ഈ കുടുംബത്തിന്റെ സ്വപ്‌നങ്ങൾ അന്ധകാരത്തിലേക്ക്!

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (11:00 IST)
കുത്തൊഴുക്ക് വകവെക്കാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ അനിയന് നഷ്‌ടമായത് സ്വന്തം കണ്ണിന്റെ കാഴ്‌ചയാണ്. പ്രളയത്തിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്ന മുപ്പത്തിയഞ്ചോളം ജീവനുകളാണ് അനിയൻ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കമ്പ് കൊണ്ട് മുറിഞ്ഞ് വലത്തേ കണ്ണിന്റെ കാഴ്‌ചയാണ് നഷ്‌ടമായിരിക്കുന്നത്.
 
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു വീടിന്റെ ഗേറ്റിന് കുറുകേകിടന്ന തടി വലിച്ചു മാറ്റുന്നതിനിടെയാണ് വലതുകണ്ണില്‍ കൂര്‍ത്തകമ്പ് കൊണ്ടു മുറിഞ്ഞത്. ഉടന്‍തന്നെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാധാരണ മുറിവെന്ന് കരുതി കണ്ണില്‍ മരുന്നുവെച്ച് കെട്ടി വിടുകയായിരുന്നു. പിറ്റേ ദിവസമായതോടെ വേദന സഹിക്കാനാവാതെ കണ്ണ് വീര്‍ത്തു വന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞതാണെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ ഇടതുകണ്ണിന്റെ കാഴ്ചയേയും ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അനിയന്‍ പറഞ്ഞു.
 
വിദഗ്ധ ചികിത്സയ്‌ക്കായ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അനിയന്റെ വീട്ടുകാർ. ലോട്ടറി വിൽപ്പനക്കാരനായ അനിയന് വീടുൾപ്പെടുന്ന രണ്ട് സെന്റ് സ്ഥലം മാത്രമാണ് ആകെയുള്ള സമ്പാദ്യം. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് അനിയന്റേത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍