ഓർമയായ പൊന്നോമനയ്ക്ക് പിറന്നാൾ ആശംസിച്ച് കെ എസ് ചിത്ര

ബുധന്‍, 18 ഡിസം‌ബര്‍ 2019 (12:14 IST)
എട്ട് വർഷം മുൻപ് ജീവിതത്തിൽ നിന്നും വിട പറഞ്ഞ് പോയ പൊന്നോമനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര. തന്റെ മകൾ നന്ദനയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ചാണ് ചിത്ര പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. 
 
‘ഇന്ന് നിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ മധുരവും മനോഹരവുമായ എല്ലാ ഓർമ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. നിന്നെ ഞങ്ങൾ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വർഗത്തിൽ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു.’ - നന്ദനയുടെ പിറന്നാൾ ദിനമായ ഇന്ന് ചിത്ര തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്.
 
ഏറെനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്ര - വിജയശങ്കർ ദമ്പതികൾക്ക് നന്ദന പിറക്കുന്നത്. എന്നാൽ, ഇവരുടെ ആഹ്ലാദവും ആഘോഷവും അധികം നാൾ നീണ്ടില്ല. 2011 ഏപ്രിൽ 11ന് ദുബായിലെ വില്ലയിലെ നീന്തൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു. മലയാളികൾ ഒന്നടങ്കം കണ്ണീർവാർത്ത ദിനമായിരുന്നു അന്ന്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍