‘കാവ്യയെ പ്രസവിക്കാൻ അനുവദിക്കൂ, ലേബർ റൂമിലെങ്കിലും ക്യാമറ വെയ്ക്കാതിരിക്കുക’- എം എൽ എയുടെ പോസ്റ്റ് വൈറലാകുന്നു

വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (15:39 IST)
ചെറുപ്പം മുതൽക്കേ മലയാളികൾക്ക് ഇഷ്ടമായ നടിയാണ് കാവ്യ മാധവൻ. കാവ്യ ഏറ്റവും അധികം വാർത്തകളിൽ ഇടം‌പിടിച്ചത് വിവാദങ്ങളിലൂടെയാണ്. കൂടുതലും ദിലീപുമൊത്തുള്ളവ. ദിലീപുമായുള്ള വിവാഹത്തോടെയെങ്കിലും അത് അവസാനിക്കുമെന്ന് കരുതി. എന്നാൽ, നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ കാവ്യ വീണ്ടും വിവാദത്തിലേക്ക് വന്നു. 
 
ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളാണ്. മാധ്യമങ്ങള്‍ കാവ്യയുടെ ഗര്‍ഭം വലിയ പ്രാധന്യത്തോടെ തന്നെ വാര്‍ത്തയായി നല്‍കുകയും ചെയ്തു. എന്തിനാണ് കാവ്യയുടെ ഗര്‍ഭം നാട്ടുകാര്‍ ആഘോഷിക്കുന്നത് എന്ന ചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം എംഎല്‍എയായ പ്രതിഭ. 
 
ഫേസ്ബുക്ക് പോസ്റ്റ്:
 
ഒരു സ്ത്രീ വിവാഹം കഴിക്കുന്നതുംഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവ്വസാധാരണമാണ്. ഇതിലൊക്കെ ആഘോഷിക്കാൻ നാട്ടുകാർക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? ഈ ഒരു ചോദ്യം സുഹൃത്തുക്കളോടായി പങ്കുവെക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു സ്പെഷ്യൽ നിയമസഭാ സമ്മേളനം കൂടുകയുണ്ടായി. വളരെയധികം ചർച്ചകളും നിർദ്ദേശങ്ങളും വന്നു. 
 
പക്ഷേ തൊട്ടടുത്ത ദിവസം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ദിലീപ്-മഞ്ജു ദാമ്പത്യത്തിന്റെ തകർച്ചയെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. മലയാളി സമൂഹം ആർത്തിയോടെ ആ വാർത്തകൾ വായിച്ചു. മുല്ലപ്പെരിയാർ വിസ്മൃതിയിലായി. ദിലീപ്-കാവ്യ വിവാഹം മംഗളമായി നടന്നു.മലയാളി വാർത്തകളിലൂടെ സദ്യ ഉണ്ടു,കൃതാർത്ഥരായി. പിന്നീട് ഒരു നിയമസഭാ സമ്മേളനത്തിൽ നടിയെ പീഢിപ്പിച്ച നടനെക്കുറിച്ച് ചർച്ച, ബഹളം, അറസ്റ്റ്, പിന്നിലുള്ള മാഡം, എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു. വാർത്തയിലൂടെ മലയാളികളായ നമ്മൾ ഉറക്കമൊഴിച്ചു കാത്തിരുന്നു. 
 
ഇപ്പോൾ പീഢനത്തിനിരയായി എന്നു പറഞ്ഞ നടിയും പീഢിപ്പിച്ചു എന്നു പറഞ്ഞ നടനും സന്തോഷത്തോടെ ജീവിക്കുന്നു. നല്ല കാര്യം. എല്ലാവർക്കും നന്മ വരട്ടെ. മാധ്യമങ്ങളേ, കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് നിങ്ങൾ വാർത്ത നൽകിയപ്പോൾ ഇവർ ഒരു പാട് മാനസിക സംഘർഷം അനുഭവിച്ച് കാണും (ഗർഭാവസ്ഥയിൽ ആ കുഞ്ഞും )...അവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച വാർത്ത ഞങ്ങൾ കേട്ടതും നിങ്ങൾ മാധ്യമങ്ങളിലൂടെയാണ്. 
 
സമർത്ഥരെന്ന് സ്വയം നടിച്ച് നടക്കുന്ന പല മാധ്യമ പ്രവർത്തകരും നടിയോ നടനോ അടുത്തുകൂടി പോയാൽ ഉൾക്കുളിരോടെ selfie എടുത്ത് Post ചെയ്യുമ്പോൾ ചുമ്മാതല്ല ഇവരൊക്കെ ഇത്തരം വാർത്തകളുടെ പിന്നാലെ പോകുന്നത് എന്നും ചിന്തിച്ചിട്ടുണ്ട്. വായനക്കാർ ഉണ്ട് അതാണ് ഗോസിപ്പ് വാർത്തകൾ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കൾ പറയുന്നത്‌.എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക. ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക. സുഖ പ്രസവാശംസകൾ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍