വാഷിങ്ടൺ: ചന്ദ്രോപരിതലത്തിലെ ജലസാനിധ്യവുമയി ബന്ധപ്പെട്ട നിർണായക കണ്ടെത്തൽ നടത്തി നാസയുടെ 'സോഫിയ'. സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് എന്നാണ് സോഫിയയുടെ പൂർണ പേര്. ചന്ദ്രനിൽ സൂര്യപ്രകശം പതിയ്ക്കുന്ന ഇടങ്ങളിൽ ജല സനിധ്യം കണ്ടെത്തിയതായി നാസ വ്യക്തമാക്കുന്നു. ചന്ദ്രന്റെ തെക്കൻ അർധ ഗോളത്തിലെ ഭൂമിയിൽനിന്നും ദൃശ്യമാകുന്ന വലിയ ഗർത്തങ്ങളിൽ ഒന്നായ ക്ലാവിയസിലാണ് ജലത്തിന്റെ സാനിധ്യമുള്ളതായി കണ്ടെത്തിയിരിയ്ക്കുന്നത്.
ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗത്ത് ഇതാദ്യമായാണ് ജലത്തിന്റെ സാനിധ്യം കണ്ടെത്തുന്നത്. ചന്ദ്രോപരിതലത്തിലെ മിക്കയിടങ്ങളിലും ജലസാനിധ്യം ഉണ്ടാകാം എന്നാണ് പുതിയ കണ്ടെത്തൽ സൂചിപ്പിയ്ക്കുന്നത് എന്ന് നാസ വ്യക്തമാക്കുന്നു. സോഫിയ കണ്ടെത്തിയ ഭാഗത്ത് 12 ഔൺസ് കുപ്പിവെള്ളത്തിന്റെ അത്ര ചെറിയ അളവി മാത്രമാണ് ജലം ഉള്ളത്. എന്നാൽ ചന്ദ്രോപരിതലത്തിൽ 40,000 സ്ക്വയർ കിലോമീറ്ററിൽ ഐസിന്റെ രൂപത്തിൽ ജലം ഉണ്ടാകാം. അതേസമയം അന്തരീക്ഷ വയുവില്ലാത്തതും കഠിനവുമായ ചന്ദ്രോപരിതലത്തിൽ ജലസാനിധ്യം എങ്ങനെ ഉണ്ടായി എന്നത് പുതിയ ചോദ്യം ഉയർത്തും എന്നും ഗവേഷകർ പറയുന്നു.