കൊറോണ കാലമാ..., എന്നേപ്പോലെയൊക്കെയുള്ളവർ കൂട്ടംകൂടരുത്, ബ്രേക്ക് ദ് ചെയിൻ ക്യാംപെയിനിൽ കാർത്ത്യായനി അമ്മ
രാജ്യത്ത് മുഴുവൻ ഭീതി വിതയ്ക്കുന്ന കോവിഡ് 19 വ്യാപനം തടയാനുള്ള കഠിന പ്രയത്നത്തിലാണ് സർക്കാരുകളും സംഘടനകളും പൊതു ജനങ്ങളും. ഏറ്റവും കൂടുതൽ കോവിഡ് 19 പോസിറ്റീസ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം, അതിനാൽ കടുത്ത ജാഗ്രതയിലാണ് കേരളം. രോഗം തടയുന്നതിനായി ബോധവത്കരണം നൽകാൻ ബ്രേക്ക് ദ് ചെയിൻ എന്ന പേരിൽ ക്യാംപെയിൻ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്, ഇപ്പോഴിതാ ക്യാമ്പെയിനിൽ ആളുകൾക്ക് നിർദേശം നൽകിയെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം കാർത്ത്യായനി അമ്മ.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയണ് കാർത്ത്യായനി അമ്മ കോവിഡ് ചെറുക്കുന്നതിനായുള്ള നിർദേശങ്ങൾ നൽകുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'നാരിശക്തി അവാർഡ് ജേതാവായ കാർത്ത്യായനി അമ്മയ്ക്ക് അറിയുന്ന ഈ കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ? ഈ അമ്മ പറയുന്നത് കേൾക്കൂ, കോവിഡിനെ നമുക്ക് ഒരുമിച്ചു പ്രതിരോധിക്കാം'. എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘കൊറോണ കാലമാ. പുറത്തു പോയി വരുന്നവർ കയ്യും കാലും സോപ്പിട്ടു കഴുകിയേ അകത്തു കയറാവൂ. കൈ സോപ്പിട്ടുകഴുകിയേ കുഞ്ഞുങ്ങളെ എടുക്കാവൂ. എന്നെ പോലെയൊക്കെയുള്ളവർ കൂട്ടംകൂടി ഇരിക്കരുത്. വിദേശത്തുനിന്ന് വരുന്നവർ 14 ദിവസമെങ്കിലും വീട്ടിനുള്ളിൽ കഴിയണം. എല്ലാവരും, അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണം.’ കാര്‍ത്ത്യായനി അമ്മ വിഡിയയോയിൽ പറയുന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്.