ട്വിറ്ററിലൂടെ ആധാർ നമ്പർ പരസ്യപ്പെടുത്തി; ട്രായ് ചെയര്‍മാന്റെ അക്കൗണ്ടിൽ ഹാക്കര്‍മാര്‍ ഒരു രൂപ നിക്ഷേപിച്ചു

തിങ്കള്‍, 30 ജൂലൈ 2018 (10:54 IST)
ട്വിറ്ററിലൂടെ ആധാര്‍ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ട്രായ് ചെയര്‍മാന്‍ ആർ എസ് ശര്‍മ്മയുടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ ലീക്കായിരുന്നു. ആധാർ വിവരങ്ങൾ പരസ്യമായി പോസ്‌റ്റുചെയ്യുകയും ആളുകളെ വെല്ലുവിളിക്കുകയും ചെയ്‌തുകൊണ്ടായിരുന്നു ആർ എസ് ശർമ്മയുടെ പോസ്‌റ്റ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ഇപ്പോള്‍ ട്രായ് ചെയര്‍മാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ച് അതിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഹാക്കർമാർ‍.
 
ആർ എസ് ശർമ്മയുടെ പോസ്‌റ്റിന് ചുവടെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശര്‍മ്മയുടെ മൊബൈല്‍ നമ്പർ‍, മേല്‍വിലാസം, ജനന തീയതി, പാന്‍ നമ്പർ‍, വോട്ടര്‍ ഐഡി നമ്പർ‍, ടെലികോം ഓപ്പറേറ്റർ, ഫോണ്‍ മോഡൽ‍, എയര്‍ ഇന്ത്യ ഫ്രീക്വന്റ് ഫ്‌ളയര്‍ നമ്പര്‍ എന്നിവയാണ് ലീക്കായിരിക്കുന്നത്.  ഭീം ആപ്പ്, പേടിഎം പോലുള്ള ആധാര്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുന്ന അക്കൗണ്ടുകളില്‍നിന്നും അദ്ദേഹത്തിന് ഒരു രൂപ വീതം ചില ആളുകള്‍ അയച്ച് കൊടുത്തിട്ടുമുണ്ട്.
 
അദ്ദേഹത്തിന്റെ അനുവാദമില്ലാതെ അക്കൗണ്ടുകളിലേക്ക് പണം എത്തുന്നത് പിന്നീട് ബ്ലാക്ക്‌മെയിലിങ്ങ്, കള്ളപ്പണം വെളുപ്പിക്കല്‍ പോലെയുള്ള അപകടകരമായ സാഹചര്യങ്ങളിലേക്ക് നീങ്ങിയേക്കുമെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍