽ. ലാവണ്യയ്ക്കും അഭിമാനിക്കാം ‘ഞാൻ ജീവിക്കുന്നത് എന്റെ ഭാര്യയുടെ ചിലവിൽ തന്നെയാണ്, അവളാണ് എന്നെ സംരക്ഷിച്ചത്’ എന്ന് അഭിമാനത്തോടെ എവിടെയും വിളിച്ച് പറയാൻ ധൈര്യമുള്ള ഒരു ഭർത്താവിനെ ലഭിച്ചതിൽ. കരിയർ നോക്കുന്ന പലരും ഇങ്ങനെ ഭാര്യയോ ഭർത്താവോ കരിയറിനായി ജീവിതം ഉഴിഞ്ഞു വക്കുകയും മറ്റെയാൾ ജോലി ചെയ്യതുമാണ് ജീവിക്കുന്നത്. ഒരുപാട് ലാവണ്യമാരും പവനുമൊക്കെ ഉള്ളതുകൊണ്ടാണ് ലോകം ഇത്ര സുന്ദരമായതെന്ന് ഇത്തരം പ്രാചീന ചിന്തകൾ ഉള്ളവർ എന്നാണ് മനസിലാക്കുക?. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍