മഴയുടെ ശക്തി കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയും കുറഞ്ഞു. ശനിയാഴ്ച വരെ അണക്കെട്ടു തുറക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ഇന്ന് മന്ത്രി എം എം മണി ഇടുക്കി അണക്കെട്ട് സന്ദർശിക്കും. കളക്ട്രേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും നടക്കും. പരീക്ഷണ തുറക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ ഈ യോഗത്തിലായിരിക്കും തീരുമാനിക്കുക.
രാവിലെ ആറുമണിയുടെ റീഡിങ് അനുസരിച്ച് 2396.10 അടിയാണ് ജലനിരപ്പ്. ഡാമിൽ 2408.5 അടി വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും 2403 അടി കഴിഞ്ഞാൽ തുറന്നുവിടുകയാണ് പതിവ്. ജലനിരപ്പ് 2397 അടിയിലെത്തുമ്പോൾ ഷട്ടറുകളുടെ ട്രയൽ റൺ നടത്താനും, 2399 അടിയിലെത്തുമ്പോൾ അവസാനത്തെ ജാഗ്രതാനിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിക്കാനുമായിരുന്നു കെഎസ്‌ഇബിയുടെ തീരുമാനം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 2400 അടിയിലെത്തിയശേഷം റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ഉദ്യോഗസ്‌ഥർക്കു ലഭിച്ച നിർദേശം.
മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്‌പാദനം മൂന്ന് ദിവസമായി പൂർണ്ണ തോതിലാണ്. ഡാമിൽ 2408.5 അടി വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും 2403 അടി കഴിഞ്ഞാൽ തുറന്നുവിടുകയാണ് പതിവ്. ആവശ്യമെങ്കിൽ ഒരു അടി കൂടി ഉയർത്താം. ശേഷിക്കുന്ന അടി മുല്ലപ്പെരിയാറിന്റെ ഷട്ടർ തുറന്നാൽ വരുന്ന വെള്ളം ഒഴുകിയെത്തിയാൽ ശേഖരിക്കാനുള്ളതാണ്.