ചെങ്ങന്നൂരിൽ വീണ്ടും മഴ ശക്തമാകുന്നു, സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതം

ശനി, 18 ഓഗസ്റ്റ് 2018 (11:01 IST)
ഈ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ നേരിടാനായി സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ചെങ്ങന്നൂരിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളെ രക്ഷപെടുത്താനുള്ള ശ്രമത്തിലാണ് സൈന്യവും പൊലീസുമെല്ലാം.
 
കാലാവസ്ഥ വീണ്ടും പ്രതികൂലമാകുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇന്ന് ചെങ്ങന്നൂരിലും ചാലക്കുടിയെയും കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൊച്ചിയില്‍ കാറ്റും മ‍ഴയും കനക്കുകയാണ്. ചാലക്കുടിയിലും ചെങ്ങന്നൂരിലും അതിശക്തമായ ഒഴുക്കുളളതുകൊണ്ട് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമാവുകയാണ്.
 
പത്തനംതിട്ട ജില്ലയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 70,085 കുടുംബങ്ങളിലെ 3,14,391 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. 2094 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളിലുളള എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കുന്നുണ്ട്.
 
ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലുളളവര്‍ക്കും ഹെലികോപ്റ്ററിലും ബോട്ടിലും ഭക്ഷണ വിതരണം ഇന്ന് കാലത്തുമുതല്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍